image

22 Sept 2023 7:50 AM IST

Stock Market Updates

വില്‍പ്പന സമ്മര്‍ദം തുടരുന്നു, കോര്‍പ്പറേറ്റ് കടമെടുപ്പ് ഉദാരമാക്കി സെബി; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

Stock Market Today | Top 10 things to know before the market opens
X

Summary

  • ആഗോള വിപണികളില്‍ ഇടിവ് തുടരുന്നു
  • കടവിപണിയിലും സെബിയുടെ മാനദണ്ഡങ്ങളില്‍ ഭേദഗതി


തുടര്‍ച്ചയായ മൂന്നാം ദിനത്തിലും ഇടിവിന്‍റെ കണക്കുമായാണ് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. വരുന്ന സെഷനുകളിലും വില്‍പ്പന സമ്മര്‍ദം തുടരുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഇന്നലെ ബിഎസ്ഇ സെൻസെക്‌സ് 571 പോയിന്റ് ഇടിഞ്ഞ് 66,230ലും നിഫ്റ്റി 159 പോയിന്റ് താഴ്ന്ന് 19,742ലും എത്തി. ഉയര്‍ന്ന പലിശ നിരക്കുകളില്‍ നിന്ന് താഴോട്ടുവരാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന ഫെഡ് റിസര്‍വ് ധനനയ സമിതിയുടെ വിലയിരുത്തലാണ് ഇന്നലെ പ്രധാനമായും വിപണികളെ സ്വാധീനിച്ച ഘടകം.

ഇന്ത്യൻ സര്‍ക്കാര്‍ ബോണ്ടുകൾ തങ്ങളുടെ ബെഞ്ച്മാർക്ക് എമർജിംഗ്-മാർക്കറ്റ് സൂചികയിലേക്ക് ചേർക്കുമെന്ന് ജെപി മോർഗൻ ചേസ് ആൻഡ് കമ്പനി ഇന്നലെ പ്രഖ്യാപിച്ചു. ഇത് രാജ്യത്തിന്റെ ഡെറ്റ് വിപണിയിലേക്ക് ധാരാളം വിദേശ നിക്ഷേപം എത്തിക്കും എന്നതിനാല്‍ ഏറെ പ്രതീക്ഷയോടെ നിക്ഷേപകര്‍ കാത്തിരുന്ന ഒന്നാണ്. 2024 ജൂൺ 28 മുതൽ ജെപി മോർഗൻ സൂചികയിലേക്ക് ഈ സെക്യൂരിറ്റികൾ ചേർക്കും.സൂചികയിൽ പരമാവധി 10 ശതമാനം വരെ വെയ്റ്റേജാണ് ഇന്ത്യക്ക് ലഭിക്കുക.

ഉദാരമാക്കി സെബി മാനദണ്ഡങ്ങള്‍

കോർപ്പറേറ്റ് ബോണ്ടുകൾ ഇഷ്യു ചെയ്തുകൊണ്ട് വൻകിട കോർപ്പറേറ്റുകൾ മൂലധന വിപണിയിൽ നിന്ന് വായ്പയെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വിപണി നിയന്ത്രണ സ്ഥാപനമായ സെബി ലഘൂകരിച്ചിട്ടുണ്ട്. വൻകിട കോർപ്പറേറ്റുകളെ നിർവചിക്കുന്നതിനുള്ള പണ പരിധി സെബി ബോര്‍ഡ് ഉയർത്തി. ഒരു സാമ്പത്തിക വര്‍ഷത്തിലെ അധിക വായ്പ എടുക്കലിന്‍റെ 25 ശതമാനമെങ്കിലും മൂലധന വിപണികളിലൂടെ ആകണമെന്ന നിബന്ധന പാലിക്കാത്തതിന് ഏര്‍പ്പെടുത്തിയിരുന്ന പിഴയും പിന്‍വലിച്ചിട്ടുണ്ട്.

കട വിപണിയിലെ നിക്ഷേപകര്‍ക്ക് ഡെറ്റ്-ലിസ്റ്റഡ് സെക്യൂരിറ്റികൾ, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകൾ (ആർഇഐടികൾ), ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകൾ (ഇൻവിറ്റ്) എന്നിവയിൽ ക്ലെയിം ചെയ്യപ്പെടാത്ത തുകകൾ ആക്‌സസ് ചെയ്യുന്നത് എളുപ്പമാക്കുന്ന തരത്തിലുള്ള ഭേദഗതികള്‍ക്കും സെബി ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പൈവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 19,714-ലും തുടർന്ന് 19,681-ലും 19,628-ലും സപ്പോര്‍ട്ട് സ്വീകരിക്കുമെന്നാണ്. ഉയരുന്ന സാഹചര്യത്തില്‍, 19,820 പ്രധാന റെസിസ്റ്റന്‍സാണ്, തുടർന്ന് 19,853ഉം 19,906ഉം.

ആഗോള വിപണികളില്‍ ഇന്ന്

ഏഷ്യ- പസഫിക് വിപണികള്‍ ഏറെയും ഇടിവിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ബാങ്ക് ഓഫ് ജപ്പാന്‍റെ പലിശ നിരക്കു സംബന്ധിച്ച പ്രഖ്യാപനത്തിന് നിക്ഷേപകര്‍ കാത്തിരിക്കുകയാണ്. ജപ്പാന്റെ നിക്കി, ടോപ്പിക്സ് ഇടിവിലാണ്. ഓസ്‌ട്രേലിയയുടെ എസ്&പി/എഎസ്എക്സ് 200 , ദക്ഷിണ കൊറിയയുടെ കോസ്പിയും കോസ്ഡാക്കും, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ്, ചൈനയുടെ ഷാങ്ഹായ് തുടങ്ങിയ വിപണികളെല്ലാം ഇടിവിലാണ് വ്യാപാരം നടത്തുന്നത്.

വിശാലമായ വിപണികളിലെ തുടര്‍ച്ചയായ മൂന്ന് വ്യാപാര സെഷനുകളിലെ ഇടിവിന് ശേഷം വ്യാഴാഴ്ച രാത്രി വ്യാപാരത്തിൽ യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ കാര്യമായ ചലനം പ്രകടമാക്കിയില്ല. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് ഫ്യുച്ചറുകളും എസ് ആന്റ് പി 500 ഫ്യൂച്ചറുകളും നാസ്ഡാക്ക് 100 ഫ്യൂച്ചറുകളും ഫ്ലാറ്റ് ആയിരുന്നു.

എസ് ആന്റ് പി 500, ടെക്-ഹെവി നാസ്ഡാക്ക് കോമ്പോസിറ്റ് എന്നിവ ഈ ആഴ്ച ഇതുവരെ യഥാക്രമം 2.7 ശതമാനവും 3.5 ശതമാനവും ഇടിഞ്ഞു, ബ്ലൂ-ചിപ്പ് ഓഹരികള്‍ക്ക് പ്രാമുഖ്യമുള്ള ഡൗ ജോണ്‍സ് 1.6 ശതമാനം ഇടിഞ്ഞു.മാർച്ചിന് ശേഷമുള്ള ഏറ്റവും മോശം ആഴ്ചയാണ് യുഎസ് വിപണികളില്‍ കടന്നുപോകുന്നത്. യൂറോപ്യന്‍ വിപണികളും ഇന്നലെ പൊതുവില്‍ ഇടിവിലായിരുന്നു.

ഗിഫ്റ്റ് നിഫ്റ്റി നേരിയ പോസിറ്റിവ് തലത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും തുടക്കം പോസിറ്റിവ് ആകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്

ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍

ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്: ഉപകമ്പനിയായ ഗ്ലെൻമാർക്ക് ലൈഫ് സയൻസസിന്റെ (ജിഎൽഎസ്) 75 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ നിർമയുമായി കമ്പനി കരാറിൽ ഒപ്പിട്ടു. ഒരു ഓഹരിക്ക് 615 രൂപ നിരക്കിൽ 5,651.5 കോടി രൂപയ്ക്കാണ് വില്‍പ്പന. ഇടപാടിന് ശേഷം, ജിഎസ്‍എസ്-ൽ ഗ്ലെൻമാർക്ക് ഫാർമയ്ക്ക് 7.84 ശതമാനം ഓഹരിയുണ്ടാകും. ഇടപാടിന് അനുസൃതമായി, ജിഎല്‍എസ്-ന്റെ എല്ലാ പൊതു ഓഹരി ഉടമകൾക്കും നിർമ നിർബന്ധിത ഓപ്പൺ ഓഫർ നൽകും.

വേദാന്ത: സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ ഒന്നോ അതിലധികമോ ഘട്ടങ്ങളിലായി നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (എൻ‌സി‌ഡി) വഴി 2,500 കോടി രൂപ വരെ സമാഹരിക്കുന്നതിന് ഖനന കമ്പനിക്ക് ബോർഡ് അനുമതി ലഭിച്ചു.

എസ്‌ജെ‌വി‌എൻ: കമ്പനിയുടെ 2.46 ശതമാനം അഥവാ 9,66,72,961 ഓഹരികൾ ഗ്രീൻഷൂ ഓപ്ഷൻ വിനിയോഗിച്ചുകൊണ്ട് ഇന്ത്യാ ഗവൺമെന്റ് ഇന്ന് ഓഫർ-ഫോർ-സെയിലിനായി എത്തിക്കും. നേരത്തേ ഇഷ്യൂവിന് ലഭിച്ച ഓവർ‌സബ്‌സ്‌ക്രിപ്‌ഷൻ കണക്കിലെടുത്താണ് ഇത്. ഇതോടെ മൊത്തം ഓഫർ വലുപ്പം 19,33,45,923 ഇക്വിറ്റി ഓഹരികളിലേക്ക് അഥവാ പെയ്ഡ് അപ് ഇക്വിറ്റിയുടെ 4.92 ശതമാനത്തിലേക്ക് എത്തും.

സാഗിൾ പ്രീപെയ്ഡ് ഓഷ്യൻ സർവീസസ്: ബിസിനസ്സ് ചിലവുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്‌റ്റ്‌വെയറും സേവനങ്ങളും നല്‍കുന്ന കമ്പനി സെപ്‌റ്റംബർ 22-ന് ബിഎസ്‌ഇയിലും എൻഎസ്‌ഇയിലും അരങ്ങേറ്റം കുറിക്കും. ഓഹരിയൊന്നിന് 164 രൂപയാണ് ഇഷ്യൂ വില നിശ്ചയിച്ചിരിക്കുന്നത്.

ഇൻഫോസിസ്: തങ്ങളുടെ ഫിനാക്കിൾ ഡിജിറ്റൽ ബാങ്കിംഗ് സ്യൂട്ടായ എഡ്ജ്വെർവ് സിസ്റ്റത്തിന്റെ ഭാഗമായ ഇൻഫോസിസ് ഫിനാക്കിൾ, നൈജീരിയയുടെ ഗ്യാരന്റി ട്രസ്റ്റ് ബാങ്കിന് കമ്പനി ലഭ്യമാക്കും. തങ്ങളുടെ ബഹുരാഷ്ട്ര ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിനായാണ് ഗ്യാരന്റി ട്രസ്റ്റ് ബാങ്ക് ഇത് ഉപയോഗിക്കുക.

വിപ്രോ: മറ്റ് മികച്ച അവസരങ്ങള്‍ തേടുന്നതിനായി ജതിൻ പ്രവീൺചന്ദ്ര ദലാൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സ്ഥാനം രാജിവച്ചു. നവംബർ 30 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. അപർണ സി അയ്യരെ അടുത്ത ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിച്ചിട്ടുണ്ട്.

സംഹി ഹോട്ടൽസ്: ഇന്ന് ഈ കമ്പനി വിപണിയിൽ അരങ്ങേറ്റം കുറിക്കും. ഓഹരിയൊന്നിന് 126 രൂപയാണ് ഇഷ്യൂ വില നിശ്ചയിച്ചിരിക്കുന്നത്.

ക്രൂഡ് ഓയിലും സ്വര്‍ണവും

റഷ്യ പ്രഖ്യാപിച്ച ഇന്ധന കയറ്റുമതി നിരോധനത്തോടെ വ്യാഴാഴ്ചത്തെ വ്യാപാരത്തിൽ എണ്ണവില വീണ്ടും ഉയർന്നു. നാല് മുൻ സോവിയറ്റ് രാജ്യങ്ങള്‍ക്കു പുറത്തുള്ള എല്ലാ രാജ്യങ്ങളിലേക്കും ഗ്യാസോലിൻ, ഡീസൽ കയറ്റുമതി താൽക്കാലികമായി നിരോധിച്ചതായി റഷ്യന്‍ സർക്കാർ വ്യാഴാഴ്ച അറിയിച്ചു.

നവംബർ ഡെലിവറിക്കുള്ള ബ്രെന്റ് ഫ്യൂച്ചറുകൾ 14 സെൻറ് അഥവാ 0.15 ശതമാനം ഉയർന്ന് ബാരലിന് 93.67 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില 34 സെന്റ് അഥവാ 0.41 ശതമാനം ഉയർന്ന് 90.00 ഡോളറിലെത്തി.

സ്വർണം വ്യാഴാഴ്ച തുടർച്ചയായ മൂന്നാം സെഷനിലും ഇടിവ് രേഖപ്പെടുത്തി. സ്‌പോട്ട് ഗോൾഡ് 0.6 ശതമാനം ഇടിഞ്ഞ് ഔൺസിന് 1,917.65 ഡോളറിലെത്തി, യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 1.5 ശതമാനം കുറഞ്ഞ് 1,938.00 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 3,007.36 കോടി രൂപയുടെ ഓഹരികൾ ഇന്നലെ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 1,158.14 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 3075.88 കോടി രൂപയുടെ ഓഹരികളുടെ അറ്റ വില്‍പ്പന ഇന്നലെ നടത്തി. ഡെറ്റ് വിപണിയില്‍ 1140.31 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് എഫ്‍പിഐകള്‍ നടത്തിയത്.

വിപണി തുറക്കും മുമ്പുള്ള മൈഫിന്‍ ടിവിയുടെ അവലോകന പരിപാടി കാണാം

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.