image

1 March 2024 10:30 AM IST

Stock Market Updates

ശക്തമായ ജിഡിപി, ആഗോള വിപണികളിലെ മുന്നേറ്റം; ആഭ്യന്തര വിപണിക്ക് ആരംഭം കുതിപ്പോടെ

MyFin Desk

ശക്തമായ ജിഡിപി, ആഗോള വിപണികളിലെ മുന്നേറ്റം; ആഭ്യന്തര വിപണിക്ക് ആരംഭം കുതിപ്പോടെ
X

Summary

  • ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 8.4 ശതമാനം വളർച്ച കൈവരിച്ചു
  • വ്യാഴാഴ്ച യുഎസ് വിപണികൾ മികച്ച മുന്നേറ്റം നടത്തി.
  • ബ്രെൻ്റ് ക്രൂഡ് 0.07 ശതമാനം ഇടിഞ്ഞ് ബാരലിന് 83.62 ഡോളറിലെത്തി


ഉൽപ്പാദന, നിർമാണ മേഖലകളിലെ മികച്ച വളർച്ചയുടെ പിന്തുണയിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 8.4 ശതമാനം വളർച്ച കൈവരിച്ചതായി ഇന്നലെ പുറത്തു വന്ന മൂന്നാം പാദ ജിഡിപി കണക്കുകൾ സൂചിപ്പിക്കുന്നു. തുടർന്ന് ഇന്നത്തെ ആദ്യ വ്യാപാരത്തിൽ സെൻസെക്സും നിഫ്റ്റിയും കുതിച്ചുയർന്നു. കൂടാതെ, ആഗോള വിപണികളിലെ മുന്നേറ്റവും ആഭ്യന്തര വിപണിയുടെ കുതിപ്പിന് ആക്കം കൂട്ടി. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങൽ വർധിച്ചതും മുന്നേറ്റത്തിന് കാരണമായി. സെൻസെക്‌സ് 417.77 പോയിൻ്റ് ഉയർന്ന് 72,918.07 ലും നിഫ്റ്റി 142.85 പോയിൻ്റ് ഉയർന്ന് 22,125.65 ലുമാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റിയിൽ ജെഎസ്ഡബ്ല്യു സ്റ്റീൽ (3.96%), ടാറ്റ സ്റ്റീൽ (3.41%), ലാർസൻ ആൻഡ് ടൂബ്രോ (2.77%), ഭാരത് പെട്രോളിയം (2.64%), ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് (2.51%), തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. അപ്പോളോ ഹോസ്പിറ്റൽസ് (-1.22%), സിപ്ല (-0.66%), ഡോ റെഡ്ഡീസ് ലബോറട്ടറീസ് (-0.63%), ഇൻഫോസിസ് (-0.57%), സൺ ഫാർമാ (-0.29%) എന്നിവ ഇടിവിലാണ്.

സെക്ടറൽ സൂചികയിൽ ഐടി, റിയൽറ്റി, ഫാർമാ എന്നിവ ഒഴികെ ബാക്കി സൂചികകളെല്ലാം നേട്ടത്തിലാണ്.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 2023-ലെ അവസാന മൂന്ന് മാസങ്ങളിൽ പ്രതീക്ഷിച്ചതിലും മികച്ച രീതിയിലാണ് വളർന്നത്. ഈ കാലയളവിൽ 8.4 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഒന്നര വർഷത്തിനിടയിലെ ഏറ്റവും മികച്ച വളർച്ചയാണ് ഇത്.

ഒക്‌ടോബർ-ഡിസംബർ മാസങ്ങളിലെ വളർച്ചാ നിരക്ക് മുൻ മൂന്ന് വർഷങ്ങളിലെ 7.6 ശതമാനത്തേക്കാൾ കൂടുതലായിരുന്നു. ഇത് നടപ്പു സാമ്പത്തിക വർഷത്തെ (ഏപ്രിൽ 2023 മുതൽ മാർച്ച് 2024 വരെ) എസ്റ്റിമേറ്റ് 7.6 ശതമാനമായി ഉയർത്താൻ സഹായിച്ചതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) പുറത്ത വിട്ട കണക്ക് വ്യക്തമാക്കുന്നു.

ബ്രെൻ്റ് ക്രൂഡ് 0.07 ശതമാനം ഇടിഞ്ഞ് ബാരലിന് 83.62 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.10 ശതമാനം ഉയർന്ന് 2052.55 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയർന്ന് 82.85 ലെത്തി.

ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലാണ്.

വ്യാഴാഴ്ച യുഎസ് വിപണികൾ മികച്ച മുന്നേറ്റം നടത്തി. പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ യുഎസ് സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ ഉയർന്നു. ടെക് ഓഹരികളുടെ മുന്നേറ്റത്തിന്‍റെ കരുത്തില്‍ എസ് ആൻ്റ് പി 500, നാസ്ഡാക്ക് എന്നിവ റെക്കോർഡ് ഉയരത്തിലാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 2021 നു ശേഷം ആദ്യമായാണ് നാസ്ഡാക്ക് റെക്കോഡ് ഉയരത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം 3,568.11 കോടി രൂപയുടെ ഓഹരികൾ വാങ്ങിയ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച അറ്റ വാങ്ങൽ രേഖപ്പെടുത്തി.

സെൻസെക്സ് 195.42 പോയിൻ്റ് അഥവാ 0.27 ശതമാനം ഉയർന്ന് 72,500.30 ലും നിഫ്റ്റി 31.65 പോയിൻ്റ് അഥവാ 0.14 ശതമാനം ഉയർന്ന് 21,982.80 ലുമാണ് വ്യാഴാഴ്ച ക്ലോസ് ചെയ്തത്.