12 Jan 2024 3:53 PM IST
Summary
- 5 ശതമാനത്തിനു മുകളില്‍ നേട്ടവുമായി ഐടി സൂചിക
- മികച്ച നേട്ടം സ്വന്തമാക്കി ഇന്‍ഫോസിസ്
- ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നഷ്ടത്തില്‍
ടെക് ഓഹരികളിലെ കുതിപ്പിന്‍റെയും ബാങ്കിംഗ്, റിയല്‍റ്റി ഓഹരികളിലെ മികച്ച വാങ്ങലിന്‍റെയും കരുത്തില്‍ ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ പുതിയ റെക്കോഡ് ഉയരങ്ങള്‍ കുറിച്ചു. സെന്‍സെക്സ് 847.27 പോയിന്‍റ് അഥവാ 1.18 ശതമാനം നേട്ടത്തോടെ 72,568.45 എന്ന റെക്കോഡ് ക്ലോസിംഗിലും നിഫ്റ്റി 260.80 പോയിന്‍റ് അഥവാ 1.2 ശതമാനം കയറി 21,908.00 എന്ന റെക്കോഡ് ക്ലോസിംഗിലും എത്തി. ഇടവ്യാപാരത്തിനിടെ സെന്‍സെക്സ് 72,720.96 എന്ന സര്‍വകാല ഉയരവും നിഫ്റ്റി 21,928.25 എന്ന സര്‍വകാല ഉയരവും കുറിച്ചു. തുടര്‍ച്ചയായ നാലാം സെഷനിലാണ് ബെഞ്ച്മാര്‍ക്ക് സൂചികള്‍ നേട്ടത്തില്‍ അവസാനിപ്പിക്കുന്നത്.
നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.37 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 0.44 ശതമാനവും കയറി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.36 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.41 ശതമാനവും നേട്ടമുണ്ടാക്കി. പുതിയ ഓര്‍ഡറുകള്‍ ഉടന്‍തന്നെ വരുമാനം ലഭ്യമാക്കി തുടങ്ങുമെന്ന പ്രതീക്ഷയാണ് ടിസിഎസിന്‍റെയും ഇന്‍ഫോസിസിന്‍റെയും റിസള്‍ട്ടുകള്‍ക്ക് ശേഷം ഈ കമ്പനികളുടെ ഓഹരികള്‍ കുതിക്കാന്‍ ഇടയാക്കിയത്.
നേട്ടങ്ങളും കോട്ടങ്ങളും
നിഫ്റ്റിയില്‍ ഐടി സൂചികയാണ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്, 5.14 ശതമാനം. പൊതുമേഖലാ ബാങ്ക് സൂചിക 2.75 ശതമാനവും റിയല്‍റ്റി 1.80 ശതമാനവും നേട്ടമുണ്ടാക്കി. ഓയില്‍-ഗ്യാസ് സൂചിക 1.47 ശതമാനം കയറി. മീഡിയ (0.65%), ഫാര്‍മ (0.19%), ഓട്ടോമൊബൈല്‍ (0.21%), ആരോഗ്യ പരിപാലനം (0.47%) എന്നീ സൂചികകള്‍ മാത്രമാണ് ഇടിവ് പ്രകടമാക്കിയത്.
ഇന്ന് നിഫ്റ്റി 50-യില്‍ ഇന്‍ഫോസിസ് (8.08%), ഒഎന്‍ജിസി (5.74%), ടെക് മഹീന്ദ്ര (4.69%), എച്ച്സിഎല്‍ ടെക് (4.65%), ഐടിഐഎം (4.63%) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. സിപ്ല (1.20%), അപ്പോളോ ഹോസ്പിറ്റല്‍ (1.06%), ബജാജ് ഫിന്‍സെര്‍വ് (1.02%), അള്‍ട്രാടെക് സിമന്‍റ് (0.99%), പവർഗ്രിഡ് (0.95%) എന്നിവയാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ ഇന്‍ഫോസിസ് (7.84 %) , ടെക് മഹീന്ദ്ര (4.84 %), എച്ച്സില്‍ ടെക് (4.55%), വിപ്രൊ (4.03% ), ടിസിഎസ് (3.92 %) എന്നിവ മികച്ച നേട്ടം കൊയ്തു. ബജാജ് ഫിന്‍സെര്‍വ് (1.06%), പവർഗ്രിഡ് (0.97 %), അള്‍ട്രാടെക് സിമന്‍റ് (0.81%), എച്ച്ഡിഎഫ്‍സി ബാങ്ക് (0.57%), ,മാരുതി (0.46%) എന്നിവ വലിയ ഇടിവ് രേഖപ്പെടുത്തി.
ഏഷ്യന്‍ വിപണികള്‍
ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ഓസ്ട്രേലിയ എഎസ്എക്സ്, ചൈനയുടെ ഷാങ്ഹായ്, ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവ ഇടിവ് രേഖപ്പെടുത്തി. ജപ്പാന്‍റെ നിക്കി നേട്ടത്തിലായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
