image

11 Dec 2023 3:46 PM IST

Stock Market Updates

നേട്ടം കൈവിടാതെ സെന്‍സെക്സും നിഫ്റ്റിയും

MyFin Desk

Sensex and Nifty hold on to gains
X

Summary

  • ഇടവ്യാപാരത്തിനിടെ സെന്‍‌സെക്സ് 70,057.83 എന്ന സര്‍വകാല ഉയരത്തിലെത്തി
  • ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നേട്ടത്തില്‍


സെൻസെക്സും നിഫ്റ്റിയും പുതിയ വാരത്തിലും നേട്ടം നിലനിര്‍ത്തുകയാണ്. സമ്മിശ്ര ആഗോള സൂചനകൾക്കിടയിൽ തിങ്കളാഴ്ച ഇരു സൂചികകളും പുതിയ റെക്കോഡ് ക്ലോസിംഗും സര്‍വകാല ഉയരവും കുറിച്ചു. നിഫ്റ്റി-50 27.70 പോയിന്റ് അഥവാ 0.13 ശതമാനം ഉയർന്ന് 20,997.10ലും സെൻസെക്സ് 103 പോയിന്റ് അഥവാ 0.15 ശതമാനം നേട്ടത്തോടെ 69,928.53 ലും ക്ലോസ് ചെയ്തു. ഇടവ്യാപാരത്തിനിടെ സെന്‍‌സെക്സ് 70,057.83 എന്ന സര്‍വകാല ഉയരവും നിഫ്റ്റി 21,026.10 എന്ന സര്‍വകാല ഉയരവും കുറിച്ചു.

അൾട്രാടെക് സിമന്റ്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നെസ്‌ലെ ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്സ് എന്നിവ നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികളാണ്. ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസെർവ്, മാരുതി സുസുക്കി ഇന്ത്യ എന്നിവ ഇടിവില്‍ വ്യാപാരം അവസാനിപ്പിച്ചു.

യുഎസ് ഫെഡറൽ റിസർവ് പോളിസി മീറ്റിംഗിലും ഇന്ത്യയിലെയും യുഎസിലെയും പണപ്പെരുപ്പ കണക്കുകളിലുമാകും പ്രധാനമായും ഈ വാരത്തില്‍ വിപണികളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക.

"ഉയർന്ന മൂല്യനിർണ്ണയങ്ങൾക്കിടയിലും ആഗോളവും ആഭ്യന്തരവുമായ സൂചനകൾ വിപണിയിൽ നടന്നുകൊണ്ടിരിക്കുന്ന റാലിയുടെ തുടർച്ചയെ അനുകൂലിക്കുന്നു. എഫ്‌ഐഐകൾ വാങ്ങുന്നവരായി തുടരുന്നത്, ശക്തമായ ഡിഐഐ നിക്ഷേപം, അതിശക്തമായ റീട്ടെയിൽ നിക്ഷേപം, ശക്തമായ സാമ്പത്തിക അടിത്തറയുടെ പിന്തുണയുള്ള ഐപിഒ വിപണി എന്നിവയുടെ അടിസ്ഥാനത്തില്‍ ഉയർന്ന വിലയെ അവഗണിച്ച് ഹ്രസ്വകാലത്തേക്ക് റാലി നിലനില്‍ക്കും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു..

ഏഷ്യൻ വിപണികള്‍ പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓസ്ട്രേലിയയിലെ എഎസ്എക്സ്, ചൈനയുടെ ഷാങ്ഹായ്, ജപ്പാന്റെ നിക്കി എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് ഇടിഞ്ഞു.

വെള്ളിയാഴ്ച സെൻസെക്‌സ് 69,825.60 പോയിന്റിലും നിഫ്റ്റി 20,969.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.