image

24 Feb 2026 2:21 PM IST

Stock Market Updates

നിര്‍ണായകം ഈ 6 കാര്യങ്ങള്‍! വിപണിയില്‍ വെണ്ണീറായി 6 ലക്ഷം കോടി!

MyFin Desk

Red graph showing Indian stock market crash Sensex and Nifty down.
X

ഓഹരി സൂചികയായ സെൻസെക്സിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയ വൻ ഇടിവ്.

Summary

ഓഹരി വിപണിയിൽ വൻ തകർച്ച: നിക്ഷേപകർക്ക് 6 ലക്ഷം കോടി നഷ്ടം; സെൻസെക്സ് 1,300 പോയിന്റ് ഇടിഞ്ഞു - അറിയേണ്ട 6 കാരണങ്ങൾ


നിക്ഷേപകരുടെ ആറര ലക്ഷം കോടി രൂപ മിനിറ്റുകള്‍ക്കുള്ളില്‍ തുടച്ചുനീക്കപ്പെട്ടു! സെന്‍സെക്‌സ് 1300 പോയിന്റിലധികം കൂപ്പുകുത്തിയ ഈ കറുത്ത ചൊവ്വാഴ്ച ഇന്ത്യന്‍ വിപണിയെ പിടിച്ചുലച്ചത് വെറുമൊരു തിരുത്തലല്ല, മറിച്ച് ആഗോളതലത്തില്‍ രൂപപ്പെട്ട ആറ് ശക്തമായ കാരണങ്ങളാണ്. എന്താണ് ദലാല്‍ സ്ട്രീറ്റില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? നമുക്ക് പരിശോധിക്കാം. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ഐടി, ഓട്ടോ ഓഹരികള്‍ കനത്ത വില്പന സമ്മര്‍ദ്ദത്തിലായി. സെന്‍സെക്‌സ് 81,968 എന്ന നിലയിലേക്കും നിഫ്റ്റി 25,350-ന് താഴേക്കും പതിച്ചു. നിക്ഷേപകരുടെ ആസ്തിയില്‍ 6.3 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഐടി മേഖലയിലെ ക്ലോഡ് കോഡ് പ്രഹരം

ആന്ത്രാപിക്പുറത്തിറക്കിയ എഐ ടൂള്‍ ഐടി മേഖലയില്‍ ആശങ്ക വിതച്ചിരിക്കുകയാണ്. ബാങ്കിംഗ് മേഖലയിലെ പഴയ കോഡിംഗ് രീതി സിസ്റ്റങ്ങളെ എളുപ്പത്തില്‍ നവീകരിക്കാന്‍ ഈ ടൂളിന് സാധിക്കും. ഇത് ഇന്ത്യന്‍ ഐടി കമ്പനികളുടെ ബിസിനസിനെ ബാധിക്കുമെന്ന ഭയത്താല്‍ ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക് ഓഹരികള്‍ 3 ശതമാനത്തോളം ഇടിഞ്ഞു.

ട്രംപിന്റെ താരിഫ് ഭീഷണി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വ്യാപാര നയങ്ങള്‍ ആഗോള വിപണിയെ വിറപ്പിക്കുകയാണ്. സുപ്രീം കോടതി വിധിക്ക് പിന്നാലെ 15% ആഗോള താരിഫ് ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് ഇന്ത്യന്‍ കയറ്റുമതി മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന് നിക്ഷേപകര്‍ ഭയപ്പെടുന്നു.

ആഗോള വിപണികളിലെ തകര്‍ച്ച

അമേരിക്കന്‍ വിപണിയായ നാസ്ഡാക് 1.1% ഇടിഞ്ഞത് ഏഷ്യന്‍ വിപണികളെയും ബാധിച്ചു. ദക്ഷിണ കൊറിയന്‍ വിപണിയിലും കനത്ത ഇടിവ് ദൃശ്യമായി. എഐ സാങ്കേതികവിദ്യ സോഫ്റ്റ്വെയര്‍ മേഖലയെ അസ്ഥിരപ്പെടുത്തുമോ എന്ന ആശങ്കയാണ് ഇതിന് പിന്നില്‍.

വീക്കിലി എക്‌സ്പയറി

നിഫ്റ്റി 50 ഡെറിവേറ്റീവ്‌സുകളുടെ വീക്കിലി എക്‌സ്പയറി ഇന്നായതിനാല്‍ ട്രേഡര്‍മാര്‍ തങ്ങളുടെ പൊസിഷനുകള്‍ വന്‍തോതില്‍ വിറ്റൊഴിച്ചു. ഇത് വിപണിയിലെ ചാഞ്ചാട്ടം വര്‍ദ്ധിപ്പിച്ചു.

രൂപയുടെ മൂല്യത്തകര്‍ച്ച

അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 90.95 എന്ന നിലയിലേക്ക് താഴ്ന്നു. ഇത് വിദേശ നിക്ഷേപകര്‍ (എകക) വിപണിയില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കാരണമായി. ഇറക്കുമതി ചിലവ് വര്‍ദ്ധിക്കുന്നത് കമ്പനികളുടെ ലാഭവിഹിതത്തെ ബാധിക്കുമെന്നതും വിപണിയെ സമ്മര്‍ദ്ദത്തിലാക്കി.

യുഎസ് - ഇറാന്‍ സംഘര്‍ഷം

ഇറാനെതിരെ സൈനിക നടപടി പരിഗണനയിലാണെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ഭൗമരാഷ്ട്രീയ സാഹചര്യം വഷളാക്കി. പുതിയ ചര്‍ച്ചകള്‍ നടക്കാനിരിക്കെ ഉണ്ടായ ഈ ഭീഷണി ആഗോള എണ്ണവിലയെയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും ബാധിച്ചു.