image

9 April 2024 8:56 AM GMT

Stock Market Updates

റെക്കോഡുകൾ താണ്ടിയ സെൻസെക്സ് യാത്ര; 550 ൽ നിന്നും 75,000 ലേക്ക്

Ahammed Rameez Y

റെക്കോഡുകൾ താണ്ടിയ സെൻസെക്സ് യാത്ര; 550 ൽ നിന്നും 75,000 ലേക്ക്
X

Summary

  • സെൻസെക്സ് വ്യാപാരം ആരംഭിക്കുന്നത് 550 പോയിന്റുകളിൽ
  • ആദ്യത്തെ 1,000 പോയിൻ്റ് കൈവരിക്കാൻ സെൻസെക്‌സിന് എടുത്ത സമയം 970 സെഷനുകളായിരുന്നു
  • 2021 ഫെബ്രുവരി മൂന്നിന് 50,000 പോയിന്റ് എന്ന നാഴികക്കല്ലും പിന്നിട്ടു


75,000 എന്നത് കേവലം ഒരു സംഖ്യ അല്ല, സെൻസെക്സ് രചിച്ചത് പുതു ചരിത്രം. ഏപ്രിൽ 9 ന് സൂചിക ആദ്യമായി 75,000 ലെവലിലെത്തി. ഈ വർഷം മാർച്ച് 6 ന് 74,000 ത്തിലേക്ക് കടന്ന സൂചിക 24 സെഷനുകൾ കൊണ്ടാണ് 75,000 മെന്ന നാഴികക്കല്ലിലെത്തിയത്. മാത്രമല്ല സൂചിക 70,000 പോയിന്റുകൾക്ക് ശേഷം 80 സെഷനുകൾ കൊണ്ടാണ് 5000 പോയിന്റുകൾ കൂട്ടിച്ചേർത്തത്. സൂചിക 75000 ലെത്താൻ എടുത്ത സമയം ഏകദേശം നാല് മാസത്തോളം മാത്രമാണ്.

കഴിഞ്ഞ ദിവസം (ഏപ്രിൽ 8) 74,742.50 ത്തിൽ വ്യാപാരം അവസാനിപ്പിച്ച സൂചിക ഇന്നത്തെ തുടക്ക വ്യാപാരത്തിൽ 381.78 പോയിൻ്റ് വരെ ഉയർന്ന് 75,124.28 എന്ന പുതിയ ഉയരത്തിലെത്തി.

ഇന്നത്തെ വ്യാപാരത്തിൽ നിഫ്റ്റി 99 പോയിൻ്റ് ഉയർന്ന് 22,765.30 എന്ന റെക്കോർഡ് നേട്ടവും കൈവരിച്ചു. നിഫ്റ്റി മിഡ്‌ക്യാപ് 100, നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചികകൾ 0.3 ശതമാനത്തിലധികം ഉയർന്നു. റാലി ബെഞ്ച്മാർക്ക് സൂചികകളിൽ മാത്രം ഒതുങ്ങുന്നില്ല. വിവിധ മേഖലകളിലുടനീളം നേട്ടം പ്രകടമായി. നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഐടി, നിഫ്റ്റി പിഎസ്‌യു ബാങ്ക് തുടങ്ങിയ മേഖല സൂചികകളും കുതിച്ചു.

തുടർച്ചയായ വർധിച്ചു വരുന്ന വിദേശ നിക്ഷേപകരുടെ വാങ്ങലും, ശക്തമായ മാക്രോ ഡാറ്റ, ക്രൂഡ് ഓയിൽ വിലയിലെ ഇടിവ്, ആഗോള വിപണിയിലെ പ്രവണതകൾ തുടങ്ങിയ കാര്യങ്ങൾ സൂചികയെ അതിൻ്റെ ഉന്നതിയിലെത്തിച്ചു.

സെൻസെക്‌സിന്റെ യാത്ര

1986 ജനുവരിയിൽ പിറവി കൊണ്ട സെൻസെക്സ് വ്യാപാരം ആരംഭിക്കുന്നത് 550 പോയിന്റുകളിലാണ്. 2024 ൽ സൂചിക എത്തിയിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലെവലായ 75000 പോയിന്റുകളിലാണ്. 2008 ലെ സാമ്പത്തിക മാന്ദ്യം, 2020 ലെ കോവിഡ് മഹാമാരി പോലെയുള്ള പ്രതിസന്ധികൾ നേരിട്ടിട്ടും കുത്തനെ ഇടിഞ്ഞ സെൻസെക്‌സിന് അതിൻ്റെ കുതിപ്പ് നിലനിർത്താൻ കഴിഞ്ഞു.

ഏറെ ചാഞ്ചാട്ടങ്ങളും അസ്ഥിരതകളും നിറഞ്ഞ യാത്രയിൽ പല നാഴികക്കല്ലുകളും സൂചിക താണ്ടിയിട്ടുണ്ട്. 1990 ജൂലൈയിൽ ആദ്യത്തെ 1,000 പോയിൻ്റ് കൈവരിക്കാൻ സെൻസെക്‌സിന് എടുത്ത സമയം 970 സെഷനുകളായിരുന്നു. സൂചികയുടെ ആരംഭം മുതൽ 4 വർഷത്തിലേറെ. പിന്നീടുള്ള 1,000 പോയിൻ്റുകൾ 270 സെഷനുകളുടെ കാലയളവിലാണ് നേടിയത്.

1999 ഒക്ടോബറിൽ, ആരംഭിച്ച് 13 വർഷങ്ങൾക്ക് ശേഷം സെൻസെക്സ് 5,000 ലേക്ക് എത്തി. ഏഴു വർഷങ്ങൾക്ക് ശേഷം 2006 ഫെബ്രുവരിയിൽ സൂചിക ആദ്യമായി 10,000 പോയിന്റും കടന്നു. അതേ വർഷം ഒക്ടോബറിൽ 11,000, 12,000, 13,000 ലെവലുകൾ മറികടക്കാനും സൂചികയ്ക്കായി. അടുത്ത വർഷം 2007-ൽ ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ സെൻസെക്സ് സെപ്റ്റംബറിൽ 15,000 വും ഡിസംബറിൽ 20,000 വും കടന്നു. 2008 ലെ സാമ്പത്തിക പ്രതിസന്ധിയുടെ അനന്തരഫലങ്ങൾ കാരണം 3 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2010 നവംബറിലാണ് സൂചികയ്ക്ക് അടുത്ത 1,000 പോയിൻ്റുകൾ താണ്ടാനായത്. പിന്നീട് 2014 മാർച്ചിൽ 22,000 ലേക്ക് എത്താൻ ഏകദേശം 4 വർഷമാണ് സൂചിക എടുത്തത്.

ശക്തമായ കുതിപ്പിന്റെ 2014

2014 സെൻസെക്സിനെ സംബന്ധിച്ച് ശക്തമായ വർഷമായിരുന്നു. ഒന്നിലധികം നാഴികക്കല്ലുകൾ താണ്ടി നവംബറിൽ 28,000 പോയിന്റുകളും സൂചിക കൈവരിച്ചു. അടുത്ത 1,000 പോയിൻ്റുകൾ എന്ന കടമ്പ കടക്കാൻ 50 സെഷനുകളാണ് സൂചിക എടുത്തത്. 2015 ജനുവരിയിൽ സൂചിക 29000 ലെവലും ഭേദിച്ചു. പിന്നീടുള്ള 1,000 പോയിൻ്റുകൾ കടക്കാൻ സൂചിക 225 സെഷനുകൾ അതായത് 2 വർഷത്തിലധികമാണ് എടുത്തത്. 2017 ഏപ്രിലിൽ 30,000 എന്ന നിലയിലെത്തി. 2017 ഡിസംബറിൽ സെൻസെക്‌സ് വീണ്ടും ഒന്നിലധികം നാഴികക്കല്ലുകൾ താണ്ടിയ സൂചിക 34,000 കടന്നു. 2018 ജനുവരിയിൽ 35,000 ലെത്താൻ സൂചികക്ക് വേണ്ടി വന്നത് വെറും 16 സെഷനുകൾ മാത്രമായിരുന്നു.

അടുത്ത 5,000 പോയിൻ്റുകൾ കടക്കാൻ ഏകദേശം 1.5 വർഷമെടുത്തു. സൂചിക 2019 ജൂണിൽ കോവിഡിന് മുമ്പ് 40,000 ത്തിലെത്തി. മഹാമാരി മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും 2020 ഡിസംബറിൽ സെൻസെക്‌സ് 45,000 ത്തിലേക്ക് ഉയർന്നു. ആ വർഷം നവംബർ മുതൽ സൂചിക ശക്തമായ വളർച്ച പ്രകടമാക്കി.

രണ്ടു മാസം കൊണ്ട് 5000 പോയിന്റുകൾ ഉയർന്ന സെൻസെക്‌സ് 2021 ഫെബ്രുവരി മൂന്നിന് 50,000 പോയിന്റ് എന്ന നാഴികക്കല്ലും പിന്നിട്ടു. 2021 സെപ്‌റ്റംബറിൽ സെൻസെക്‌സ് 10,000 പോയിൻ്റ് കൂടി ഉയർന്ന് 60,000 ത്തിലെത്തി.

എന്നിരുന്നാലും, 60000ൽ നിന്ന് 65000 ലേക്കുള്ള സൂചികയുടെ യാത്രയ്ക്ക് വേഗത കുറഞ്ഞു. ഒന്നര വർഷത്തിനും 438 സെഷനുകൾക്കും ശേഷം 2023 ജൂലൈ 3-ന് സെൻസെക്‌സ് 65,000 വും കടന്നു. എന്നിരുന്നാലും, അതേ മാസത്തിൽ, സൂചിക 66,000 വും 67000 വും താണ്ടി.

വിരാമമില്ലാതെ ഡിസംബറിലെ യാത്ര

2023 ജൂലൈയിൽ 67,000 ലെവൽ കടന്നതിന് ശേഷം 2023 ഡിസംബർ 4-ന് സെൻസെക്‌സിന് 68,000 പോയിൻ്റ് കടക്കാൻ ഏകദേശം 93 സെഷനുകൾ അഥവാ 4.6 മാസമെടുത്തു. എന്നാൽ അടുത്ത 1,000 പോയിൻ്റ് കടക്കാൻ വേണ്ടി വന്നത് ഒരു ദിവസം മാത്രമായിരുന്നു (2023 ഡിസംബർ 5). പിന്നീട് ഡിസംബർ 14, 15, 27, തിയ്യതികളിലായി യാത്രകരമാം 70000, 71000, 72000 പോയിന്റുകളും സൂചിക താണ്ടി.

ഡിസംബറിലെ മികച്ച പ്രകടനത്തിന് ശേഷം സൂചിക വീണ്ടും പുതിയ ഉയരങ്ങൾ തൊട്ടു. 2024 ജനുവരി 15-ന് ആദ്യമായി 73,000 പോയിന്റും, 2024 മാർച്ച് 6-ന് 74,000 പോയിന്റും, ഒടുവിൽ 2024 ഏപ്രിൽ 9-ന് ചരിത്രമായ 75,000 പോയിന്റിലേക്കും സെൻസെക്സ് കുതിച്ചുയർന്നു.

ഏപ്രിലിൽ ഇതുവരെ സൂചിക 1.85 ശതമാനമാണ് ഉയർന്നത്. തുടർച്ചയായ മൂന്നാം മാസമാണ് സൂചിക നേട്ടം തുടരുന്നത്. മാർച്ചിൽ 1.6 ശതമാനവും ഫെബ്രുവരിയിൽ 1 ശതമാനവും ഉയർന്നെങ്കിലും ഈ വർഷം ജനുവരിയിൽ 0.68 ശതമാനം സൂചിക ഇടിഞ്ഞിരുന്നു. നടപ്പ് വർഷാദ്യം മുതൽ ഇതുവരെ സൂചിക 3.88 ശതമാനം നേട്ടം നൽകി. കഴിഞ്ഞ ഒരു വർഷത്തിനിടെ സൂചിക ഉയർന്നത് 25.4 ശതമാനമാണ്.