image

5 April 2024 4:33 PM IST

Stock Market Updates

പലിശ നിരക്കിൽ മാറ്റമില്ല; വിപണി വ്യാപാരവസാനം ഫ്ലാറ്റ്

MyFin Desk

പലിശ നിരക്കിൽ മാറ്റമില്ല; വിപണി വ്യാപാരവസാനം ഫ്ലാറ്റ്
X

Summary

  • മിക്ക മേഖലാ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്
  • മിഡ്, സ്മോൾ ക്യാപ്‌ ഓഹരികൾ ഉയർന്നു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഉയർന്ന് 83.30 ലെത്തി


റിസർവ് ബാങ്ക് (ആർബിഐ) തുടർച്ചയായി ഏഴാം തവണയും റിപ്പോ നിരക്കുകൾ 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തിയതോടെ ആഭ്യന്തര വിപണി വ്യാപാരം അവസാനിപ്പിച്ചത് ഫ്ലാറ്റായി. നിരക്ക് കുറയ്ക്കൽ എപ്പോൾ ആരംഭിക്കുമെന്നതിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ആർബിഐ നയം നൽകാത്തതിനാൽ സെഷനിലുടനീളം ആഭ്യന്തര വിപണി മന്ദഗതിയിലായിരുന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, വർദ്ധിച്ചുവരുന്ന ക്രൂഡ് ഓയിൽ വില, ദുർബലമായ ആഗോള സൂചനകൾ എന്നിവ വിപണിയെ വലച്ചു.

സെൻസെക്‌സ് 0.03 ശതമാനം ഉയർന്ന് 74,248.22ലും നിഫ്റ്റി 50 22,513.70ലുമാണ് ക്ലോസ് ചെയ്തത്. സെൻസെക്സിലും നിഫ്റ്റിയിലും ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിംഗ് ഹെവിവെയ്റ്റുകളുടെ ഓഹരികളിലെ നേട്ടം വിപണിക്ക് താങ്ങായി.

നിഫ്റ്റിയിൽ കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിൻസേർവ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഐടിസി എന്നിവയുടെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ഗ്രാസിം, അൾട്രാടെക് സിമൻ്റ്, ലാർസൻ ആൻഡ് ടൂബ്രോ, ഭാരതി എയർടെൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നീ ഓഹരികൾ ഇടിഞ്ഞു.

മിക്ക മേഖലാ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി റിയൽറ്റി (1.43 ശതമാനം), നിഫ്റ്റി ബാങ്ക് (0.90 ശതമാനം), പ്രൈവറ്റ് ബാങ്ക് (0.90 ശതമാനം), ഫിനാൻഷ്യൽ സർവീസസ് (0.86 ശതമാനം) എന്നിവ ഉയർന്നു. ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.50 ശതമാനം വീതം നേട്ടം നൽകി. ബിഎസ്ഇ ലാർജ്ക്യാപ് 0.15 ശതമാനം ഉയർന്നു.

സ്വർണം ട്രോയ് ഔൺസിന് 0.16 ശതമാനം ഉയർന്ന് 2312.25 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഉയർന്ന് 83.30 ലെത്തി. ബ്രെൻ്റ് ക്രൂഡ് 0.11 ശതമാനം ഉയർന്ന് ബാരലിന് 90.75 ഡോളറിലെത്തി.

ഏഷ്യൻ വിപണികളിൽ ജപ്പാനിലെ നിക്കേ 1.96 ശതമാനവും ഹോങ്കോങ്ങിൻ്റെ ഹാംഗ് സെങ് 0.01 ശതമാനവും ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പി 1.01 ശതമാനവും താഴ്ന്നു.

യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ജർമ്മനിയുടെ DAX, ലണ്ടനിലെ FTSE 100 എന്നിവ യഥാക്രമം 1.57 ശതമാനവും 0.90 ശതമാനവും ഇടഞ്ഞു. ഫ്രാൻസിൻ്റെ CAC40 1.36 ശതമാനം നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ ഇടിവോടെയാണ് ക്ലോസ് ചെയ്തത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 1,136.47 കോടി രൂപയുടെ ഓഹരികൾ വിറ്റു.

വ്യാഴാഴ്ച, സെൻസെക്സ് 350.81 പോയിൻ്റ് അഥവാ 0.47 ശതമാനം ഉയർന്ന് 74,227.63 ലും നിഫ്റ്റി 80 പോയിൻ്റ് അഥവാ 0.36 ശതമാനം ഉയർന്ന് 22,514.65 ലുമാണ് ക്ലോസ് ചെയ്തത്.