image

5 Sept 2023 7:40 AM IST

Stock Market Updates

സേവന പിഎംഐ ഇന്നറിയാം, ആഗോള വിപണികളില്‍ ഇടിവ്; നിഴലിക്കുന്നത് അനിശ്ചിതാവസ്ഥ

Sandeep P S

pre-market analysis in malayalam |  stock market analysis
X

Summary

  • പ്രമുഖ ഏഷ്യന്‍ വിപണികളെല്ലാം ഇടിവില്‍
  • വിഷ്ണു പ്രകാശ് പുംഗ്ലിയയുടെ അരങ്ങേറ്റം ഇന്ന്


ഇന്നലെ പുതിയ വാരത്തിന് വിപണികള്‍ പോസിറ്റിവായ തുടക്കം കുറിച്ചു. ബിഎസ്ഇ സെൻസെക്‌സ് 241 പോയിന്റ് ഉയർന്ന് 65,628ലും നിഫ്റ്റി50 94 പോയിന്റ് ഉയർന്ന് 19,529ലും എത്തി. തുടക്കത്തില്‍ വലിയ നേട്ടം പ്രകടമാക്കിയ വിപണികള്‍ പിന്നീട് ഇടിവിലേക്ക് വീഴുകയും ക്ലോസിംഗിന് മുമ്പായി വീണ്ടും നേട്ടത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇന്ന് പ്രധാനപ്പെട്ട ചില ഡാറ്റകള്‍ വരാനിരിക്കെ ഏഷ്യന്‍ വിപണികളില്‍ പൊതുവേ തുടക്കം നെഗറ്റിവ് ആയിട്ടാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

കഴിഞ്ഞ മാസത്തിലെ ഇന്ത്യയുടെ സേവന മേഖലയിലെ പിഎംഐ സംബന്ധിച്ച കണക്ക് ഇന്നു പുറത്തുവരും. ആദ്യ പാദത്തിലെ മികച്ച ജിഡിപി വളര്‍ച്ചയില്‍ കാര്യമായ പങ്കുവഹിച്ചത് സേവന മേഖലയാണ്. അതിനാല്‍ കാര്യമായ ഇടിവില്ലാതെ ഈ വളര്‍ച്ച മുന്നോട്ടുപോകുന്നത് നിക്ഷേപകരെ ഗുണപരമായി ബാധിക്കും.

റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ അതിന്റെ പലിശ നിരക്ക് തീരുമാനം ഇന്ന് പ്രഖ്യാപിക്കും, അതേസമയം ചൈന, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നുള്ള പിഎംഐ കണക്കുകളും ഇന്ന് പുറത്തുവരും. തായ്‌ലൻഡും ഫിലിപ്പീൻസും പണപ്പെരുപ്പ കണക്കുകൾ പുറത്തുവിടും.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പൈവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 19,459ലും തുടർന്ന് 19,433ലും 19,390ലും സപ്പോര്‍ട്ട് നേടുമെന്നാണ്. ഉയര്‍ച്ചയുടെ സാഹചര്യത്തില്‍ 19,545 പ്രധാന റെസിസ്റ്റന്‍സ് ആകും, തുടർന്ന് 19,572, 19,615.

ഏഷ്യന്‍ വിപണികള്‍ ഇടിവില്‍

ഏഷ്യന്‍ വിപണികള്‍ പൊതുവേ ഇന്ന് ഇടിവിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ, ഷാങ്ഹായ്, ഹോംഗ്കോംഗ്, ടോക്കിയോ, തായ്വാന്‍ വിപണികള്‍ ഇടിവിലാണ്.

തൊഴിലാളി ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച യുഎസ് ഓഹരി വിപണികള്‍ക്ക് അവധിയായിരുന്നു. ഏഷ്യയിലെ വ്യാപാരത്തിൽ യുഎസ് ഇക്വിറ്റി ഫ്യൂച്ചറുകൾ ഇടിവിലേക്ക് നീങ്ങി. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജും എസ് ആന്റ് പി 500 ഫ്യൂച്ചറുകളും ഫ്ലാറ്റ് ലൈനിന് താഴെയും നാസ്ഡാക്ക് കോമ്പോസിറ്റ് അൽപ്പം മുകളിലുമായിരുന്നു.

ഗിഫ്റ്റ് നിഫ്റ്റി ഇന്ന് ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര ഓഹരി വിപണി സൂചികകളുടെ തുടക്കം നെഗറ്റിവ് ആകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.

ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍

വിഷ്ണു പ്രകാശ് ആർ പുംഗ്ലിയ: പശ്ചാത്തല സൗകര്യ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഓഹരികള്‍ ഇന്ന് വിപണികളില്‍ അരങ്ങേറ്റം കുറിക്കും. അവസാന ഇഷ്യൂ വില ഒരു ഷെയറിന് 99 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

ഹീറോ മോട്ടോ കോര്‍പ്പ്: ഇ വി സ്‍റ്റാര്‍ട്ടപ്പ് ഏഥര്‍ എനര്‍ജിയില്‍ 550 കോടി രൂപ വരെ നിക്ഷേപം നടത്തുന്നതിന് ഹീറോ മോട്ടോ കോര്‍പ്പിന്‍റെ ബോര്‍ഡ് അനുമതി നല്‍കി. റൈറ്റ്സ് ഇഷ്യൂ വഴിയായിരിക്കും നിക്ഷേപം നടത്തുക.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ്: ഓഗസ്റ്റിലെ വായ്പാ വിതരണത്തിൽ 15 ശതമാനം വളർച്ച നേടി. നടപ്പു സാമ്പത്തിക വര്‍ഷം ഓഗസ്റ്റ് വരെയുള്ള വായ്പാ വിതരണം മുൻ വർഷത്തെ അപേക്ഷിച്ച് 22 ശതമാനം ഉയർന്നു.

ടാറ്റ പവർ: ഉപകമ്പനിയായ ടാറ്റ പവർ റിന്യൂവബിൾ എനർജി 26 മെഗാവാട്ടിന്‍റെ സോളാർ പ്ലാന്റിനായി നിയോസിം ഇൻഡസ്ട്രിയുമായി വൈദ്യുതി വിതരണ കരാറില്‍ ഒപ്പുവച്ചു.

ഗ്ലാൻഡ് ഫാർമ: സെപ്തംബർ 4 മുതലുള്ള കാലയളവില്‍ അങ്കിത് ഗുപ്തയെ വൈസ് പ്രസിഡന്റായി (സ്ട്രാറ്റജി & ഇൻവെസ്റ്റ്‌മെന്റ്) നിയമിച്ചു. ഗ്ലാൻഡിൽ ചേരുന്നതിന് മുമ്പ് ഫാർമസ്യൂട്ടിക്കൽ, ബയോടെക്‌നോളജി വ്യവസായത്തിൽ 15 വർഷത്തെ പരിചയമാണ് അങ്കിതിനുള്ളത്.

ഓയിൽ ഇന്ത്യ: സംയുക്ത സംരംഭമായ നോർത്ത് ഈസ്റ്റ് ഗ്യാസ് ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ (എന്‍ഇജിഡിസിഎല്‍) 1,738 കോടി രൂപയുടെ ഇക്വിറ്റി വിഹിതം സ്വന്തമാക്കാന്‍ പൊതുമേഖലാ എണ്ണ, വാതക കമ്പനിക്ക് ബോർഡ് അംഗീകാരം ലഭിച്ചു. സിറ്റി ഗ്യാസ് വിതരണ പദ്ധതികൾ നടപ്പിലാക്കുന്നതിനായുള്ള സംയുക്ത സംരംഭത്തിൽ, ഓയിൽ ഇന്ത്യ 49 ശതമാനം ഓഹരിയാണുള്ളത്. ബാക്കി 51 ശതമാനം ഓഹരി അസം ഗ്യാസ് കമ്പനി കൈവശം വെക്കും.

ക്രൂഡ് ഓയിലും സ്വര്‍ണവും

ചൈനയുടെയും യുഎസിന്റെയും പോസിറ്റീവ് സാമ്പത്തിക ഡാറ്റയും പ്രധാന ഉൽ‌പാദകരിൽ നിന്ന് ക്രൂഡ് വിതരണം വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷകളും വിപണി വികാരത്തെ ഉത്തേജിപ്പിച്ചതിനാൽ തിങ്കളാഴ്ച എണ്ണ വില ഉയർന്നു. ബ്രെന്റ് ക്രൂഡ് വില 17 സെൻറ് അഥവാ 0.2 ശതമാനം ഉയർന്ന് ബാരലിന് 88.72 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 25 സെന്റ്, ഏകദേശം 0.3 ശതമാനം ഉയർന്ന് 85.80 ഡോളറിലെത്തി.

ഡോളറിലുണ്ടായ നേരിയ ഇടിവും യുഎസ് ഫെഡറൽ റിസർവ്പലിശ നിരക്ക് വർധന താൽക്കാലികമായി നിർത്തുമെന്ന പ്രതീക്ഷയും പിന്തുണച്ചതോടെ സ്വർണവില തിങ്കളാഴ്ച ഒരു മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി. സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.3 ശതമാനം ഉയർന്ന് 1,945.40 ഡോളറിലെത്തി. യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് 0.2 ശതമാനം വർധിച്ച് 1,971.70 ഡോളറിലെത്തി.

വിദേശ ഫണ്ടിന്‍റെ വരവ്

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഇന്നലെ 3,367.67 കോടി രൂപയുടെ ഓഹരികൾ വിറ്റു, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 2,563.48 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട്‍ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) ഇന്നലെ 1778.00 കോടി രൂപയുടെ നിക്ഷേപമാണ് ഇക്വിറ്റികളില്‍ നടത്തിയത്. 716.28 കോടി രൂപയുടെ നിക്ഷേപമാണ് ഡെറ്റ് വിപണിയില്‍ എഫ്‍പിഐകള്‍ നടത്തിയത്.

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല