21 Aug 2023 7:09 AM IST
ഗ്രേ മാര്‍ക്കറ്റ് പ്രതീക്ഷിക്കുന്നത് 325 രൂപ വരെ, വമ്പന്‍ അരങ്ങേറ്റത്തിന് ജിയോ ഫിന്‍
ശ്രുതി ലാല്‍
Summary
- ഓഹരി 10 ദിവസം ട്രേഡ് ഫോര്‍ ട്രേഡ് വിഭാഗത്തിലായിരിക്കും
- ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആറ് കമ്പനികളില്‍ നിക്ഷേപമുള്ള കമ്പനി
ഇന്ത്യയിലെ കോര്‍പ്പറേറ്റ് അതികായനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ നിന്ന് വേര്‍പ്പെട്ട ജിയോ ഫീനാന്‍ഷ്യല്‍സിന്റെ ലിസ്റ്റിങ് ഇന്ന്. ഈ വാരം വിപണിയിലെ ചൂടുള്ള വാര്‍ത്തയും ജിയോ ഫിനാന്‍ഷ്യല്‍സ് ലിസ്റ്റിങ് തന്നെയാണ്. നിഫ്റ്റി 50യില്‍ ഏറ്റവുമധികം വെയ്‌റ്റേജുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ നിന്ന് വേര്‍പെട്ട ജിയോ ഫിനാന്‍ഷ്യല്‍സ് ഓഹരി വിപണിയിലേക്ക് എത്തുമ്പോള്‍ നിക്ഷേപകരും പ്രതീക്ഷയിലാണ്.
നേരത്തെ 160നും 190 രൂപയ്ക്കുമിടയിലാണ് ജിയോ ഫിന്നിന്റെ അരങ്ങേറ്റ വിലയായി അനലിസ്റ്റുകള്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ വില നിശ്ചയിക്കപ്പെട്ടത് 261.85 രൂപയിലാണ്. ആ വ്യത്യാസം വിപണിയെ അമ്പരിപ്പിച്ചതിനൊപ്പം നിക്ഷേപകരില്‍ പ്രതീക്ഷകളും നിറച്ചു. പിന്നാലെയാണ് ഓഹരി പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്യപ്പെടുമെന്നും നിശ്ചയിക്കപ്പെട്ട 261 രൂപയേക്കാള്‍ 50-70 വരെ ഇത് ഉയരാമെന്നും ഗ്രേ മാര്‍ക്കറ്റ് പ്രവചനങ്ങളെത്തിയത്. അതായത് 315നും 325നും ഇടയിലാണ് ജിയോ ഫിന്‍ ലിസ്റ്റ് ചെയ്യുമെന്ന സാധ്യതയാണ് ഗ്രേ മാര്‍ക്കറ്റ് പങ്ക് വയ്ക്കുന്നത്.
ഗ്രേ മാര്‍ക്കറ്റ് പ്രവചനങ്ങള്‍ ശരിവച്ച് വിദഗ്ധരും
ലിസ്റ്റിംഗ് ഉയര്‍ന്നതായിരിക്കുമെന്നും ഓഹരിയുടെ വളര്‍ച്ചാ സാധ്യതയില്‍ ശുഭാപ്തിവിശ്വാസമാണുള്ളതെന്നും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ (ഇക്കണോമിക്‌സ് ടൈംസ്) അടക്കമുള്ള വിദഗ്ധരും വ്യക്തമാക്കുന്നുണ്ട്. വി കെ വിജയകുമാറിന്റെ അതേ പ്രതികരണം തന്നെയാണ് ആനന്ദ് രതി ഷെയര്‍ ആന്‍ഡ് ബ്രോക്കഴേസ് സര്‍വീസസിലെ റിസര്‍ച്ച് ഹെഡ് ആയ നരേന്ദ്ര സോളങ്കിയും പങ്ക് വച്ചിട്ടുള്ളത്.
'ജിയോ ഫിന്‍ സര്‍വീസില്‍ നിക്ഷേപകരുടെ പ്രതീക്ഷ ഉയര്‍ന്നതാണ്. ഇത്പ്രീമിയം ലിസ്റ്റിങ് സാധ്യതയാണ് ചൂണ്ടികാട്ടുന്നതെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് റീട്ടെയില്‍ റിസര്‍ച്ച് മേധാവി ദീപക് ജസാനി പറയുന്നത്.നിലവിലെ 261.85 രൂപ വില പ്രകാരം കമ്പനിയുടെ വിപണിമൂല്യം 1,66,000 കോടി രൂപ വരും. അതായത് ഇരുപതു ബില്യണ്‍ ഡോളര്‍. ഇതോടെ വാല്യുവേഷന്‍ പ്രകാരം ഇന്ത്യയിലെ 32ാമത്തെ ഉയര്‍ന്ന മൂല്യമുള്ള കമ്പനിയായിത്തീര്‍ന്നിരിക്കുകയാണ് ജിയോ ഫിന്‍ സര്‍വീസസ്.
10 ദിവസം ട്രേഡ് ഫോര്‍ ട്രേഡ് വിഭാഗത്തില്‍
ബിഎസ്ഇയില്‍ ജിയോഫിന്‍ എന്ന പേരിലായിരിക്കും ഓഹരി ലിസ്റ്റ് ചെയ്യപ്പെടുക. ലിസ്റ്റിങ് ഇന്ന് നടക്കുമെങ്കിലും ഓഹരി 10 ദിവസം ട്രേഡ് ഫോര്‍ ട്രേഡ് വിഭാഗത്തിലായിരിക്കും. അതായത് ഇന്‍ ട്രാ ഡേ ട്രേഡിങ് നടക്കണമെങ്കില്‍ ഓഹരി ഉടമകള്‍ കാത്തിരിക്കണം. ലിസ്റ്റ് ചെയ്യുന്ന വേളയില്‍ ഓഹരിയില്‍ നേരിടുന്ന ചാഞ്ചാട്ടം പരിമിതപ്പെടുത്തുന്നതിന് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഏര്‍പ്പെടുത്തുന്ന നടപടിയാണ് ട്രേഡ് ഫോര്‍ ട്രേഡ്. ജിയോ ഫിന്‍ ഓഹരി ഉടമയാണ് നിങ്ങളെങ്കില്‍ അടുത്ത 10 ദിവസത്തേക്ക് ഇവ പോര്‍ട്ട് ഫോളിയോയിലെ ഹോള്‍ഡ് വിഭാഗത്തിലായിരിക്കും കാണുക.
261.85 രൂപയിലാണ് നിലവില്‍ ഓഹരികള്‍ ഉടമകളുടെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റായിട്ടുള്ളത്. വിഭജനത്തിന്റെ ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഒരു ഓഹരി കൈവശമുള്ളവര്‍ക്ക് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഒരു ഓഹരി എന്ന തരത്തിലാണ് ലഭിച്ചത്. ഐപിഒ കഴിഞ്ഞ് 20 ദിവസമായിട്ടും ഓഹരി ലിസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ ഒഴിവാക്കാന്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്റെ ഉപകമ്പനിയായ എഫ്ടിഎസ്ഇ റസല്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് അതിവേഗത്തിലുള്ള ലിസ്റ്റിംഗിന് ജിയോ ഫിന്‍ തീരുമാനിച്ചത്.
ഈ മാസം 28ന് നടക്കുന്ന റിലയന്‍സ് വാര്‍ഷിക പൊതുയോഗത്തില്‍ ലിസ്റ്റിങ് തിയ്യതി പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എഫ്ടിഎസ്ഇ ഓള്‍-വേള്‍ഡ്, എഫ്ടിഎസ്ഇ ഗ്ലോബല്‍ ലാര്‍ജ് ക്യാപ്, എമേര്‍ജിങ് തുടങ്ങിയ സൂചികകളില്‍ നിന്നാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ നീക്കം ചെയ്യാനിരുന്നത്. അതേസമയം ലിസ്റ്റിങ് തിയ്യതി പ്രഖ്യാപിച്ചതോടെ തീരുമാനത്തില്‍ നിന്ന് എഫ്‍ടിഎസ്ഇ പിന്നോട്ട് പോയിട്ടുണ്ട്.
ജിയോ ഫിന്‍ സര്‍വീസ്?
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആറ് കമ്പനികളില്‍ നിക്ഷേപമുള്ള കമ്പനിയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ്‌സ്, റിലയന്‍സ് പേയ്മെന്റ് സൊല്യൂഷന്‍സ്, റിലയന്‍സ് റീട്ടെയില്‍ ഫിനാന്‍സ്, ജിയോ പേയ്മെന്റ് ബാങ്ക്, ജിയോ ഇന്‍ഫര്‍മേഷന്‍ അഗ്രഗേറ്റര്‍ സര്‍വീസസ്, റിലയന്‍സ് റീട്ടെയില്‍ ഇന്‍ഷുറന്‍സ് ബ്രോക്കിങ് ലിമിറ്റഡ് എന്നിവയാണ് ഈ ആറ് കമ്പനികള്‍.
വായ്പ, ഇന്‍ഷുറന്‍സ്, ഡിജിറ്റല്‍ പണമിടപാട്, അസറ്റ് മാനേജ്മെന്റ് ഉള്‍പ്പെടെ ബാങ്കിതര ധനകാര്യ സേവന കമ്പനിയായിട്ടായിരിക്കും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രവര്‍ത്തിക്കുക. റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വേര്‍പെടുത്തിയത് ഈയിടെയാണ്. അതിന് ശേഷം ജിയോ ഫിനാന്‍ഷ്യലില്‍ നിന്നുള്ള ആദ്യത്തെ പ്രധാന പ്രഖ്യാപനം ധനകാര്യ സേവനരംഗത്തെ ബ്ലാക്‌റോക്കുമായുള്ള സംയുക്ത സംരംഭമാണ്. റിലയന്‍സിന്റെ പൊന്നാക്കിയുള്ള യാത്രയാണ് നിക്ഷേപകരിലും പ്രതീക്ഷ നല്‍കുന്നത്
പഠിക്കാം & സമ്പാദിക്കാം
Home
