image

24 July 2026 10:59 AM IST

Stock Market Updates

ക്രൂഡ് ഓയിൽ കുതിപ്പിലും ആഗോള മന്ദഗതിയിലും വലഞ്ഞ് ഓഹരി വിപണി

MyFin Desk

ക്രൂഡ് ഓയിൽ കുതിപ്പിലും ആഗോള മന്ദഗതിയിലും വലഞ്ഞ് ഓഹരി വിപണി
X

Summary

സെൻസെക്സ് 800 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23,650-ന് താഴേക്ക്


പശ്ചിമേഷ്യൻ രാഷ്ട്രീയ പിരിമുറുക്കങ്ങൾ രൂക്ഷമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് $100 ഡോളർ കടന്നത് വെള്ളിയാഴ്ചയും ഇന്ത്യൻ ഓഹരി വിപണിയെ കനത്ത തകർച്ചയിലേക്ക് തള്ളിവിട്ടു. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ (FII) തുടർച്ചയായ വിറ്റഴിക്കലും ആഗോള വിപണിയിലെ തളർച്ചയും കാരണം സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിന്റെ വ്യാപ്തി കൂട്ടി.

വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ ബിഎസ്ഇ സെൻസെക്സ് 800 പോയിന്റിലധികം ഇടിഞ്ഞ് 75,513 എന്ന താഴ്ന്ന നിലവാരത്തിലേക്ക് പതിച്ചു. എൻഎസ്ഇ നിഫ്റ്റി 50 സൂചിക 23,650 ലവലിന് താഴേക്ക് വീണു. രാവിലെ 9:16-ഓടെ സെൻസെക്സ് 621 പോയിന്റ് നഷ്ടത്തിൽ 75,769 ലും, നിഫ്റ്റി 173 പോയിന്റ് ഇടിഞ്ഞ് 23,696 ലുമാണ് വ്യാപാരം തുടർന്നത്.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ വില $100 കടക്കുന്നത് വലിയ തിരിച്ചടിയാണ്. ഇത് രാജ്യത്തിന്റെ വ്യാപാര കമ്മി (Trade Deficit) വർദ്ധിപ്പിക്കുകയും രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കുകയും ചെയ്യും.

ആഗോള സാമ്പത്തിക പിരിമുറുക്കങ്ങളെ തുടർന്ന് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് ഫണ്ട് വൻതോതിൽ പിൻവലിക്കുന്നത് തുടരുന്നു. ഇന്ധനവില ഉയരുന്നത് നിർമ്മാണ ലജിസ്റ്റിക്സ് ചിലവുകൾ കൂട്ടുകയും കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കുകയും ചെയ്യുമെന്ന ഭീതി നിക്ഷേപകരെ റിസ്ക്-ഓഫ് (Risk-off) സമീപനത്തിലേക്ക് നയിക്കുന്നു

ഫോളിംഗ് ട്രെൻഡ് ലൈന് താഴെ തളർന്ന് സൂചിക; ബെയറിഷ് ട്രെൻഡ് തുടരുന്നു

കുറഞ്ഞ സമയപരിധിയിലെ (Short-term) ചാർട്ടിൽ ലോവർ ഹൈകൾ (Lower Highs) രൂപീകരിച്ച് താഴേക്ക് പോകുന്ന ട്രെൻഡ് ലൈനിന് താഴെ തുടരുന്നതിനാൽ നിഫ്റ്റി 50 സൂചികയിൽ വിറ്റഴിക്കൽ സമ്മർദ്ദം ശക്തമായി തുടരുകയാണ്. മുൻപുണ്ടായിരുന്ന ഗ്യാപ്പ് (Gap) പൂർണ്ണമായും ഫിൽ ചെയ്‌തെങ്കിലും (Gap Filled), ഉയർന്ന നിലവാരങ്ങളിൽ കരുത്ത് നിലനിർത്താൻ സൂചികയ്ക്ക് സാധിച്ചില്ല.

ഇത് ഉയർന്ന ലെവലുകളിൽ വാങ്ങലുകാരുടെ (Buyers) താൽപ്പര്യക്കുറവിനെയും വിൽപനക്കാരുടെ (Bears) ആധിപത്യത്തെയുമാണ് സൂചിപ്പിക്കുന്നത്നിഫ്റ്റി താഴേക്ക് പതിക്കുന്ന ട്രെൻഡ് ലൈനിന് താഴെ തുടരുകയും 23,930–24,000 പ്രതിരോധ മേഖല മറികടക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നിടത്തോളം വിപണിയുടെ ഹ്രസ്വകാല ട്രെൻഡ് ബെയറിഷ് ആയിത്തന്നെ തുടരും.23,930–24,000 റെസിസ്റ്റൻസ് ഭേദിച്ച് മുകളിലേക്ക് ശക്തമായ ക്ലോസിംഗ് നൽകിയാൽ മാത്രമേ വിപണിയിലെ നിക്ഷേപക ആത്മവിശ്വാസം വീണ്ടെടുക്കാനും കൂടുതൽ ശക്തമായ ഒരു റിക്കവറിയിലേക്ക് (Strong Recovery) നയിക്കാനും സാധിക്കൂ.

പ്രമുഖ ഓഹരികളുടെ ചലനങ്ങളും പാദഫലങ്ങളും

തുടർച്ചയായ അഞ്ചാം വ്യാപാര സെഷനിലും ഇടിവ് നേരിട്ട് ഇന്ത്യൻ ഓഹരി വിപണി അതീവ ജാഗ്രതയിലാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ (FII) വൻതോതിലുള്ള വിറ്റഴിക്കൽ, ഉയർന്ന ക്രൂഡ് ഓയിൽ വില, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ എന്നിവയാണ് വിപണിയുടെ തകർച്ചയ്ക്ക് പ്രധാന കാരണമായത്. വ്യാഴാഴ്ച നിഫ്റ്റി 23,900 നിലവാരത്തിന് താഴെ ക്ലോസ് ചെയ്തതിന് ശേഷം, ബാങ്കിംഗ്, മെറ്റൽ മേഖലകളിൽ കനത്ത വിറ്റഴിക്കൽ തുടരുകയാണ്.

നിഫ്റ്റി 50 ഓഹരികളിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് ഐ.ടി ഭീമനായ ഇൻഫോസിസ് ആണ്. കമ്പനി ഒന്നാം പാദത്തിൽ (Q1) വരുമാനത്തിലും അറ്റാദായത്തിലും വളർച്ച രേഖപ്പെടുത്തിയെങ്കിലും വിപണി പ്രതീക്ഷിച്ചത്ര ഉയർന്ന പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല. ഇതിന് പുറമെ FY27 സാമ്പത്തിക വർഷത്തെ വരുമാന വളർച്ചാ ലക്ഷ്യം 3.5 ശതമാനത്തിൽ നിന്ന് 3 ശതമാനമായി കുറച്ചതും ഓഹരി വിലയിൽ 2 ശതമാനത്തോളം ഇടിവുണ്ടാക്കി.

അതേസമയം, ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിപ്ല ഓഹരികൾ ഏകദേശം 2.5 ശതമാനം നേട്ടമുണ്ടാക്കി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 42 ശതമാനം ശക്തമായ വളർച്ച കൈവരിച്ചതാണ് സിപ്ലയ്ക്ക് തുണയായത്. ആഭ്യന്തര വിപണിയിലെ മുന്നേറ്റവും ദക്ഷിണാഫ്രിക്കൻ ബിസിനസിലെ തുടർച്ചയായ വളർച്ചയും മുൻനിർത്തി പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ കമ്പനിയുടെ ഭാവി വരുമാന സാധ്യതകൾ ഉയർത്തി നിശ്ചയിച്ചു.

ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ ഓഹരികൾ 2.5 ശതമാനത്തോളം തകർച്ച നേരിട്ടു. ജൂൺ പാദത്തിലെ നിരാശാജനകമായ സാമ്പത്തിക ഫലങ്ങളും, ക്രൂഡ് ഓയിൽ വില വർദ്ധിച്ചതിനെ തുടർന്നുള്ള ഇന്ധനച്ചിലവ് ആശങ്കകളുമാണ് ഓഹരിയെ താഴേക്ക് നയിച്ചത്. എങ്കിലും മോത്തിലാൽ ഓസ്വാൾ ഈ ഓഹരിക്ക് 'Buy' റേറ്റിംഗ് നിലനിർത്തിയിട്ടുണ്ട്.

ഇവയ്ക്ക് പുറമെ ഷാഡോഫാക്സ് ടെക്നോളജീസ്, കാലിബർ മൈനിംഗ്, സോന ബി.എൽ.ഡബ്ല്യു, സൈയന്റ്, മീഷോ, ധാബ്രിയ പോളിവുഡ്, ഓറിയന്റ് സിമന്റ്, ഗാന്ധാർ ഓയിൽ റിഫൈനറി എന്നീ ഓഹരികളും ഇന്നത്തെ വ്യാപാരത്തിൽ പ്രത്യേക ശ്രദ്ധ നേടി.

നിഫ്റ്റി നിലവിൽ 23,650 നിലവാരത്തിന് താഴെയാണ് വ്യാപാരം നടത്തുന്നത്. വിപണിയെ സംബന്ധിച്ച് 23,600–23,650 സോൺ നിർണ്ണായകമായ ടെക്നിക്കൽ സപ്പോർട്ടാണ്. ഈ സപ്പോർട്ട് തകർന്നാൽ വിപണിയിൽ വിറ്റഴിക്കൽ കൂടുതൽ ശക്തമാകും.

എന്നാൽ വിപണിയിൽ വീണ്ടും സ്ഥിരത കൈവരുന്നതിനായി നിഫ്റ്റി 23,830–23,900 റെസിസ്റ്റൻസ് നിലവാരങ്ങൾ തിരിച്ചുപിടിക്കേണ്ടതുണ്ട്. ആഗോള എണ്ണവിലയിലെ ചലനങ്ങൾ, വിദേശ നിക്ഷേപക്കാരുടെ നിലപാടുകൾ, തുടരുന്ന ഒന്നാം പാദ സാമ്പത്തിക ഫലങ്ങൾ എന്നിവയായിരിക്കും വരും ദിവസങ്ങളിൽ വിപണിയുടെ ദിശ നിർണ്ണയിക്കുക.