image

14 Dec 2023 3:52 PM IST

Stock Market Updates

ബംപര്‍ നേട്ടത്തോടെ വിപണികളുടെ ക്ലോസിംഗ്; കുതിച്ച് ഐടിയും ബാങ്കിംഗും

MyFin Desk

markets closing with bumper gains, it and banking by leaps and bounds
X

Summary

  • നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 1.30% മുന്നേറി
  • മീഡിയ,എഫ് എം സി ജി, ഹെല്‍ത്ത്കെയര്‍ സൂചികകളില്‍ ഇടിവ്
  • നിഫ്റ്റി 50 -യില്‍ 13 കമ്പനികളുടെ ഓഹരികള്‍ ഇടിവ് രേഖപ്പെടുത്തി


യുഎസ് ഫെഡറൽ റിസർവ് അടുത്തവര്‍ഷം നിരക്കിളവിലേക്ക് നീങ്ങാന്‍ പദ്ധതിയിടുന്നു എന്ന് വ്യക്തമാക്കിയതിന്‍റെ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ ഉണ്ടായ പോസിറ്റിവ് വികാരങ്ങളെ കരുത്തോടെ ഏറ്റുവാങ്ങി ഇന്ത്യന്‍ വിപണി സൂചികകള്‍. സെന്‍സെക്സ് 929.60 പോയിന്‍റ് (1.34%) മുന്നേറി 70,514.20 എന്ന റെക്കോഡ് ക്ലോസിംഗിലും നിഫ്റ്റി 256.35 പോയിന്‍റ് (1.23%) നേട്ടത്തോടെ 21,182.70 എന്ന റെക്കോഡ് ക്ലോസിംഗിലും വ്യാപാരം അവസാനിപ്പിച്ചു. ഇട വ്യാപാരത്തിനിടെ സെന്‍സെക്സ് 70,602.89 എന്ന സര്‍വകാല ഉയരവും നിഫ്റ്റി 21,210.90 എന്ന സര്‍വകാല ഉയരവും തൊട്ടു.

നിഫ്റ്റി 50 -യില്‍ 13 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇന്‍ഫി, ടെക്എം, എല്‍ടിഐഎം , വിപ്രൊ, എച്ച്സിഎല്‍ ടെക് എന്നിവയുടെ ഓഹരികള്‍ 3 ശതമാനത്തിന് മുകളില്‍ നേട്ടം നല്‍കി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, അള്‍ട്രാടെക്, എം&എം, ടിസിഎസ് എന്നിവ 2 ശതമാനത്തിന് മുകളില്‍ മുന്നേറി. ടാറ്റ മോട്ടോര്‍സ്, ടൈറ്റാന്‍, മാരുതി, യുപിഎല്‍, ബിപിസിഎല്‍ തുടങ്ങിയവയാണ് പ്രധാനമായും ഇടിവ് രേഖപ്പെടുത്തിയ ഓഹരികള്‍.

നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 1.30 ശതമാനവും നിഫ്റ്റി സ്മാള്‍ക്യാപ് 100 സൂചിക 0.83 ശതമാനവും മുന്നേറി. മേഖലകള്‍ തിരിച്ചുവിലയിരുത്തുമ്പോള്‍ മീഡിയ, എഫ് എം സി ജി, ഹെല്‍ത്ത്കെയര്‍ എന്നിവ ഒഴികെയുള്ള മേഖല സൂചികകളെല്ലാം മുന്നേറി.

" ഫെഡ് റിസര്‍വില്‍ നിന്നുള്ള വ്യക്തമായ സന്ദേശം വരും ദിവസങ്ങളിൽ ഒരു സ്മാർട്ട് സാന്താക്ലോസ് റാലിക്ക് വേദിയൊരുക്കി, കൂടാതെ ഇത് ഒരു പ്രീ- ഇലക്ഷന്‍ റാലിക്ക് പോലും കാരണമായേക്കും. യുഎസിലെ 10 വർഷ ബോണ്ട് ആദായം 4 ശതമാനമായി കുറയുന്നത് ഇന്ത്യയിലേക്കുള്ള വലിയ മൂലധന പ്രവാഹത്തിന് കാരണമാകും. പ്രധാന ഗുണഭോക്താക്കൾ ലാർജ് ക്യാപ്സ് ആയിരിക്കും, പ്രത്യേകിച്ച് ബാങ്കിംഗിലെ ന്യായമായ മൂല്യമുള്ള ലാര്‍ജ് ക്യാപ്സ്. ഐടിയും എഫ്ഐഐകളെ ആകർഷിക്കാൻ സാധ്യതയുണ്ട്. റീട്ടെയില്‍ ഇടപാടുകള്‍ക്ക് മിഡ്, സ്മോൾ ക്യാപ്സ് ഓഹരികളെയും ഉയർത്താൻ കഴിയും; എന്നാൽ ഈ വിഭാഗങ്ങളിലെ മൂല്യനിര്‍ണയും അത്ര സുഖകരമല്ല."," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു.