26 Feb 2026 2:45 PM IST
ഉയർന്ന നിലവാരത്തിൽ തപ്പിത്തടഞ്ഞ് വിപണി; കുതിപ്പിന് ശേഷം സെൻസെക്സ് 200 പോയിന്റ് ഇടിഞ്ഞു
MyFin Desk
നിഫ്റ്റി ഐടി സൂചിക 200-DMA തകർത്ത് താഴേക്ക്; ഐടി ഓഹരികളിൽ കടുത്ത വിൽപ്പന സമ്മർദ്ദം.
Summary
ഉയർന്ന നിലവാരത്തിൽ നിന്ന് വിപണി ഇടിയാൻ കാരണം ഇതാണ്. അതേസമയം പ്രതിരോധ മേഖലയിലെ ഓഹരികളിൽ കുതിപ്പ്
ഫെബ്രുവരി 26 വ്യാഴാഴ്ച മികച്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ഉച്ചയോടെ നഷ്ടത്തിലേക്ക് നീങ്ങി. ആഗോള വിപണികളിലെ ശുഭസൂചനകൾ കണ്ട് ആവേശത്തോടെ തുടങ്ങിയ നിക്ഷേപകർ, ഉയർന്ന നിലവാരത്തിൽ ലാഭമെടുപ്പിന് മുതിർന്നതാണ് വിപണിയെ താഴേക്ക് നയിച്ചത്.
വിപണി നിലവാരം
രാവിലെ 300 പോയിന്റിലധികം കുതിച്ച് 82,579 എന്ന ഉയർന്ന നിലവാരത്തിലെത്തിയെങ്കിലും, അവിടെനിന്ന് ഏകദേശം 500 പോയിന്റോളം ഇടിഞ്ഞ് ഉച്ചയോടെ 82,൦൭൦ എന്ന നിലവാരത്തിലെത്തി. ഇത് കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനേക്കാൾ 200 പോയിന്റ് താഴെയാണ്.
നിഫ്റ്റി വ്യാപാരത്തിന്റെ തുടക്കത്തിൽ 25,573 വരെ എത്തിയെങ്കിലും ഉച്ചയോടെ ആ നേട്ടമെല്ലാം നഷ്ടപ്പെടുത്തി 25,430–25,450 ലെവലിലായി.
മിഡ്ക്യാപ് സൂചിക 0.2% നേട്ടത്തോടെ പിടിച്ചുനിൽക്കാൻ ശ്രമിക്കുമ്പോൾ, സ്മോൾക്യാപ് സൂചിക 0.3% ഇടിവ് രേഖപ്പെടുത്തി. ഇത് റീട്ടെയിൽ നിക്ഷേപകർക്കിടയിലുള്ള ജാഗ്രതയെയാണ് സൂചിപ്പിക്കുന്നത്.
വിപണി താഴേക്ക് പോകാൻ കാരണങ്ങൾ
ലാഭമെടുപ്പ് : മന്ത്‌ലി എക്സ്പയറി ദിനമായ ഇന്ന്, നിക്ഷേപകർ ഉയർന്ന നിലവാരത്തിൽ ലാഭമെടുക്കാൻ താല്പര്യം കാണിച്ചു. നിഫ്റ്റിക്ക് 25,550–25,600 എന്ന പ്രതിരോധം മറികടക്കാൻ കഴിയാത്തത് 'സെൽ ഓൺ റൈസ്' പ്രവണതയ്ക്ക് കാരണമായി.
ആഗോള സൂചനകളിലെ അനിശ്ചിതത്വം: തുടക്കത്തിൽ പോസിറ്റീവ് ആയിരുന്നെങ്കിലും, അമേരിക്കൻ വിപണിയിലെ ഫ്യൂച്ചേഴ്സ് വ്യാപാരം നേരിയ തളർച്ച കാണിക്കുന്നത് ആഗോളതലത്തിൽ ഒരു 'റിസ്ക്-ഓഫ്' അന്തരീക്ഷം സൃഷ്ടിച്ചു.
എക്സ്പയറി വോളറ്റിലിറ്റി: ഫെബ്രുവരി സീരീസിന്റെ അവസാന ദിനമായതിനാൽ ഡെറിവേറ്റീവ് വിപണിയിലെ പൊസിഷനുകൾ സ്ക്വയർ-ഓഫ് ചെയ്യുന്നത് വിപണിയിലെ ചാഞ്ചാട്ടം വർദ്ധിപ്പിച്ചു.
25,355 നിലവാരം അതീവ നിർണ്ണായകം
നിഫ്റ്റി 50 നിലവിൽ ഹ്രസ്വകാലാടിസ്ഥാനത്തിൽ ഒരു ഇടിവിലൂടെയാണ് (Downtrend) കടന്നുപോകുന്നത്. ഓരോ തവണ ഉയരുമ്പോഴും വിൽപന സമ്മർദ്ദം നേരിടുന്ന 'ലോവർ ഹൈ, ലോവർ ലോ' പാറ്റേൺ ആണ് വിപണിയിൽ ദൃശ്യമാകുന്നത്.
ചാർട്ടിലെ 'ഫാളിംഗ് ട്രെൻഡ്‌ലൈൻ' അനുസരിച്ച് 25,600–25,650 മേഖലയിൽ ശക്തമായ പ്രതിരോധം നിലനിൽക്കുന്നു. ഈ ട്രെൻഡ്‌ലൈനിന് മുകളിൽ സ്ഥിരതയാർന്ന ഒരു ബ്രേക്ക്ഔട്ട് ഉണ്ടാകാത്ത പക്ഷം വിപണിയിൽ വലിയൊരു മുന്നേറ്റം പ്രതീക്ഷിക്കാനാവില്ല.
നിലവിൽ 25,400 നിലവാരത്തിന് ചുറ്റും വ്യാപാരം നടത്തുന്ന സൂചികയ്ക്ക് 25,355 എന്നത് സുപ്രധാനമായ ഒരു 'ഡിമാൻഡ് സോൺ' ആണ്. ഈ നിലവാരം തകരുകയാണെങ്കിൽ വിപണിയിലെ ഇടിവ് വേഗത്തിലാവുകയും സൂചിക 25,250 അല്ലെങ്കിൽ അതിലും താഴേക്ക് പതിക്കുകയും ചെയ്തേക്കാം.
വിപണിയിൽ ബിയറിഷ് ട്രെൻഡ് നിലനിൽക്കുന്നതിനാൽ, ഓരോ ഉയർച്ചയിലും വിൽപന നടത്തുക (Sell-on-rise) എന്ന തന്ത്രമാണ് നിലവിൽ വ്യാപാരികൾക്കിടയിൽ പ്രബലമായിരിക്കുന്നത്.
പ്രതിരോധ മേഖലയിൽ കുതിപ്പ്, ഫിൻടെക് ഓറികളിൽ തളർച്ച
ഫെബ്രുവരി 26 വ്യാഴാഴ്ച മന്ത്‌ലി എക്സ്പയറി ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണി സമ്മിശ്ര പ്രതികരണമാണ് കാഴ്ചവെച്ചത്. ഐടി ഓഹരികളുടെ കരുത്തിൽ മികച്ച നേട്ടത്തോടെ തുടങ്ങിയ വിപണി, ഉച്ചയ്ക്ക് ശേഷം ലാഭമെടുപ്പ് മൂലം സമ്മർദ്ദത്തിലായി. എങ്കിലും പ്രതിരോധ മേഖലയിലെ വാർത്തകൾ ചില ഓഹരികൾക്ക് വലിയ കുതിപ്പ് നൽകി.
പ്രതിരോധ മേഖലയിലെ കരുത്ത്
ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള പുതിയ പ്രതിരോധ കരാറിനെക്കുറിച്ചുള്ള വാർത്തകൾ ഈ മേഖലയിലെ ഓഹരികളെ ഉണർത്തി. മിസൈൽ സാങ്കേതികവിദ്യയും അത്യാധുനിക ആയുധങ്ങളും കൈമാറുന്നതിൽ ഊന്നൽ നൽകുന്ന ഈ കരാർ റിപ്പോർട്ടുകൾ വന്നതോടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് , ഭാരത് ഇലക്ട്രോണിക്സ് എന്നീ ഓഹരികൾ 5% വരെ കുതിച്ചുയർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശന വേളയിൽ ഈ കരാറിൽ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫിൻടെക് ഓഹരികളിൽ 'ആപ്പിൾ' ഭീതി
ഇന്ത്യൻ ഫിൻടെക് മേഖലയിൽ ആപ്പിൾ പേ 2026 പകുതിയോടെ ലോഞ്ച് ചെയ്യാൻ ആപ്പിൾ ബാങ്കുകളുമായി ചർച്ച നടത്തുന്നു എന്ന വാർത്ത ഈ രംഗത്തെ പ്രാദേശിക കമ്പനികൾക്ക് തിരിച്ചടിയായി. ആപ്പിളിന്റെ വരവ് മത്സരമുണ്ടാക്കുമെന്ന ആശങ്കയിൽ പൈൻ ലാബ്സ് ഓഹരികൾ 3%-വും മൊബിക്വിക് ഓഹരികൾ 1%-വും ഇടിഞ്ഞു.
സെക്ടറുകളിലെ പ്രകടനം
നേട്ടം നിലനിർത്തിയ മേഖലകളിൽ ഹെൽത്ത്‌ക്കെയർ, ഓയിൽ & ഗ്യാസ്, ടെലികോം, ഫാർമ എന്നിവയുണ്ട്. ഭാരത് ഇലക്ട്രോണിക്സ്, അദാനി പോർട്‌സ്, സൺ ഫാർമ, റിലയൻസ്, ടിസിഎസ് എന്നിവ സെൻസെക്സിൽ മുന്നേറ്റം കാഴ്ചവെച്ചു.
പിന്നോട്ട് പോയ മേഖലകളിൽ മീഡിയ, എഫ്എംസിജി, റിയൽറ്റി, പവർ മേഖലകളുണ്ട്. പവർ ഗ്രിഡ് കോർപ്പറേഷൻ, ട്രെന്റ്, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, അൾട്രാടെക് സിമന്റ് എന്നിവയാണ് പ്രധാനമായും ഇടിവ് രേഖപ്പെടുത്തിയത്.
പഠിക്കാം & സമ്പാദിക്കാം
Home
