13 Feb 2026 5:36 PM IST
Summary
സെൻസെക്സ് 1,000 പോയിന്റിലധികം തകർന്നു; നിക്ഷേപകർക്ക് 7.4 ലക്ഷം കോടി രൂപയുടെ നഷ്ടം! വീണ പ്രധാന ഓഹരികൾ ഏതൊക്കെ?
ആഴ്ചയിലെ അവസാന വ്യാപാര ദിനമായ ഇന്ന് ഇന്ത്യൻ ഓഹരി വിപണി വലിയ തകർച്ചയോടെ ക്ലോസ് ചെയ്തു. ഐടി മേഖലയിലെ ആഭ്യന്തര ആശങ്കകളും ആഗോള വിപണിയിലെ തളർച്ചയും ഒത്തുചേർന്നപ്പോൾ സെൻസെക്സും നിഫ്റ്റിയും തകർന്നു.
സെൻസെക്സ്: 1,048 പോയിന്റ് (-1.25%) ഇടിഞ്ഞ് 82,626.76-ലെവലിൽ ക്ലോസ് ചെയ്തു.
നിഫ്റ്റി 50: 336 പോയിന്റ് (-1.30%) നഷ്ടത്തോടെ 25,471.10 നിലവാരത്തിൽ അവസാനിച്ചു.
വെറും രണ്ട് സെഷനുകൾ കൊണ്ട് നിക്ഷേപകരുടെ ഏകദേശം 7.4 ലക്ഷം കോടി രൂപ തുടച്ചുനീക്കപ്പെട്ടു. ബിഎസ്ഇയുടെ ആകെ വിപണി മൂല്യം 465 ലക്ഷം കോടിയായി കുറഞ്ഞു.
തകർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ
എഐ ഭീഷണി: ആന്ത്രോപിക്, പാലന്തിർ തുടങ്ങിയ കമ്പനികൾ പുറത്തിറക്കിയ പുതിയ എഐ സൊല്യൂഷനുകൾ ഇന്ത്യൻ ഐടി കമ്പനികളുടെ പരമ്പരാഗത ബിസിനസ് മോഡലിനെ ബാധിക്കുമെന്ന ആശങ്ക നിക്ഷേപകരെ ഐടി ഓഹരികൾ വിറ്റൊഴിയാൻ പ്രേരിപ്പിച്ചു.
അമേരിക്കയിലെ ശക്തമായ തൊഴിൽ കണക്കുകൾ വന്നതോടെ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉടൻ കുറയ്ക്കില്ലെന്ന സൂചന ആഗോള വിപണികളിൽ വിൽപന സമ്മർദ്ദമുണ്ടാക്കി. ഹിൻഡാൽകോയുടെ തകർച്ച: മൂന്നാം പാദ ലാഭത്തിൽ ഹിൻഡാൽകോ ഓഹരിയിൽ 45 ശതമാനം ഇടിവ്. ഇതേതുടർന്ന് ഓഹരികൾ 6% ഇടിഞ്ഞത് മെറ്റൽ സെക്ടറിനെ തളർത്തി.
ടെക് ഓഹരികൾക്ക് മുൻതൂക്കമുള്ള യുഎസ് സൂചികയായ നാസ്ഡാക് 2% ഇടിഞ്ഞത് ഏഷ്യൻ വിപണികളിലും പ്രതിഫലിച്ചു. ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികളിൽ: ഹിൻഡാൽകോ (-6%), ഹിന്ദുസ്ഥാൻ യൂണിലീവർ (-4.3 ശതമാനം), അദാനി എന്റർപ്രൈസസ്, ഒഎൻജിസി എന്നിവയുടെ. അതേസമയം വിപണിയിലെ തകർച്ചയിലും ബജാജ് ഫിനാൻസ് , ഐഷർ മോട്ടോഴ്‌സ്, എസ്ബിഐ ലൈഫ്, എസ്ബിഐ എന്നിവ നേരിയ നേട്ടമുണ്ടാക്കി.ഇൻഫോസിസ്, ടിസിഎസ്, വിപ്രോ എന്നിവയുടെ എഡിആറുകൾ (ADR) യുഎസ് വിപണിയിൽ 10% വരെ ഇടിഞ്ഞത് ഇന്ത്യൻ വിപണിയിലെ വിൽപന സമ്മർദ്ദം കൂട്ടി.
ബാങ്കിങ് സൂചികയിലും ഇടിവ്
മറ്റു മേഖലകളിലെ തകർച്ച ബാങ്ക് നിഫ്റ്റിയെയും ബാധിച്ചു. ഇന്ന് ബാങ്കിംഗ് സൂചിക 0.9% ഇടിഞ്ഞു. സാങ്കേതിക സൂചനകൾ: ആർഎസ്ഐ 60-ൽ നിന്ന് താഴേക്ക് വന്നത് ബുള്ളുകൾക്ക് നിയന്ത്രണം നഷ്ടപ്പെടുന്നതിന്റെ സൂചനയാണ്. നിലവിൽ 59,700 (20-day EMA) എന്ന നിലവാരമാണ് ബാങ്ക് നിഫ്റ്റിയുടെ പ്രധാന സപ്പോർട്ട്.
പിഎൻബി (PNB): ബാങ്കിംഗ് ഓഹരികളിൽ 1.9% ഇടിവോടെ പഞ്ചാബ് നാഷണൽ ബാങ്ക് വലിയ നഷ്ടം നേരിട്ടു. കാനറ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയും നഷ്ടത്തിൽ ക്ലോസ് ചെയ്തു.
വിപണി എങ്ങനെ?
ഐടി മേഖലയിലെ അസ്ഥിരതയും ആഗോള ടെക് തളർച്ചയും വിപണിയെ വരും ദിവസങ്ങളിലും സമ്മർദ്ദത്തിലാക്കാൻ സാധ്യതയുണ്ട്. നിഫ്റ്റിക്ക് 25,300–25,400 എന്നത് നിർണ്ണായക സപ്പോർട്ടാണ്. ഇതിന് താഴേക്ക് പോകുന്നത് കൂടുതൽ വിൽപനയ്ക്ക് കാരണമാകും. 25,800 എന്ന കടമ്പ കടന്നാൽ മാത്രമേ വിപണിക്ക് പഴയ കരുത്ത് തിരിച്ചുപിടിക്കാനാകൂ. യുഎസ് പണപ്പെരുപ്പ കണക്കുകളും ഫെഡറൽ റിസർവ് നിലപാടുകളും അടുത്ത ആഴ്ചത്തെ വിപണി ചലനങ്ങളെ സ്വാധീനിക്കും
പഠിക്കാം & സമ്പാദിക്കാം
Home
