17 July 2026 5:25 PM IST
വൻകുതിപ്പിൽ ഇന്ത്യൻ വിപണി; സെൻസെക്സ് 964 പോയിന്റും നിഫ്റ്റി 261 പോയിന്റും ഉയർന്നു
MyFin Desk
Summary
വൻകുതിപ്പിൽ ഇന്ത്യൻ ഓഹരി വിപണി. ടെക് മഹിന്ദ്ര, എച്ച്സിഎൽ, ജിയോ ഫിനാൻഷ്യൽ ഓഹരികളുടെ കരുത്തിൽ ഐടി-ബാങ്കിംഗ് മേഖലകളിൽ വൻ മുന്നേറ്റം
ആഗോള വിപണികളിലെ തളർച്ചയെ മറികടന്നുകൊണ്ട് ഈ വാരത്തിലെ അവസാന വ്യാപാര ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണി വൻ മുന്നേറ്റത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഹെവിവെയ്റ്റ് ഐടി, ബാങ്കിംഗ്, ഓട്ടോമൊബൈൽ ഓഹരികളിൽ ഉണ്ടായ ശക്തമായ വാങ്ങൽ താല്പര്യമാണ് സൂചികകളെ വലിയ കുതിപ്പിലേക്ക് നയിച്ചത്. ബിഎസ്ഇ സെൻസെക്സ് 964.58 പോയിന്റ് (1.25%) ഉയർന്ന് 78,151.45 എന്ന ലെവലിലും, എൻഎസ്ഇ നിഫ്റ്റി 50 സൂചിക 261.55 പോയിന്റ് (1.09%) നേട്ടത്തോടെ 24,334.30 ലെവലിലും വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടയിൽ നിഫ്റ്റി 24,367.30 വരെയുള്ള ഉയർന്ന നിലവാരം വരെ എത്തിയിരുന്നു.
മികച്ച ഒന്നാം പാദപ്രവർത്തന ഫലങ്ങൾ, ഇന്ന് വൈകിട്ട് വരാനിരിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ സാമ്പത്തിക ഫലങ്ങളെക്കുറിച്ചുള്ള ശുഭപ്രതീക്ഷകൾ, ലാർജ്-ക്യാപ് ഓഹരികളിലെ വാല്യൂ ബയിംഗ്, സാങ്കേതികമായി 24,200 ലെവലിന് മുകളിലുണ്ടായ ബ്രേക്ക്ഔട്ട് എന്നിവയാണ് ഇന്നത്തെ വിപണിയുടെ കുതിപ്പിന് പ്രധാന കാരണങ്ങളായത്. എങ്കിലും വിപണിയിലെ ഈ മുന്നേറ്റം ചില പ്രമുഖ വമ്പൻ ഓഹരികളിൽ മാത്രമായി ഒതുങ്ങിനിന്നു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (NSE) 1,632 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 2,419 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. ഇത് വിപണിയുടെ പൊതുവായ പങ്കാളിത്തം ദുർബലമാണെന്നും മുന്നേറ്റം പൂർണ്ണമായും ഹെവിവെയ്റ്റ് ഓഹരികളുടെ കരുത്തിലാണെന്നും വ്യക്തമാക്കുന്നു.
നിഫ്റ്റി ബുള്ളിഷ് ട്രെൻഡ് തുടരുന്നു; 24,350–24,373 ലെവൽ നിർണ്ണായകം
ഡെയ്‌ലി ചാർട്ട് പ്രകാരം, നിഫ്റ്റി 50 സൂചിക അതിന്റെ പോസിറ്റീവായ മധ്യകാല ട്രെൻഡ് (Medium-term trend) നിലനിർത്തുന്നു. സമീപകാലത്തുണ്ടായ 22,773 എന്ന താഴ്ന്ന നിലവാരത്തിൽ നിന്നുള്ള ശക്തമായ തിരിച്ചുവരവാണ് വിപണി കാഴ്ചവെക്കുന്നത്. നിലവിൽ സൂചിക 24,334 നിലവാരത്തിലാണ് ഉള്ളത്. പ്രധാനപ്പെട്ട ഫിബൊനാച്ചി റിട്രേസ്‌മെന്റ് ലെവലുകൾ വീണ്ടെടുത്തത് വിപണിയിലെ ബുള്ളിഷ് വോളിയം ശക്തമായി തുടരുന്നു എന്നതിന്റെ സൂചനയാണ്. റൈസിംഗ് ട്രെൻഡ്‌ലൈനിന്റെ പിന്തുണയോടെ ഓരോ താഴ്ന്ന ഘട്ടത്തിലും ബയർമാർ സജീവമാകുന്നതിനാൽ, ചാർട്ടിൽ ഹയർ ഹൈസും ഹയർ ലോസും (Higher highs and higher lows) രൂപപ്പെടുന്നുണ്ട്.
നിലവിൽ സൂചിക 24,350–24,373 എന്ന അതിനിർണ്ണായകമായ പ്രതിരോധ മേഖലയിലേക്ക് (Resistance Zone) അടുക്കുകയാണ്. സമീപകാലത്തെ തിരുത്തലിന്റെ (Correction) 100% ഫിബൊനാച്ചി റിട്രേസ്‌മെന്റ് ലെവലിലാണ് ഈ സോൺ വരുന്നത്. അതുകൊണ്ട് തന്നെ ബുൾസിന് (Buyers) ഇതൊരു കടുത്ത കടമ്പയായിരിക്കും.
പറന്ന് ടെക് മഹീന്ദ്ര ഓഹരികൾ
ടെക് മഹിന്ദ്ര, എച്ച്സിഎൽ, ജിയോ ഫിനാൻഷ്യൽ ഓഹരികളുടെ കരുത്തിൽ ഐടി-ബാങ്കിംഗ് മേഖലകളിൽ വൻ മുന്നേറ്റം. ടെക് മഹിന്ദ്രയുടെ പ്രതീക്ഷിച്ചതിലും മികച്ച ത്രൈമാസ പ്രവർത്തന ഫലങ്ങളെ തുടർന്ന് ഐടി മേഖലയിലുണ്ടായ ശക്തമായ വാങ്ങൽ താല്പര്യമാണ് വാര്യാവസാനം ഇന്ത്യൻ ഓഹരി വിപണിയെ വലിയ കുതിപ്പിലേക്ക് നയിച്ചത്. ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ് എന്നിവ വലിയ നേട്ടമുണ്ടാക്കിയപ്പോൾ, മികച്ച ജൂൺ പാദഫലങ്ങൾ പ്രഖ്യാപിച്ച ജിയോ ഫിനാൻഷ്യൽ സർവീസസും വിപണിയിൽ ശ്രദ്ധാകേന്ദ്രമായി മാറി.
വരാനിരിക്കുന്ന ഒന്നാം പാദഫലങ്ങൾക്ക് മുന്നോടിയായി എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ബിസിനസ് അപ്‌ഡേറ്റുകൾ പോസിറ്റീവായതിനെ തുടർന്ന് ബാങ്ക് നിഫ്റ്റി 58,000 എന്ന നാഴികക്കല്ല് വീണ്ടെടുത്തു. പ്രധാന സൂചികകൾ കുതിച്ചുയർന്നപ്പോഴും നിക്ഷേപകർ വൻകിട ഓഹരികൾക്ക് മുൻഗണന നൽകിയതിനാൽ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേരിയ ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ബാങ്കിംഗ്, ഓട്ടോ, ഫിനാൻഷ്യൽ മേഖലകൾ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ മെറ്റൽ, ഫാർമ, മീഡിയ, ടെലികോം ഓഹരികളിൽ ലാഭമെടുപ്പ് പ്രകടമായി. ഇതോടൊപ്പം, തുടർച്ചയായ നാല് ദിവസത്തെ ഇടിവിന് വിരാമമിട്ടുകൊണ്ട് യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 7 പൈസ വർധിച്ച് 96.28 എന്ന നിരക്കിൽ ക്ലോസ് ചെയ്തു.
വിപണിയുടെ പൊതുവായ ഘടന ബുള്ളിഷ് ആയി തുടരുമ്പോൾ തന്നെ, ഇനി വരാനിരിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രവർത്തന ഫലങ്ങളും പ്രമുഖ സ്വകാര്യ ബാങ്കുകളുടെ സാമ്പത്തിക കണക്കുകളും ആഗോള ചലനങ്ങളുമായിരിക്കും വിപണിയുടെ അടുത്ത പ്രയാണത്തെ സ്വാധീനിക്കുക.
പഠിക്കാം & സമ്പാദിക്കാം
Home
