6 Jun 2025 4:45 PM IST
തുടർച്ചയായ മൂന്നാം ദിവസവും ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 746.95 പോയിന്റ് അഥവാ 0.92 ശതമാനം ഉയർന്ന് 82,188.99 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 252.15 പോയിന്റ് അഥവാ 1.02 ശതമാനം ഉയർന്ന് 25,003.05 ൽ അവസാനിച്ചു.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ ബജാജ് ഫിനാൻസ് 4.93 ശതമാനവും ആക്സിസ് ബാങ്ക് 3.15 ശതമാനവും ഉയർന്നു. മാരുതി, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിൻസെർവ്, എറ്റേണൽ, മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ, എച്ച്ഡിഎഫ്‌സി ബാങ്ക്, എൻടിപിസി എന്നിവയാണ് നേട്ടങ്ങൾ കൈവരിച്ച മറ്റ് ഓഹരികൾ. അതേസമയം ഭാരതി എയർടെൽ, സൺ ഫാർമ ഓഹരികൾ ഇടിവ് നേരിട്ടു.
സെക്ടര്‍ സൂചിക
സെക്ടര്‍ സൂചികകളിൽ നിഫ്റ്റി മീഡിയ ഒഴികെ മറ്റെല്ലാ മേഖല സൂചികകളും ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. റിയലിറ്റി സൂചിക 4 ശതമാനം ഉയർന്നപ്പോൾ, മെറ്റൽ, ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ ഒരു ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.9 ശതമാനവും സ്മോൾക്യാപ് സൂചിക 0.4 ശതമാനവും ഉയർന്നു.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാനിലെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക എന്നിവ നേട്ടത്തിലെത്തിയപ്പോൾ ഹോങ്കോങ്ങിന്റെ ഹാങ് സെങ് താഴ്ന്നു. യൂറോപ്യൻ വിപണികൾ സമ്മിശ്ര പ്രതികരണത്തിലായിരുന്നു. യുഎസ് വിപണികൾ വ്യാഴാഴ്ച താഴ്ന്നു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.46 ശതമാനം ഇടിഞ്ഞ് ബാരലിന് 65.04 യുഎസ് ഡോളറിലെത്തി.