31 Oct 2025 3:10 PM IST
തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്: നിഫ്റ്റി 25,800-ന് താഴെ,ആദിത്യ ബിർള ഓഹരി കുതിക്കുന്നു
MyFin Desk
Summary
തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയിൽ ഇടിവ്
ഇന്ത്യൻ ഓഹരി വിപണിയിൽ ചാഞ്ചാട്ടം നിറഞ്ഞ ഒരു ദിവസമാണ് ഒക്ടോബർ 31 വെള്ളിയാഴ്ച. തുടർച്ചയായ രണ്ടാം ദിവസവും സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ തുടർച്ചയായി നിക്ഷേപംപിൻവലിക്കുന്നതും ദുർബലമായ ആഗോള സൂചനകളും വിപണിക്ക് തിരിച്ചടിയായി
ഉച്ചക്ക് 12:30 ന് സെൻസെക്‌സ് 284 പോയിന്റ് (0.34%) ഇടിഞ്ഞ് 84,124 എന്ന ലെവലിലുംനിഫ്റ്റി 92 പോയിന്റ് (0.36%) താഴ്ന്ന് 25,785 എന്ന ലെവലിലും എത്തി.ഒക്ടോബറിൽ ഏകദേശം 4.7 ശതമാനം മുന്നേറ്റം നടത്തി മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ വിപണിയിൽ ഇപ്പോൾ ലാഭമെടുപ്പ് ശക്തമാവുകയാണ്. 16 പ്രധാന മേഖലകളിൽ 13 എണ്ണവും നഷ്ടത്തിലാണ്. ഫിനാൻഷ്യൽ, മെറ്റൽ, ഹെൽത്ത്‌കെയർ മേഖലകളാണ് ഇന്ന് കൂടുതൽ ദുർബലമായത്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് തുടങ്ങിയ പൊതുമേഖലാ ബാങ്കുകൾ മികച്ച പാദഫലങ്ങളുടെ പിൻബലത്തിൽ 2% അധികം നേട്ടം രേഖപ്പെടുത്തി മുന്നേറി. അതേസമയം എൻടിപിസി, മാക്‌സ് ഹെൽത്ത്‌കെയർ, സിപ്ല, ഇന്റർഗ്ലോബ് ഏവിയേഷൻ എന്നിവ രണ്ടുശതമാനം വരെ ഇടിഞ്ഞു.
ആദിത്യ ബിർള ഗ്രൂപ്പ് ഓഹരികൾക്ക് തിളക്കം
വിപണിയിലെ പൊതുവായ ഇടിവിനിടയിലും ആദിത്യ ബിർള ഗ്രൂപ്പിന്റെ ഓഹരികളിൽ ശക്തമായ മുന്നേറ്റം തുടർന്നു.ആദിത്യ ബിർള റിയൽ എസ്റ്റേറ്റ് ഓഹരി നാലുശതമാന ലധികം ഉയർന്ന് 1,898-ൽ എത്തി.ആദിത്യ ബിർള ക്യാപിറ്റൽ ഓഹരി ഏകദേശം ആറുശതമാനം കുതിച്ച് 328 രൂപ എന്ന 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തി.
രണ്ടാം പാദത്തിൽ ആദിത്യ ബിർള റിയൽ എസ്റ്റേറ്റ് ഓഹരി 15.74 കോടി രൂപയുടെ മൊത്തം നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് നഷ്ടം കുറയ്ക്കാൻ സാധിച്ചത് പോസിറ്റീവ് സൂചനയായി നിക്ഷേപകർ കാണുന്നു. കമ്പനിയുടെ ദീർഘകാല വളർച്ചയിലുള്ള ആത്മവിശ്വാസം മൂലമാണ് ഈ ഓഹരികൾ മുന്നേറുന്നത്.
നിഫ്റ്റി സാങ്കേതിക വിശകലനം
നിഫ്റ്റി നിലവിൽ 25,790-എന്ന ലെവലിന് അടുത്ത് വ്യാപാരം ചെയ്യുന്നു. 25,950–26,000 ലെവലിൽ ഒരു ഡബിൾ ടോപ്പ് പാറ്റേൺ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഹ്രസ്വകാലത്തേക്ക് വിപണിയിലെ ഇടിവിൻ്റെ സൂചന നൽകുന്നു. 25,670–25,600 ലെവലിൽ ശക്തമായ പിന്തുണയുണ്ട്. 25,600-ന് മുകളിൽ നിലനിർത്തുന്നിടത്തോളം കാലം ബുളിഷ് പ്രവണത തുടരും. ഈ സപ്പോർട്ട് നിലനിർത്തി 26,000 മറികടക്കുകയാണെങ്കിൽ, സൂചിക 26,200–26,400 ലക്ഷ്യമാക്കി മുന്നേറാൻ സാധ്യതയുണ്ട്. 25,600-ലെവലിന് താഴേക്ക് പോയാൽ 25,400 ലെവൽ വരെ ഒരു കറക്ഷൻ വന്നേക്കാം.
(Disclaimer : ഓഹരികളിലെ നിക്ഷേപത്തിന് ഉയർന്ന നഷ്ട സാധ്യതയുണ്ട്. വായനക്കാർ കൃത്യമായ പഠനങ്ങൾക്ക് ശേഷം വേണം ഓഹരി വിപണി നിക്ഷേപം നടത്താൻ.)
പഠിക്കാം & സമ്പാദിക്കാം
Home
