6 Jan 2026 10:34 AM IST
Summary
ഇടിവോടെ തുടക്കം ; നിഫ്റ്റി 26200 ലെവലിന് താഴേക്ക്. ഇന്ന് ഓഹരി വിപണി എങ്ങനെയാകും? സാങ്കേതിക വിശകലനം
ചൊവ്വാഴ്ച ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. വിപണിയുടെ പ്രധാന സൂചികയായ നിഫ്റ്റി 50, 26,200 നിലവാരത്തിന് താഴേക്ക് പോയപ്പോൾ സെൻസെക്സ് ഏകദേശം 320 പോയിന്റോളം ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ വിപണിയിലുണ്ടായ ഈ തളർച്ച നിക്ഷേപകർക്കിടയിലെ ആശങ്കയെയാണ് സൂചിപ്പിക്കുന്നത്.
പ്രീ-മാർക്കറ്റ് സൂചനകൾ പോസിറ്റീവ് ആയിരുന്നിട്ടും, ഉയർന്ന നിലവാരത്തിൽ നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതും ആഗോള വിപണിയിലെ സമ്മിശ്ര പ്രതികരണങ്ങളുമാണ് വിപണിയെ താഴേക്ക് നയിച്ചത്. ഇത് മുൻനിര ഓഹരികളിൽ വിൽപന സമ്മർദ്ദം വർദ്ധിക്കാൻ കാരണമായി.
എങ്കിലും, നിഫ്റ്റി അതിന്റെ റെക്കോർഡ് ഉയരങ്ങൾക്ക് അടുത്ത് നിൽക്കുന്നതിനാലും ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾ തുടരുന്നതിനാലും ഈ മുന്നേറ്റം പരിമിതപ്പെടാൻ സാധ്യതയുണ്ട്. തിങ്കളാഴ്ച നിഫ്റ്റി 26,373.20 എന്ന പുതിയ ഇൻട്രാഡേ റെക്കോർഡ് തൊട്ടെങ്കിലും, അത് നിലനിർത്താൻ സാധിക്കാതെ 0.30% നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് ആകട്ടെ, രണ്ടാം പകുതിയിലെ വിൽപന സമ്മർദ്ദം മൂലം 322 പോയിന്റ് ഇടിഞ്ഞു. വർദ്ധിച്ചുവരുന്ന രാഷ്ട്രീയ സംഘർഷങ്ങളും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ യു.എസ്. ഏർപ്പെടുത്തിയേക്കാവുന്ന അധിക താരിഫുകളെക്കുറിച്ചുള്ള ആശങ്കകളും നിക്ഷേപകരെ ജാഗരൂകരാക്കുന്നു.
നിഫ്റ്റി 50: റെക്കോർഡ് ഉയരത്തിൽ മുന്നേറ്റം തുടരുമോ?
പ്രതിദിന ടൈംഫ്രെയിമിൽ , നിഫ്റ്റി 50 അതിന്റെ ശക്തമായ കുതിപ്പ് തുടരുന്നുണ്ടെങ്കിലും ഒരു പ്രധാന റെസിസ്റ്റൻസ് മേഖലയ്ക്ക് സമീപം അല്പം വെൿനെസ്സ് പ്രകടിപ്പിക്കുന്നുണ്ട്. സൂചിക വീണ്ടും 26,330–26,370 എന്ന റെസിസ്റ്റൻസ് ബാൻഡിൽ തട്ടി നിൽക്കുകയാണ്. ഈ മേഖലയിൽ നിന്ന് ഒന്നിലധികം തവണ തിരിച്ചടി നേരിട്ടത് സൂചിപ്പിക്കുന്നത് ഉയർന്ന ലെവൽ വിൽപന സമ്മർദ്ദം (Supply) ശക്തമാണെന്നാണ്. ഉയർന്നു വരുന്ന ട്രെൻഡ്‌ലൈൻ സപ്പോർട്ട് നിലനിൽക്കുന്നിടത്തോളം വിപണി ശുഭസൂചന നൽകുന്നു. നിലവിൽ 25,850–25,900 മേഖലയിലാണ് ഈ സപ്പോർട്ട് ഉള്ളത്. ഇതൊരു ഹൊറിസോണ്ടൽ സപ്പോർട്ട് സോൺ കൂടിയായതിനാൽ ഏറ്റവും ശ്രദ്ധിക്കേണ്ട നിലവാരമാണിത്. ഈ സപ്പോർട്ട് തകർക്കപ്പെട്ടാൽ വിപണിയിൽ ലാഭമെടുപ്പ് വർദ്ധിക്കാനും കൂടുതൽ കൺസോളിഡേഷനിലേക്ക് നീങ്ങാനും സാധ്യതയുണ്ട്.
മൊമെന്റം സൂചകമായ ആർഎസ്ഐ 57–58 നിലവാരത്തിലാണ്. ഇത് 50-ന് മുകളിൽ തുടരുന്നത് കുതിപ്പിനുള്ള സാഹചര്യം നിലനിൽക്കുന്നു എന്ന് കാണിക്കുന്നുണ്ടെങ്കിലും ഒരു ബ്രേക്ക്ഔട്ട് ഉറപ്പിക്കാനുള്ള കരുത്ത് ഇതിനില്ല..
ശ്രദ്ധിക്കേണ്ട പ്രധാന ലെവലുകൾ
പെട്ടെന്നുള്ള റെസിസ്റ്റൻസ്- 26,330 – 26,370 ലെവൽ
പെട്ടെന്നുള്ള സപ്പോർട്ട്: 25,900 – 25,850 ലെവൽ
പോസിറ്റീവ്, എങ്കിലും റെസിസ്റ്റൻസിന് സമീപം ഒരു പ്രത്യേക പരിധിയിൽ തുടരാൻ സാധ്യത.
ബാങ്കിങ് ഓഹരികളിൽ ലാഭമെടുപ്പ്; ശ്രദ്ധാകേന്ദ്രമായി എഫ്.എം.സി.ജി മേഖല
ബാങ്ക് നിഫ്റ്റി പുതിയ റെക്കോർഡ് ഉയരങ്ങൾ കീഴടക്കിയതിന് പിന്നാലെ ബാങ്കിങ് ഓഹരികളിൽ ഉണ്ടായ ലാഭമെടുപ്പ് വിപണിയെ താഴേക്ക് നയിച്ചു. എങ്കിലും, വായ്പാ വളർച്ചയിലുണ്ടാകുന്ന പുരോഗതി ബാങ്കിങ് മേഖലയുടെ ദീർഘകാല കാഴ്ചപ്പാട് പോസിറ്റീവായി നിലനിർത്തുന്നു. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾ കാരണം ഐ.ടി ഓഹരികൾ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്, ഇത് വിപണിക്ക് തിരിച്ചടിയാണ്.
മറുഭാഗത്ത്, വർദ്ധിച്ചുവരുന്ന ആവശ്യകതയും നികുതി ഇളവുകൾക്ക് ശേഷമുള്ള ഉപഭോഗ രീതികളും കാരണം എഫ്എംസിജി, റീട്ടെയിൽ തുടങ്ങിയ ഉപഭോക്തൃ മേഖലകൾ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. കൂടാതെ, വരാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി സർക്കാർ മൂലധനച്ചെലവ് വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയും നിക്ഷേപകർ ഉറ്റുനോക്കുന്നു. ഇത് അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കും അനുബന്ധ മേഖലകൾക്കും വലിയ പിന്തുണ നൽകിയേക്കാം.
ബാങ്കിങ് മേഖലയിലും ഉപഭോക്തൃ വിപണിയിലും ഉണർവ്
ക്വാർട്ടർ അപ്‌ഡേറ്റുകളും കമ്പനികളുമായി ബന്ധപ്പെട്ട പുതിയ വാർത്തകളും പശ്ചാത്തലമാക്കി ഇന്ന് വിപണിയിൽ നിരവധി ഓഹരികൾ ശ്രദ്ധിക്കപ്പെടും. മികച്ച വായ്പാ വളർച്ച രേഖപ്പെടുത്തിയതോടെ കോടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകൾ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമാകും. ക്രെഡിറ്റ് ഡിമാൻഡിലുണ്ടാകുന്ന വർദ്ധനവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
നേരത്തെയുള്ള തളർച്ചയ്ക്ക് ശേഷം മികച്ച തിരിച്ചുവരവ് പ്രകടിപ്പിച്ച ഫാഷൻ റീട്ടെയിൽ കമ്പനിയായ ട്രെന്റ് , കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 17% വളർച്ച രേഖപ്പെടുത്തി. നികുതി മാറ്റങ്ങൾക്ക് ശേഷം ഉപഭോക്തൃ ആവശ്യകത സാധാരണ നിലയിലായതോടെ ഡാബർ ഇന്ത്യയും കുതിപ്പിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്.
ഇന്ന് ശ്രദ്ധിക്കപ്പെടാൻ സാധ്യതയുള്ള ഓഹരികൾ
എൽ ആൻഡ് ടി ഫിനാൻസ് (L&T Finance)
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് (Utkarsh Small Finance Bank)
എ.ഡബ്ല്യു.എൽ അഗ്രി ബിസിനസ് (AWL Agri Business)
മോയിൽ (MOIL)
ഓൾകാർഗോ ടെർമിനൽസ് (Allcargo Terminals)
കെ.എസ്.എച്ച് ഇന്റർനാഷണൽ (KSH International)
ഓയിൽ ഇറക്കുമതിയിൽ റിലയൻസ്; ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് നെസ്‌ലെ: വിപണിയിലെ പുതിയ മാറ്റങ്ങൾ
റിലയൻസ് ഇൻഡസ്ട്രീസ്
റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയുമായി ബന്ധപ്പെട്ട വാർത്തകളിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വ്യക്തത വരുത്തി. റഷ്യൻ ക്രൂഡ് ഓയിൽ വഹിച്ചുകൊണ്ടുള്ള കപ്പലുകൾ തങ്ങളുടെ ജാംനഗർ റിഫൈനറിയിലേക്ക് വരുന്നുണ്ടെന്ന വാദങ്ങൾ കമ്പനി പൂർണ്ണമായും നിഷേധിച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി റഷ്യൻ ഓയിൽ കാർഗോകളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ജനുവരിയിൽ അത്തരം ഡെലിവറികളൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതും കമ്പനിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതുമാണെന്നും റിലയൻസ് വ്യക്തമാക്കി. ഈ ഔദ്യോഗിക വിശദീകരണം ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമായും ഉപരോധങ്ങളുമായും ബന്ധപ്പെട്ട് ഓഹരിയിലുണ്ടായേക്കാവുന്ന ആശങ്കകൾ കുറയ്ക്കാൻ സഹായിച്ചേക്കും.
പഠിക്കാം & സമ്പാദിക്കാം
Home
