16 Feb 2026 1:23 PM IST
തിരിച്ചുവരവ് നടത്തി ഇന്ത്യൻ വിപണി; നിഫ്റ്റി 25,500-ന് മുകളിൽ; തകർച്ചയ്ക്ക് ശേഷം 'വാല്യൂ ബയിംഗ്'
MyFin Desk
Summary
തകർച്ചയ്ക്ക് ശേഷം ഓഹരി വിപണിയിൽ 'വാല്യൂ ബയിംഗ്' , ഓഹരി വിപണിയുടെ പ്രകടനം എങ്ങനെ? സാങ്കേതിക വിശകലനം
രാവിലെയുണ്ടായ കനത്ത തകർച്ചയിൽ നിന്ന് പടിപടിയായി കരകയറി ഇന്ത്യൻ ഓഹരി വിപണി ഇപ്പോൾ നേട്ടത്തിൽ വ്യാപാരം തുടരുന്നു. ഉച്ചയോടെ സെൻസെക്സ് അതിന്റെ താഴ്ന്ന നിലവാരത്തിൽ നിന്ന് 300 പോയിന്റിലധികം തിരിച്ചുപിടിച്ചു. നിഫ്റ്റി 50 സൂചിക 25,500 എന്ന നിർണ്ണായക നിലവാരത്തിന് മുകളിലേക്ക് തിരിച്ചെത്തിയതും ബുള്ളുകൾക്ക് ആശ്വാസം നൽകുന്നു. പ്രധാന ഓഹരികളിലും പ്രതിരോധ മേഖലയിലുള്ള ഓഹരികളിലും നിക്ഷേപകർ കുറഞ്ഞ വിലയിൽ വാങ്ങൽ നടത്തിയതാണ് ഈ തിരിച്ചുവരവിന് കാരണമായത്.
വിപണി നിലവാരം
സെൻസെക്സ്: 82,700 – 82,900 നിലവാരത്തിൽ വ്യാപാരം തുടരുന്നു (0.2 – 0.3 ശതമാനം നേട്ടം).
നിഫ്റ്റി 50: 25,520-ന് മുകളിൽ നിലയുറപ്പിച്ചു (ഏകദേശം 0.2 ശതമാനം നേട്ടം).
മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. മുൻനിര ഓഹരികളെ അപേക്ഷിച്ച് ഇവയിൽ ചലനം കുറവാണ്.
വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
വാല്യൂ ബയിംഗ്: കഴിഞ്ഞ ദിവസങ്ങളിലെ തകർച്ചയെത്തുടർന്ന് വില കുറഞ്ഞ മികച്ച ഓഹരികൾ വാങ്ങാൻ നിക്ഷേപകർ താല്പര്യം കാണിക്കുന്നത് വിപണിയെ സ്ഥിരതയുള്ളതാക്കുന്നു.
ആഗോള സൂചനകൾ: മിശ്രമായ ആഗോള സൂചനകൾക്കിടയിലും ഇന്ത്യൻ വിപണി സ്വന്തമായി ഒരു അടിത്തറ കണ്ടെത്താൻ ശ്രമിക്കുന്നു. രൂപയുടെ മൂല്യത്തിലുണ്ടാകുന്ന നേരിയ കുറവും വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നത് തുടരുന്നതും വിപണിയുടെ വലിയ കുതിപ്പിന് തടസ്സമാകുന്നുണ്ട്.
ആദ്യ മണിക്കൂറുകളിൽ വലിയ വോൾട്ടിലിറ്റി പ്രകടമായെങ്കിലും വിപണി ഇപ്പോൾ പോസിറ്റീവ് മേഖലയിൽ കണ്സോളിഡേഷൻ. നിഫ്റ്റി 25,500 നിലവാരത്തിന് മുകളിൽ ഇന്ന് ക്ലോസ് ചെയ്യാൻ കഴിഞ്ഞാൽ വരും ദിവസങ്ങളിൽ കൂടുതൽ മുന്നേറ്റത്തിന് സാധ്യതയുണ്ട്.
സപ്പോർട്ട് മേഖലയിൽ കടുത്ത പോരാട്ടം; ട്രെൻഡ് നിർണ്ണായക ഘട്ടത്തിൽ
നിഫ്റ്റി 50-യുടെ മണിക്കൂർ ചാർട്ട് വിശകലനം ചെയ്താൽ, സൂചിക ഇപ്പോൾ ഷോർട് ടൈം ഒരു ബിയറിഷ് ട്രെൻഡിന്റെ നിഴലിലാണെന്ന് കാണാം. ഒരു ഡിസെൻഡിംഗ് ചാനലിനുള്ളിൽ വ്യാപാരം തുടരുന്ന നിഫ്റ്റി, 24,900 നിലവാരത്തിൽ നിന്ന് ശക്തമായ ഒരു തിരിച്ചുകയറ്റം നടത്തിയെങ്കിലും 25,900-ൽ ശക്തമായ പ്രതിരോധം നേരിട്ട് വീണ്ടും താഴേക്ക് പതിച്ചു. ഇത് ചാർട്ടിൽ ഒരു 'ലോവർ ഹൈ' (Lower high) പാറ്റേൺ രൂപപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 25,750–25,800 മേഖല ഒരു പ്രധാന സപ്ലൈ സോണായി പ്രവർത്തിക്കുന്നതിനാൽ ഓരോ ഉയർച്ചയിലും വിൽപന സമ്മർദ്ദം പ്രകടമാകുന്നുണ്ട്.
സൂചിക ഇപ്പോൾ 25,570 നിലവാരത്തിന് അടുത്ത് നിൽക്കുമ്പോൾ, താഴെ ഭാഗത്ത് 25,480 എന്നത് നിർണ്ണായകമായ സപ്പോർട്ടാണ്. ഈ ലെവൽ തകർന്നാൽ വില 25,300 അല്ലെങ്കിൽ 25,200 വരെ താഴാൻ സാധ്യതയുണ്ട്. മുകൾ ഭാഗത്ത്, 25,890 എന്ന പ്രതിരോധം തകർത്ത് മുകളിലെത്തിയാൽ മാത്രമേ നിലവിലെ ബിയറിഷ് സാഹചര്യം മാറുകയും 26,000-ത്തിന് മുകളിലേക്കുള്ള പുതിയൊരു കുതിപ്പിന് കളമൊരുങ്ങുകയും ചെയ്യുകയുള്ളൂ. ചുരുക്കത്തിൽ, 25,480 എന്ന ലെവൽ അടിസ്ഥാനമാക്കിയാകും വരും സെഷനുകളിലെ നിഫ്റ്റിയുടെ ദിശ നിശ്ചയിക്കപ്പെടുക.
ഇന്ത്യൻ വിപണിയിൽ സമ്മിശ്ര പ്രതികരണം; ഐടി മേഖലയിൽ 'എഐ' പേടി
തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ ഇന്ത്യൻ സൂചികകൾ സമ്മിശ്രമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. പ്രമുഖ ഓഹരികളിലെ വാങ്ങൽ താല്പര്യം വിപണിയെ താങ്ങിനിർത്തുന്നുണ്ടെങ്കിലും ഐടി മേഖലയിലെ തളർച്ച ആശങ്കയായി തുടരുന്നു.
നേട്ടമുണ്ടാക്കിയ ഓഹരികളിൽ പവർ ഗ്രിഡ് , കോൾ ഇന്ത്യ , എച്ച്ഡിഎഫ്സി ബാങ്ക്, അദാനി എന്റർപ്രൈസസ്, മാക്സ് ഹെൽത്ത് കെയർ എന്നിവ മുന്നിലുണ്ട്.
നഷ്ടം നേരിട്ട ഓഹരികളിൽ ഇൻഫോസിസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഐടി വമ്പന്മാരും ചില ഓട്ടോ, ഫിനാൻഷ്യൽ ഓഹരികളും സമ്മർദ്ദത്തിലാണ്.
എഫ്എംസിജി, ഫാർമ, ഹെൽത്ത് കെയർ, റിയൽറ്റി തുടങ്ങിയ ഡിഫൻസീവ് സെക്ടറുകളിൽ മുന്നേറ്റം ദൃശ്യമാണ്. എന്നാൽ മെറ്റൽസ്, മീഡിയ, ഓട്ടോ എന്നീ മേഖലകളിൽ ലാഭമെടുപ്പ് (Profit-booking) നടക്കുന്നു.
ഐടിയിൽ ഇടിവ്
നിഫ്റ്റി ഐടി സൂചിക തുടർച്ചയായ നാലാം സെഷനിലും ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടയിൽ ഏകദേശം 9 ശതമാനത്തിലധികം തകർച്ചയാണ് ഈ മേഖലയിലുണ്ടായത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള കടന്നുകയറ്റം ഇന്ത്യൻ ഐടി കമ്പനികളുടെ പരമ്പരാഗത ബിസിനസ് മോഡലിനെ ബാധിക്കുമെന്ന് നിക്ഷേപകർ ഭയപ്പെടുന്നു.
എഐ ടൂളുകൾ വരുന്നതോടെ പ്രോജക്റ്റ് കാലാവധി കുറയുന്നതും ജീവനക്കാരുടെ എണ്ണം ചുരുങ്ങുന്നതും കമ്പനികളുടെ ലാഭവിഹിതത്തെ ബാധിച്ചേക്കാം.ദുർബലമായ ആഗോള ടെക് സൂചനകളും ഡോളറിന്റെ കരുത്തും യുഎസ് പലിശ നിരക്ക് കുറയുന്നതിലെ അനിശ്ചിതത്വവും ഐടി ഓഹരികളെ കൂടുതൽ തളർത്തുന്നു. ഇൻഫോസിസ്, ടെക് മഹീന്ദ്ര ഓഹരികൾ 2 ശതമാനത്തോളം താഴ്ന്നു.
ഐടി മേഖലയിലെ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും ഫാർമ, ബാങ്കിംഗ് മേഖലകൾ വിപണിയെ താങ്ങിനിർത്തുന്നു. നിഫ്റ്റി 25,500 നിലവാരത്തിന് മുകളിൽ തുടരുന്നത് പോസിറ്റീവ് സൂചനയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
