1 Nov 2023 3:34 PM IST
Summary
- 1 ഡോളറിന് 83.29 രൂപ എന്ന സര്‍വകാല താഴ്ചയിലേക്ക് ഇടനേരത്ത് മൂല്യം താഴ്ന്നു
- ഏഷ്യന്‍ വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടം രേഖപ്പെടുത്തി
തുടര്‍ച്ചയായ രണ്ടാം ദിവസവും ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. വിദേശ ഫണ്ടുകളുടെ പുറത്തേക്കൊഴുക്കും ബാങ്കിംഗ്, ധനകാര്യം, മെറ്റൽ സ്റ്റോക്കുകളിലെ ശക്തമായ വില്‍പ്പനയും വിപണികളെ താഴോട്ടുവലിച്ചു. യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് തീരുമാനത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പുലര്‍ത്തുകയാണ്. രൂപക്കെതിരേ ഡോളര്‍ കരുത്താര്‍ജിച്ചതും ശക്തമായ യുഎസ് ബോണ്ട് യീല്‍ഡും വിദേശ നിക്ഷേപകരെ വില്‍പ്പന ശക്തമാക്കാന്‍ പ്രേരിപ്പിച്ചു.
നിഫ്റ്റി 50 ഇന്ന് 90 പോയിന്‍റ് (0.47 ശതമാനം) താഴ്ന്ന് 18,989.60ലും സെൻസെക്സ് 286 പോയിൻറ് (0.45 ശതമാനം) താഴ്ന്ന് 63,588.70 ലും ക്ലോസ് ചെയ്തു.
സൺ ഫാർമ, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസെർവ്, സ്‍റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ് എന്നിവയുടെ ഓഹരികള്‍ നേട്ടത്തിലാണ്. ഏഷ്യൻ പെയിന്റ്‌സ്, മാരുതി സുസുക്കി ഇന്ത്യ, എൻ ടി പി സി, ടാറ്റ സ്റ്റീൽ, നെസ്‌ലെ ഇന്ത്യ എന്നിവയാണ് പ്രധാനമായും നഷ്ടം രേഖപ്പെടുത്തിയ ഓഹരികള്‍.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ഹോങ്കോംഗ് ഇടിവിലായിരുന്നു. ചൊവ്വാഴ്ച യുഎസ് വിപണികൾ പോസിറ്റീവ് മേഖലയിലാണ് അവസാനിച്ചത്.വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ചൊവ്വാഴ്ച 696.02 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.ചൊവ്വാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 237.72 പോയിന്റ് അല്ലെങ്കിൽ 0.37 ശതമാനം ഇടിഞ്ഞ് 63,874.93 ൽ എത്തി. നിഫ്റ്റി 61.30 പോയിന്റ് അഥവാ 0.32 ശതമാനം ഇടിഞ്ഞ് 19,079.60 ലെത്തി.
രൂപ സര്‍വകാല താഴ്ചയിലേക്ക്
ഇന്ന് വിനിമയത്തില്‍ ഇന്ത്യന്‍ രൂപ സര്‍വകാല താഴ്ചയിലേക്ക് എത്തി. 1 ഡോളറിന് 83.29 രൂപ എന്ന സര്‍വകാല താഴ്ചയിലേക്ക് ഇന്ന് ഇടനേരത്ത് മൂല്യം താഴ്ന്നു. റിസര്‍വ് ബാങ്കിന്‍റെ ഇടപെടലുകളാണ് തുടര്‍ന്നുള്ള മൂല്യ തകര്‍ച്ചയില്‍ നിന്ന് രൂപയെ രക്ഷിക്കുന്നതെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.
ആറ് കറൻസികളുടെ കൂട്ടവുമായി ഡോളറിനെ താരതമ്യം ചെയ്യുന്ന, ഡോളർ സൂചിക 0.04 ശതമാനം ഉയർന്ന് 106.75 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച 1 ഡോളറിനെതിരേ 83.25 രൂപ എന്ന നിലയിലായിരുന്നു ക്ലോസിംഗ്. ആഭ്യന്തര ഓഹരികളിലെ ദുർബലമായ പ്രവണത, തുടർച്ചയായ വിദേശ ഫണ്ടുകളുടെ ഒഴുക്ക്, ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനവ് എന്നിവ രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
