26 Oct 2023 10:26 AM IST
യുഎസ് ട്രഷറി ആദായം ഉയര്‍ന്നതിന്‍റെയും മധ്യേഷ്യയിലെ സംഘർഷത്തെ കുറിച്ചുള്ള ആശങ്കകളുടെയും പശ്ചാത്തലത്തില്‍ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ വ്യാഴാഴ്ച തുടർച്ചയായ ആറാം സെഷനിലും താഴ്ച്ചയിലാണ്. രാവിലെ 10.19 നുള്ള വിവരം അനുസരിച്ച് ബിഎസ്ഇ സെൻസെക്‌സ് 657.28 പോയിന്‍റ് (1.03%) താഴ്ന്ന് 63,391.78ലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 206.95 പോയിന്റ് (1.08%) താഴ്ന്ന് 18,915.20ലാണ് വ്യാപാരം നടത്തുന്നത്.
സെൻസെക്‌സ് ഓഹരികളിൽ ടെക് മഹീന്ദ്രയും എം ആൻഡ് എമ്മും 2.3 ശതമാനം വീതം ഇടിഞ്ഞു. ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റ സ്റ്റീൽ എന്നിവയും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. അതേസമയം ആക്‌സിസ് ബാങ്ക്, എച്ച്‌സിഎൽ ടെക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ നേട്ടത്തിലാണ്. ജൂബിലന്റ് ഫുഡ് വർക്ക്സ് ഓഹരികൾ 5 ശതമാനത്തിലധികം ഇടിഞ്ഞു, കമ്പനി അതിന്റെ സെപ്തംബർ പാദത്തിലെ ലാഭത്തിൽ 39.5% ഇടിവ് രേഖപ്പെടുത്തിയതാണ് ഇതിന് കാരണം.
2023 സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ അറ്റാദായം 10 ശതമാനം വർധിച്ച് 124.2 കോടി രൂപയായതിന്‍റെ പശ്ചാത്തലത്തില്‍ സൊണാറ്റ സോഫ്റ്റ്‌വെയർ ഓഹരികൾ 4 ശതമാനത്തിലധികം ഉയർന്നു.
" ഇസ്രായേൽ-ഹമാസ് സംഘർഷം വിപണിയെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടിയായി തുടരുന്നു. സംഘർഷം ദീർഘകാലം നീണ്ടുനിന്നാൽ അത് ആഗോള വളർച്ചയെയും ബാധിക്കും. ആഗോള സമ്പദ്‌വ്യവസ്ഥ ഇതിനകം തന്നെ മാന്ദ്യത്തിന്റെ നടുവിലാണ്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു. "സമീപ കാലത്ത്, വിപണിയുടെ ഏറ്റവും വലിയ തിരിച്ചടി യുഎസ് ബോണ്ട് യീൽഡുകളാണ്. 10 വർഷത്തെ ബോണ്ട് യീൽഡ് ഏകദേശം 5 ശതമാനത്തില്‍ എത്തിയ സാഹചര്യത്തില്‍ എഫ്‍പിഐകള്‍ വിൽപ്പന തുടരും," വിജയകുമാർ കൂട്ടിച്ചേർത്തു.
പ്രമുഖ ഏഷ്യന്‍ വിപണികളെല്ലാം ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയെല്ലാം ചുവപ്പിലാണ്.
പഠിക്കാം & സമ്പാദിക്കാം
Home
