1 April 2026 9:50 AM IST
ഇന്ന് മുതൽ എഫ് &ഒ ട്രേഡിംഗിന് ചിലവേറും; എസ്ടിടി നിരക്കുകളിൽ 150% വരെ വർദ്ധനവ്!
MyFin Desk
stt-hike-impact-fo-traders-kerala-news.jpg
Summary
ബജറ്റ് 2026 പ്രഖ്യാപനങ്ങൾ പ്രാബല്യത്തിൽ; നിഫ്റ്റി, ബാങ്ക് നിഫ്റ്റി ഫ്യൂച്ചേഴ്സ് ട്രേഡർമാരുടെ ബ്രേക്ക് ഈവൻ പോയിന്റുകൾ ഇരട്ടിയാകും.
നിങ്ങൾ ഒരു എഫ്&ഒ ട്രേഡർ ആണോ? എങ്കിൽ ഏപ്രിൽ ഒന്ന് മുതൽ ലാഭക്കണക്കുകളിൽ വലിയൊരു മാറ്റം വരാൻ പോകുകയാണ്. വെറുമൊരു നിസാര വർദ്ധനവല്ല, ഫ്യൂച്ചേഴ്സ് വിഭാഗത്തിൽ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് വർദ്ധിക്കുന്നത് 150 ശതമാനമാണ്!2026-ലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച പുതിയ നികുതി നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരികയാണ്. വിപണിയിലെ അമിതമായ സ്പെക്കുലേഷൻ അഥവാ ഊഹക്കച്ചവടം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
പുതിയ നിരക്കുകൾ ഇങ്ങനെയാണ്:
ഫ്യൂച്ചേഴ്സ് : നിലവിലെ 0.02 ശതമാനത്തിൽ നിന്ന് 0.05 ശതമാനമായി വർദ്ധിച്ചു. അതായത് കൃത്യം 150 ശതമാനം വർദ്ധനവ്.
ഓപ്ഷൻസ്: പ്രീമിയത്തിന്മേലുള്ള നികുതി 0.1 ശതമാനത്തിൽ നിന്ന് 0.15 ശതമാനമായി ഉയർന്നു. 50 ശതമാനത്തിന്റെ വർദ്ധനവ് ഇവിടെയും കാണാം.
എന്താണ് ഇതുകൊണ്ട് സംഭവിക്കുന്നത്
നിങ്ങളുടെ 'ബ്രേക്ക് ഈവൻ പോയിന്റ്' അഥവാ ലാഭത്തിലേക്ക് കടക്കാനുള്ള പോയിന്റ് വ്യത്യാസം ഏകദേശം ഇരട്ടിയാകും. ഉദാഹരണത്തിന്, നിഫ്റ്റി ഫ്യൂച്ചേഴ്സിൽ ട്രേഡ് ചെയ്യുന്ന ഒരാൾക്ക് പഴയ നിരക്ക് പ്രകാരം ഏകദേശം 6 പോയിന്റ് ലഭിച്ചാൽ ലാഭമായിരുന്നെങ്കിൽ, പുതിയ നിയമം വരുന്നതോടെ 13 പോയിൻ്റെങ്കിലും വേണ്ടി വരും . ബാങ്ക് നിഫ്റ്റിയിൽ ഇത് 10.4-ൽ നിന്ന് 26 പോയിന്റിലേക്കും, സെൻസെക്സിൽ 15-ൽ നിന്ന് 37.5 പോയിന്റിലേക്കും കുതിച്ചുയരും. അതായത്, മാർക്കറ്റിൽ വലിയൊരു മൂവ്‌മെന്റ് ഉണ്ടായാൽ മാത്രമേ ഇനി ഒരു ട്രേഡർക്ക് ലാഭം കൊയ്യാൻ സാധിക്കൂ. ചെറിയ ലാഭത്തിനായി ഇടയ്ക്കിടെ ട്രേഡ് ചെയ്യുന്ന സ്കാൽപേഴ്സിനെ ഈ നീക്കം സാരമായി ബാധിക്കും.
മോശം എൻട്രികൾ എടുത്തു ശീലിച്ചവർക്ക് ഇനി പിടിച്ചുനിൽക്കുക പ്രയാസമാകും. പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ കണക്കുകൂട്ടൽ പ്രകാരം, വിപണിയിലെ ട്രേഡിംഗ് വോളിയത്തിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാകാൻ സാധ്യതയുണ്ട്.വിദേശ നിക്ഷേപകരെയും (FPIs), പ്രത്യേകിച്ച് ഹൈ-ഫ്രീക്വൻസി ട്രേഡിംഗ് നടത്തുന്ന ആഗോള ഫണ്ടുകളെയും ഈ നികുതി വർദ്ധനവ് വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കാം. ചുരുക്കത്തിൽ, ട്രേഡിംഗ് ഇനി അത്ര എളുപ്പമാകില്ല. ഓരോ ട്രേഡും കൃത്യമായ പ്ലാനിംഗോടും കൃത്യതയോടും കൂടി ചെയ്തില്ലെങ്കിൽ ടാക്സും ചാർജുകളും നിങ്ങളുടെ മൂലധനം കാർന്നുതിന്നും. കൂടുതൽ വിവേകത്തോടെ നിക്ഷേപങ്ങൾ നടത്തുക.
പഠിക്കാം & സമ്പാദിക്കാം
Home
