image

18 Dec 2023 10:14 AM IST

Stock Market Updates

മധുരം നല്‍കി ഷുഗര്‍ സ്‌റ്റോക്കുകള്‍; കുതിച്ചത് 8%

MyFin Desk

മധുരം നല്‍കി ഷുഗര്‍ സ്‌റ്റോക്കുകള്‍; കുതിച്ചത് 8%
X

Summary

ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര ഉല്‍പ്പാദകരാണ് ഇന്ത്യ


ഇന്ന് (ഡിസംബര്‍ 18) തുടക്ക വ്യാപാരത്തില്‍ 8 ശതമാനമാണ് ഷുഗര്‍ സ്റ്റോക്കുകള്‍ മുന്നേറിയത്.

എഥനോള്‍ നിര്‍മിക്കുന്നതിന് കരിമ്പ് ജ്യൂസ് ഉപയോഗിക്കുന്നത് നിരോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം കേന്ദ്ര ഭക്ഷ്യമന്ത്രാലയം പിന്‍വലിച്ചതാണ് ഷുഗര്‍ സ്റ്റോക്കുകള്‍ 8 ശതമാനം വരെ കുതിച്ചുയരാന്‍ കാരണം.

ഡിസംബര്‍ 18ന് രാവിലെ 9.17-ന് ബല്‍രാംപുര്‍ ചിനി മില്‍സ്, ശ്രീ രേണുക ഷുഗേഴ്‌സ് എന്നീ ഷുഗര്‍ സ്റ്റോക്കുകള്‍ 7.5 ശതമാനം മുന്നേറി. ഡാല്‍മിയ ഭാരത് ഷുഗര്‍ 6.5 ശതമാനം ഉയര്‍ന്നു. ത്രിവേണി എഞ്ചിനീയറിംഗ്, ഇഐഡി-പാരി (ഇന്ത്യ) എന്നിവ 5 ശതമാനം വീതം ഉയര്‍ന്നു.

മുന്നേറിയത് വന്‍ ഇടിവില്‍ നിന്ന്

ഡിസംബര്‍ 6 മുതല്‍ ഡിസംബര്‍ 16 വരെ, ബല്‍റാംപൂര്‍ ചിനി മില്‍സിന്റെ ഓഹരികള്‍ 17.5 ശതമാനവും ഡാല്‍മിയ ഭാരത് ഷുഗര്‍ സ്‌റ്റോക്ക് 11.13 ശതമാനവും ശ്രീ രേണുക ഷുഗേഴ്‌സിന് 7.6 ശതമാനവും ത്രിവേണി എഞ്ചിനീയറിംഗ് 12.2 ശതമാനവും ഇടിഞ്ഞിരുന്നു.

നിരോധിച്ചത് ഡിസംബര്‍ 7 ന്

2023-24 വിതരണ വര്‍ഷത്തില്‍ (supply year) എഥനോള്‍ നിര്‍മിക്കുന്നതിനു കരിമ്പ് ജ്യൂസ് ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ട് 2023 ഡിസംബര്‍ 7-നാണ് ഭക്ഷ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.

ആഭ്യന്തര വിപണിയില്‍ ആവശ്യത്തിന് പഞ്ചസാര ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു കേന്ദ്രം ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

എന്നാല്‍ ഈ ഉത്തരവ് കേന്ദ്രം പിന്‍വലിച്ചു. മാത്രമല്ല, എഥനോള്‍ നിര്‍മിക്കാന്‍ കരിമ്പ് ജ്യൂസും, ബി-ഹെവി മൊളാസസും ഉപയോഗിക്കാമെന്നും കേന്ദ്രം അറിയിച്ചു. പഞ്ചസാരയുടെ ഉപോല്‍പ്പന്നമാണ് ബി-ഹെവി മൊളാസസും, സി-ഹെവി മൊളാസസും.

ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര ഉല്‍പ്പാദകരാണ് ഇന്ത്യ. എന്നാല്‍ കരിമ്പ് വിളകളെ ക്രമരഹിതമായ മണ്‍സൂണ്‍ ദോഷകരമായി ബാധിച്ചു. ഇതേ തുടര്‍ന്ന് കരിമ്പിന്റെ ഉല്‍പാദനത്തില്‍ ഇടിവുണ്ടായേക്കുമെന്ന കണക്കുകൂട്ടലിനെ തുടര്‍ന്നു സര്‍ക്കാര്‍ പഞ്ചസാര കയറ്റുമതിക്ക് ചില നിയന്ത്രണവുമേര്‍പ്പെടുത്തിയിരുന്നു.