image

20 Dec 2023 3:44 PM IST

Stock Market Updates

അമ്പരിപ്പിച്ച് യു ടേണ്‍; കുത്തനെ വീണ് സൂചികകളുടെ ക്ലോസിംഗ്

MyFin Desk

surprise u turn, sensex and nifty fell sharply
X

Summary

  • ഇടവ്യാപാരത്തില്‍ പുതിയ സര്‍വകാല ഉയരങ്ങള്‍
  • ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നേട്ടത്തില്‍
  • മീഡിയയും പൊതുമേഖലാ ബാങ്കുകളും ഏറ്റവും വലിയ നഷ്ടങ്ങള്‍ നേരി


ആഭ്യന്തര ഓഹരി വിപണി സൂചികകളില്‍ ഇന്ന് ദൃശ്യമായത് സര്‍പ്രൈസ് യു ടേണ്‍. രാവിലെ തുടക്ക വ്യാപാരത്തില്‍ പുതിയ സര്‍വകാല ഉയരങ്ങള്‍ സൃഷ്ടിച്ച് മുന്നേറിയ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തില്‍ ഇടിവിലേക്ക് നീങ്ങി. പ്രധാന ആഗോള വിപണികളും ആഭ്യന്തര വിപണികളും നേട്ടത്തിലിരിക്കെ ഇന്ത്യന്‍ വിപണികള്‍ പൊടുന്നനെ ചുവപ്പിലേക്ക് നീങ്ങിയത് വിപണി പങ്കാളികളെ അമ്പരിപ്പിച്ചു.

സെന്‍സെക്സ് 930.88 പോയിന്‍റ് അഥവാ 1.30 ശതമാനം ഇടിവോടെ 70,506.31ലും നിഫ്റ്റി 302.95 പോയിന്‍റ് അഥവാ 1.41 ശതമാനം നഷ്ടത്തോടെ 21,150.15ലും വ്യാപാരം അവസാനിപ്പിച്ചു. ഇടവ്യാപാരത്തില്‍ സെന്‍സെക്സ് 71,913.07 എന്ന സര്‍വകാല ഉയരവും നിഫ്റ്റി 21,593.00 എന്ന സര്‍വകാല ഉയരവും തൊട്ടു.

നിഫ്റ്റിയില്‍ എല്ലാ മേഖലാ സൂചികകളും ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മീഡിയയും പൊതുമേഖലാ ബാങ്കുകളും ഏറ്റവും വലിയ നഷ്ടങ്ങള്‍ നേരിട്ടു. മെറ്റൽ, ഓട്ടോ, റിയൽറ്റി മേഖലകളും 2 ശതമാനത്തിലേറേ താഴ്ന്നു

നേട്ടങ്ങളും കോട്ടങ്ങളും

അദാനി പോര്‍ട്‍സ്, അദാനി എന്‍റര്‍പ്രൈസസ്, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ തുടങ്ങിയവയാണ് നിഫ്റ്റിയില്‍ വലിയ ഇടിവ് നേരിട്ടത്. ഒഎൻജിസി, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‍സ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്‍സി ബാങ്ക്, ഹീറോ മോട്ടോ കോര്‍പ്പ് തുടങ്ങിയവയാണ് മികച്ച നേട്ടത്തിലുള്ളത്. സെന്‍സെക്സില്‍ എല്ലാ ഓഹരികളും ഇടിവിലായിരുന്നു. ടാറ്റ സ്‍റ്റീല്‍, എച്ച്സിഎല്‍ ടെക്, എസ്‍ബിഐ, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോര്‍സ് പവര്‍ഗ്രിഡ് എന്നിവയാണ് വലിയ ഇടിവ് നേരിട്ടത്.

നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 3.27 ശതമാനവും നിഫ്റ്റി സ്‍മാള്‍ക്യാപ് 100 സൂചിക 3.63 ശതമാനവും ഇടിഞ്ഞു. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 3.12 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 3.42 ശതമാനവും ഇടിഞ്ഞു.

ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍

ഏഷ്യൻ വിപണികള്‍ പൊതുവില്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടോക്കിയോ, ഓസ്ട്രേലിയ, ഹാംഗ്സെംഗ് എന്നിവ നേട്ടത്തിലായിരുന്നു, ഷാങ്ഹായ് വിപണി താഴ്ന്നു.