image

9 May 2024 5:15 AM GMT

Stock Market Updates

വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു; 22,300 കൈവിട്ട് നിഫ്റ്റി

MyFin Desk

market started in the red for the fifth day in a row
X

Summary

  • നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പുകൾ വിപണിയെ ചാഞ്ചാട്ടങ്ങളിലേക്ക് നയിക്കുന്നു
  • സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ, പിഎസ്ഇ ഒഴികെ ബാക്കി എല്ലാം ചുവപ്പിലാണ്
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഉയർന്ന് 83.44 ലെത്തി


ആഭ്യന്തര വിപണി ഇന്ന് വ്യാപാരം ആരംഭിച്ചത് ചുവപ്പിലാണ്. തുടർച്ചയായി അഞ്ചാം ദിവസമാണ് ബെഞ്ച്മാർക്ക് സൂചികകൾ ഇടിവോടെ വ്യപാരം ആരംഭിക്കുന്നത്. നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പുകൾ വിപണിയെ ചാഞ്ചാട്ടങ്ങളിലേക്ക് നയിക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവയുടെ കനത്ത വില്പനയും സൂചികകളെ തളർത്തി. ഉയർന്നു വരുന്ന വിദേശ നിക്ഷേപകരുടെ വില്പനയും വിപണിയുടെ ഇടിവിന് കാരണമാണ്. സെൻസെക്സും നിഫ്റ്റിയും കഴിഞ്ഞ നാല് സെഷനുകളായി ദുർബലമായ വ്യാപാരമാണ് നടത്തിയത്. സെൻസെക്സ് 209.6 പോയിൻ്റ് താഴ്ന്ന് 73,256.79 ലും നിഫ്റ്റി 77.7 പോയിൻ്റ് താഴ്ന്ന് 22,224.80 ലുമാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റിയിൽ ഹീറോ മോട്ടോകോർപ്പ്, ബജാജ് ഓട്ടോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ് എന്നീ ഓഹരികൾ നേട്ടത്തോടെ വ്യപാരം തുടരുന്നു. ലാർസൻ ആൻഡ് ടൂബ്രോ, ദിവിസ് ലാബ്സ്, ടെക് മഹീന്ദ്ര, ഭാരത് പെട്രോളിയം, കോൾ ഇന്ത്യ, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് തുടങ്ങിയ ഓഹരികൾ ഇടിവിലാണ്.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ, പിഎസ്ഇ ഒഴികെ ബാക്കി എല്ലാം ചുവപ്പിലാണ്. സ്‌മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തോളം ഇടിഞ്ഞു. നിഫ്റ്റി എനർജി, മെറ്റൽ സൂചികകളും ഒരു ശതമാനത്തിലധികം താഴ്ന്നു.

"ഇപ്പോൾ വിപണിയിലെ ഒരു പ്രധാന പ്രവണത എഫ്ഐഐകളുടെ അധികരിച്ച വിൽപ്പനയാണ്, ഈ മാസം ഇതുവരെ 15,863 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഉയർന്ന യുഎസ് ബോണ്ട് യീൽഡിന് പുറമെ വിദേശ നിക്ഷേപകരുടെ വിൽപ്പനയ്ക്ക് കാരണമാകുന്ന മറ്റു ഘടകമുണ്ടെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ചൈനീസ്, ഹോങ്കോംഗ് വിപണികളുടെ മികച്ച പ്രകടനമാണ് ഇത്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 6,669.10 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.43 ശതമാനം ഉയർന്ന് ബാരലിന് 83.94 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവോടെ 2271 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഉയർന്ന് 83.44 ലെത്തി.

ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് നേട്ടത്തിലും സിയോൾ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണികളിൽ സമ്മിശ്ര വ്യാപാരമായിരുന്നു.

സെൻസെക്‌സ് ബുധനാഴ്ച 45.46 പോയിൻ്റ് അഥവാ 0.06 ശതമാനം ഇടിഞ്ഞ് 73,466.39 ലും നിഫ്റ്റി മാറ്റമില്ലാതെ 22,302.50 ലുമാണ് ക്ലോസ് ചെയ്തത്.