20 Nov 2025 10:00 AM IST
Summary
2026 സാമ്പത്തിക വർഷത്തിൽ മുന്നേറാൻ സാധ്യതയുള്ള മേഖലകളിൽ ഇവയും.
വരും മാസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ മൂന്ന് സെക്ടറുകൾ ഇപ്പോൾ കൂടുതൽ ആകർഷകമാണെന്ന് ജെപി മോര്‍ഗൻ്റെ സാമ്പത്തിക വിദഗ്ധന്‍ സഞ്ജയ് മൂഗിം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഓട്ടോ , കണ്‍സ്യൂമര്‍ ഡിസ്‌ക്രീഷണറി, റിയല്‍ എസ്റ്റേറ്റ് എന്നിവ. ഈ സെക്ടറുകളുടെ മുന്നേറ്റത്തിന് ഇപ്പോൾ നിരവധി ഘടകങ്ങൾ കാരണമാകുന്നുണ്ട്.
ജിഎസ്ടി നികുതി കുറയുന്നതിലൂടെയോ കമ്പനികളുടെ ഡിസ്‌കൗണ്ടുകളിലൂടെയോ സാധനങ്ങളുടെ വില കുറയുന്നതും വിപണിയിലെ ഡിമാന്‍ഡ് കൂടുന്നതും ഈ മേഖലകള്‍ക്ക് കരുത്താകും. ആർബിഐ വീണ്ടും പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുണ്ട്. ഇഎംഐ കുറയുന്നതും വിപണിക്ക് കരുത്താകാം. മൊത്ത പണപ്പെരുപ്പവും ചില്ലറ പണപ്പെരുപ്പവും താഴേക്കിറങ്ങിയതോടെ റിപ്പോ നിരക്ക് കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഫെബ്രുവരിക്കകം 50 ബേസിസ് പോയിന്റിന്റെ കുറവുണ്ടാകുമെന്ന പ്രവചനവും വന്ന് കഴിഞ്ഞു.
പലിശ നിരക്ക് കുറഞ്ഞാല്‍ സ്വാഭാവികമായും വായ്പ ഇഎംഐ കുറയും. ഓട്ടോ സെക്ടറില്‍ എന്‍ട്രി ലെവല്‍ കാറുകള്‍ വാങ്ങാന്‍ ആളുകള്‍ കൂടുതലും വായ്പകളെ ആശ്രയിക്കുന്നവരാണ്. പലിശ നിരക്ക് കുറയ്ക്കുകയോ നികുതിയില്‍ ഇളവ് വരുത്തുകയോ ചെയ്താല്‍, പ്രതിമാസ തിരിച്ചടവ് കുറയും. ഇതോടെ കൂടുതല്‍ ആളുകള്‍ക്ക് പുതിയ വാഹനം വാങ്ങാന്‍ സാധിക്കും. വിലക്കുറവിന്റെ ഈ അനുകൂല സാഹചര്യം ഓട്ടോ കമ്പനികളും ഉപയോഗപ്പെടുത്തും. കൂടുതല്‍ ഡിസ്‌കൗണ്ടുകളും ഓഫറുകളും നല്‍കി വില്‍പ്പന വര്‍ധിപ്പിക്കാന്‍ ശ്രമിക്കും. ഇത് വില്‍പ്പനക്കണക്കുകളില്‍ വലിയ വര്‍ധനവുണ്ടാക്കും. വാഹന നവീകരണം ലക്ഷ്യമിട്ടുള്ള വാങ്ങലുകള്‍ ഈ കാലയളവില്‍ ഗണ്യമായി വര്‍ധിക്കുമെന്നാണ് സഞ്ജയുടെ നിഗമനം.
ഉപഭോക്തൃ ഉൽപ്പന്നങ്ങളിൽ വിപണി വികാരം ഇപ്പോൾ അനുകൂലമാണ്. ഇലക്ട്രോണിക്‌സ്, ഫാഷന്‍, പ്രീമിയം ഉല്‍പ്പന്നങ്ങള്‍ തുടങ്ങി അധിക പണമുണ്ടെങ്കില്‍ മാത്രം ആളുകള്‍ വാങ്ങുന്ന വസ്തുക്കള്‍ ഉള്‍പ്പെടുന്നതാണ് കണ്‍സ്യൂമര്‍ ഡിസ്‌ക്രീഷണറി വിഭാഗം. റിസര്‍വ് ബാങ്കിന്റെ സര്‍വേ പ്രകാരം, നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കിടയില്‍ പണം ചെലവഴിക്കാനുള്ള പ്രവണത കൂടി വരുന്നുണ്ട്.ജി.എസ്.ടി. വെട്ടിക്കുറയ്ക്കുന്നതിന് മുമ്പുതന്നെ ഈ മേഖലയിലെ ഡിമാന്‍ഡ് മെച്ചപ്പെട്ടു തുടങ്ങിയിരുന്നു. ജിഎസ്ടി കുറയ്ക്കല്‍ കൂടി വരുമ്പോള്‍ അവര്‍ വാങ്ങാന്‍ ആഗ്രഹിച്ച സാധനങ്ങള്‍ കൂടുതല്‍ ലാഭത്തില്‍ ലഭിക്കുന്ന അവസ്ഥയാണ് ഉണ്ടാവുക. ഇത് മേഖലയുടെ മുന്നേറ്റത്തിന് കൂടുതല്‍ കരുത്തേകുമെന്നാണ് സഞ്ജയ് വ്യക്തമാക്കുന്നത്.
റിയല്‍ എസ്റ്റേറ്റ്: കടം കുറഞ്ഞാല്‍ കച്ചവടം കൂടും
റിയല്‍ എസ്റ്റേറ്റ് മേഖല ആരോഗ്യകരമായ വളര്‍ച്ചാ ചക്രത്തിലേക്ക് മാറിയതിന്റെ ലക്ഷണങ്ങള്‍ ഇതിനകം പ്രകടമാണ്. നിര്‍മ്മിക്കുക-വില്‍ക്കുക- പണം നേടുക -അടുത്തതിലേക്ക് മാറുക (build - sell - collect money - move on) എന്ന സ്ഥിരതയുള്ള ഒരു പ്രവര്‍ത്തന രീതിയാണ് ഇപ്പോള്‍ റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളത്.ആര്‍.ബി.ഐ. പലിശ നിരക്ക് കുറച്ചാല്‍, ഹോം ലോണുകള്‍ കൂടുതല്‍ കുറഞ്ഞ പലിശയില്‍ ലഭ്യമാകും. ഇത് വീടുകള്‍ വാങ്ങാനുള്ള ഡിമാന്‍ഡ് കുത്തനെ വര്‍ധിപ്പിക്കുകയും മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യും.
ആഗോള അനിശ്ചിതത്വവും വിദേശ നിക്ഷേപവും
നിലവിലുള്ള ആഗോള പ്രതിസന്ധികള്‍ (യുദ്ധം രാഷ്ട്രീയ പിരിമുറുക്കങ്ങള്‍, നയപരമായ അനിശ്ചിതത്വങ്ങള്‍) കാരണം വിപണിയുടെ ആശങ്ക ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവ വലിയ വെല്ലുവിളിയാവാനുള്ള സാധ്യത കുറവാണെന്നാണ് മൊര്‍ഗാന്‍ സ്റ്റാന്‍ലി അടക്കമുള്ള ആഗോള ബ്രോക്കറേജുകളുടെ വിലയിരുത്തല്‍. കൂടാതെ ഇന്ത്യന്‍ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ടെങ്കിലും, വന്‍കിട കമ്പനികളില്‍ ഇപ്പോഴും വിദേശ നിക്ഷേപകര്‍ക്ക് വലിയ സ്വാധീനമുണ്ട്.
ചുരുക്കത്തില്‍, വില കുറയ്ക്കാനുള്ള സാധ്യതകള്‍, വര്‍ധിച്ചു വരുന്ന ഉപഭോക്തൃ ഡിമാന്‍ഡ്, ആര്‍ബിഐയുടെ പലിശ നിരക്ക് കുറയ്ക്കല്‍ സാധ്യതകള്‍ എന്നിവയുടെയെല്ലാം അനുകൂലമായ സംയോജനം ഈ മൂന്ന് സെക്ടറുകളുടെയും മുന്നേറ്റത്തിന് കാരണമാകാം.
പഠിക്കാം & സമ്പാദിക്കാം
Home
