image

26 Sept 2023 7:48 AM IST

Stock Market Updates

തിരിച്ചുകയറുന്നതിന്‍റെ സൂചന; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

intraday stocks latest news | bullish indian stocks today
X

Summary

  • ഗിഫ്റ്റ് നിഫ്റ്റിയില്‍ നഷ്ടത്തോടെ തുടക്കം
  • നാലുദിവസത്തെ ഇടിവിന് ശേഷം ഇന്നലെ ഓഹരിവിപണി പച്ചയിലെത്തി


തുടര്‍ച്ചയായ നാലു ദിവസങ്ങളിലെ ഇടിവിന് ശേഷം തിരിച്ചുവരവിന്‍റെ സൂചന നല്‍കിക്കൊണ്ടാണ് ഇന്നലെ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചത്. സെഷനില്‍ ഉടനീളം പ്രകടമായ ചാഞ്ചാട്ടത്തിന് ഒടുവില്‍ നാമമാത്രമായ നേട്ടം വിപണികളില്‍ പ്രകടമായി. ബിഎസ്ഇ സെൻസെക്‌സ് 14.5 പോയിന്റ് ഉയർന്ന് 66,024ലും നിഫ്റ്റി 0.2 പോയിന്റ് ഉയർന്ന് 19,674.5ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഉയര്‍ന്ന പലിശ നിരക്കുകള്‍ ദീര്‍ഘകാലം തുടരുമെന്ന വസ്തുതയോട് നിക്ഷേപകര്‍ പൊരുത്തപ്പെടുന്നു എന്നതിന്‍റെ സൂചനകള്‍ ആഗോള വിപണിയിലും പ്രകടമാകുന്നുണ്ട്. താഴ്ചയില്‍ നിന്ന് വിപണി തിരികെക്കയറുന്നതിനുള്ള സൂചന ഇന്നലത്തെ വ്യാപാര പാറ്റേണില്‍ വ്യക്തമാണെന്നും വരുന്ന സെഷനില്‍ ഇത് വ്യക്തമാകുമെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ആഗോള തലത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് ക്രൂഡ് ഓയില്‍ പോയില്ലാ എന്നതും ശുഭ സൂചനയാണ്. ആഭ്യന്തര തലത്തിലെ വിലക്കയറ്റം സംബന്ധിച്ചും ക്രമരഹിതമായ മഴ സംബന്ധിച്ചുമെല്ലാമുള്ള ആശങ്കകള്‍ മുന്നിലുണ്ടെങ്കിലും ഇവ ലഘൂകരിക്കപ്പെട്ടിട്ടുണ്ട്.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പൈവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 19,619-ലും തുടർന്ന് 19,588-ലും 19,538-ലും സപ്പോര്‍ട്ട് സ്വീകരിക്കുമെന്നാണ്. ഉയർച്ചയുടെ സാഹചര്യത്തില്‍, 19,721 പ്രധാന റെസിസ്റ്റന്‍സ് ആകാം, തുടർന്ന് 19,752ഉം 19,803ഉം.

ആഗോള വിപണികളില്‍ ഇന്ന്

ഇന്ന് ഏഷ്യന്‍ വിപണികള്‍ പൊതുവേ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയിലെ എസ്&പി/എഎസ്എക്സ് 20, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ്, ജപ്പാനിലെ നിക്കൈയും ടോപ്പിക്സും എന്നിവ ഇടിവിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍ ചൈനയുടെ ഷാങ്ഹായ് പച്ചയിലെത്തി.

യുഎസ് വിപണികള്‍ ഇന്നലെ പൊതുവില്‍ നേട്ടത്തിലായിരുന്നു.ഊര്‍ജ്ജ മേഖലയിലെ ഓഹരികളിലാണ് പ്രധാനമായും മുന്നേറ്റം പ്രകടമായത്. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരത്തെ വ്യാപാരത്തില്‍ സ്റ്റോക്ക് ഫ്യൂച്ചറുകൾ നേരിയ ഇടിവിലേക്ക് നീങ്ങി. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജുമായി ബന്ധപ്പെട്ട ഫ്യൂച്ചറുകൾ 0.07 ശതമാനം ഇടിഞ്ഞു. എസ് ആന്റ് പി 500 ഫ്യൂച്ചറുകൾ 0.05 ശതമാനം ഇടിഞ്ഞു, നാസ്ഡാക്ക് 100 ഫ്യൂച്ചറുകൾ 0.06 ശതമാനം കുറഞ്ഞു. യൂറോപ്യന്‍ വിപണികള്‍ ഇന്നലെ പൊതുവില്‍ നഷ്ടത്തിലായിരുന്നു.

ഗിഫ്റ്റ് നിഫ്റ്റിയില്‍ 47 പോയിന്‍റ് ഇടിവോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെ തുടക്കവും ചുവപ്പിലാകുമെന്ന് ഇത് സൂചിപ്പിക്കുന്നു.

ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍

വെൽസ്‌പൺ കോർപ്പറേഷൻ: ഉപകമ്പനിയായ സിന്‌ടെക്‌സ് ബിഎപിഎൽ 350 കോടി രൂപ വരെ നിക്ഷേപിച്ച് ഉൽപ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനായി തെലങ്കാന സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. സംസ്ഥാന സർക്കാരിന്റെ ഇൻസെന്റീവ് സ്കീമിന് കീഴിലുള്ള നിർദ്ദിഷ്ട പദ്ധതി, വാട്ടർ ടാങ്കുകളും പിവിസി പൈപ്പുകളും ഫിറ്റിംഗുകളും നിർമ്മിക്കുന്നതിനാണ്. അടുത്ത മൂന്ന് സാമ്പത്തിക വർഷങ്ങളിലായാണ് മൊത്തം നിക്ഷേപം പൂര്‍ത്തിയാക്കുക.

ആർ‌പി‌പി ഇൻഫ്രാ പ്രോജക്‌റ്റുകൾ: തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് സി‌പി‌സി‌എല്ലിന്റെ സി‌ബി‌ആർ പ്രോജക്റ്റിനായി റോഡ്, ഡ്രെയിൻ വർക്കുകൾ നടപ്പാക്കുന്നതിന് കമ്പനിക്ക് ആക്സപ്റ്റന്‍സ് ലെറ്റര്‍ ലഭിച്ചു. 300.44 കോടി രൂപയാണ് കരാര്‍ മൂല്യം. കൂടാതെ, ബെംഗളൂരുവിൽ ജിആർടിഇയുടെ എഞ്ചിൻ ടെസ്റ്റ് സൗകര്യത്തിനായി സിവിൽ വർക്കുകളും അനുബന്ധ സേവനങ്ങളും നൽകുന്നതിന് 90.18 കോടി രൂപയുടെ കരാറും ലഭിച്ചു.

ടാറ്റ സ്റ്റീൽ: ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് ടാറ്റ സ്റ്റീലിന്റെ കോർപ്പറേറ്റ് ഫാമിലി റേറ്റിംഗ് ബിഎ1-ൽ നിന്ന് ബിഎഎ 3-ലേക്ക് ഉയർത്തുകയും കാഴ്ചപ്പാട് പോസിറ്റീവിൽ നിന്ന് സ്ഥിരതയിലേക്ക് മാറ്റുകയും ചെയ്തു. സ്റ്റീൽ വില പരിമിതപ്പെട്ടിരിക്കുന്നത് വരുമാനം കുറയ്ക്കുമ്പോഴും കമ്പനിയുടെ ലാഭക്ഷമത വർദ്ധിക്കുമെന്ന് റേറ്റിംഗ് ഏജൻസി പ്രതീക്ഷിക്കുന്നു.

ഉജ്ജീവന്‍ സ്മോൾ ഫിനാൻസ് ബാങ്ക്: ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഓൺലൈൻ വ്യാപാര സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി എസ്എംസി ഗ്ലോബൽ സെക്യൂരിറ്റീസുമായി തന്ത്രപരമായ പങ്കാളിത്തം കമ്പനി പ്രഖ്യാപിച്ചു. ഈ പങ്കാളിത്തം ബാങ്കിന്റെ ഉപഭോക്താക്കൾക്ക് സേവിംഗ്സ്, ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകൾ എന്നിവ ഉൾപ്പെടുന്ന സേവനങ്ങൾ ഓണ്‍ലൈനായി വാഗ്ദാനം ചെയ്യും. എസ്എംസി ഗ്ലോബലിന് തങ്ങളുടെ ക്ലയന്റ് ബേസ് വിപുലീകരിക്കാനും ഈ സഹകരണം സഹായകമാകും.

വിപ്രോ: ചെന്നൈയിലെ 14 ഏക്കര്‍ 2 സെന്റ് ഭൂമിയും 20 വർഷം പഴക്കമുള്ള കെട്ടിടവും 266.38 കോടി രൂപയ്ക്ക് വിൽക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സെപ്‌റ്റംബർ 25-ന് കമ്പനി സെയിൽ ഡീഡ് നടത്തി, കാസാഗ്രാൻഡ് ബിസ്‌പാർക്ക് ആണ് ഈ ആസ്തി വാങ്ങുന്നത്.

ഫോർട്ടിസ് ഹെൽത്ത്‌കെയർ: ആർട്ടിസ്റ്ററി പ്രോപ്പർട്ടീസില്‍ 99.9 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള ഷെയർ പർച്ചേസ് കരാറിൽ ഏർപ്പെടാൻ കമ്പനിക്ക് ഡയറക്ടർ ബോർഡിന്റെ അനുമതി ലഭിച്ചു. 32 കോടി രൂപയാണ് ഓഹരി വാങ്ങലിന്റെ എന്റർപ്രൈസ് മൂല്യം.

ജിആര്‍ ഇൻഫ്രാപ്രോജക്‌ട്‌സ്: ജിആര്‍ ഇൻഫ്രാപ്രോജക്‌ട്‌സ് നേടിയ 2 റോപ്‌വേ പ്രോജക്‌റ്റുകൾക്കുള്ള ബിഡ്‌ഡുകൾ നാഷണൽ ഹൈവേസ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് അസാധുവാക്കി. 2023 ഫെബ്രുവരിയിലാണ് ഉത്തരാഖണ്ഡിൽ റോപ്‍വേകള്‍ നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള 3,613 കോടി രൂപയുടെ ഹൈബ്രിഡ് ആന്വിറ്റി മോഡ് കരാര്‍ കമ്പനി നേടിയത്.

ക്രൂഡ് ഓയിലും സ്വര്‍ണവും

റഷ്യ ഇന്ധന കയറ്റുമതി നിരോധനത്തിൽ ഇളവ് വരുത്തിയതിന് ശേഷം തിങ്കളാഴ്ച എണ്ണ വില സ്ഥിരത പുലർത്തി, വിതരണം സംബന്ധിച്ച വിലയിരുത്തലും പലിശനിരക്കിനെക്കുറിച്ചുള്ള ജാഗ്രതയും നിക്ഷേപകര്‍ കണക്കിലെടുത്തു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 17 സെൻറ് അഥവാ 0.18 ശതമാനം ഉയർന്ന് ബാരലിന് 93.44 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 7 സെൻറ് അഥവാ 0.08 ശതമാനം ഉയർന്ന് 90.10 ഡോളറിലെത്തി.

യുഎസ് ഡോളറും യുഎസ് ട്രഷറികളിലെ നേട്ടവും ഉയര്‍ന്നു നില്‍ക്കന്നതിനാല്‍ തിങ്കളാഴ്ച സ്വർണവില കുറഞ്ഞു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,925.77 ഡോളറിലും യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.2 ശതമാനം ഇടിഞ്ഞ് 1,942.40 ഡോളറിലും എത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

ഓഹരികളില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഇന്നലെ 2,333.03 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 1,579.28 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയെന്ന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) ഇന്നലെ 1165.26 കോടി രൂപയുടെ അറ്റവില്‍പ്പന ഇന്നലെ ഇക്വിറ്റികളില്‍ നടത്തി. ഡെറ്റ് വിപണിയില്‍ 367.08 കോടി രൂപയുടെ അറ്റ വാങ്ങലാണ് എഫ്‍പിഐകള്‍ നടത്തിയത്.

വിപണി തുറക്കും മുമ്പുള്ള മൈഫിന്‍ ടിവിയുടെ അവലോകന പരിപാടി കാണാം

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

കഴിഞ്ഞ ദിവസങ്ങളിലെ വിപണി അവലോകനങ്ങള്‍ ഇവിടെ വായിക്കാം