image

12 Oct 2023 12:46 PM IST

Stock Market Updates

വിപണി അനിശ്ചിതത്വത്തില്‍; ലോഹ, എണ്ണ ഓഹരികള്‍ക്ക് ഉയര്‍ച്ച

MyFin Desk

Metals, oil stocks rise on market uncertainty
X

Summary

  • ഐടി ഓഹരികളില്‍ 05 % ഇടിവ്
  • ടിസിഎസ് വലിയ നഷ്ടത്തില്‍ തുടരുന്നു


ഇന്ന് തുടക്കം നേട്ടത്തിലായിരുന്നു എങ്കിലും ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും പിന്നീട് ഇടിവിലേക്കും ചാഞ്ചാട്ടത്തിലേക്കും നീങ്ങുന്നതാണ് കാണാനായത്. മന്ദഗതിയിലായ ആഗോള സാമ്പത്തിക സാഹചര്യങ്ങളില്‍ ഐടി മേഖല വെല്ലുവിളി നേരിടുന്നത് തുടരുന്നുവെന്ന് ടിസിഎസിന്‍റെ രണ്ടാംപാദ ഫലം സൂചിപ്പിച്ചത് ഐടി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം സൃഷ്ടിച്ചു. ഐടി സൂചികയില്‍ 0.5 ശതമാനത്തോളം ഇടിവ് പ്രകടമായി. അതേസമയം മെറ്റല്‍, ഓയില്‍-ഗ്യാസ് ഓഹരികള്‍ 1 ശതമാനം വീതം മുകളിലേക്ക് കയറി.

ഉച്ചയ്ക്ക് 12.45നുള്ള വിവരം അനുസരിച്ച് സെന്‍സെക്സ് 8.55 പോയിന്‍റ് ഇടിവോടെ 66,464.50ലും നിഫ്റ്റി 0.100 പോയിന്‍റ് നേട്ടത്തോടെ .19,811.45ലും ആണ്.

യുഎസ് ഫെഡറൽ റിസർവിന്റെ മീറ്റിംഗ് മിനുറ്റ്സ് പുറത്തിറങ്ങിയതിന്‍റെ പശ്ചാത്തലത്തില്‍ റേറ്റ് സെൻസിറ്റീവ് ഓഹരികള്‍ നേട്ടമുണ്ടാക്കി. അനിശ്ചിതത്വം നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിൽ യുഎസ് കേന്ദ്ര ബാങ്ക് സമീപഭാവിയിൽ പലിശ നിരക്ക് ഉയർത്തില്ലെന്ന വീക്ഷണമാണ് ഇതിന് കാരണം.

മാരുതി സുസുക്കി, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എന്‍ടിപിസി, ടാറ്റ സ്റ്റീൽ, ഇൻഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് ഏറ്റവും വലിയ നേട്ടത്തിലുള്ളത്. ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്സിഎൽ ടെക്നോളജീസ്, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര എന്നിവയാണ് വലിയ നഷ്ടം നേരിടുന്നത്.

വിപണിയിലെ റാലിയെ ശക്തിപ്പെടുത്താൻ പോസിറ്റീവ് സംഭവവികാസങ്ങളുണ്ടെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു. "ഡോളർ സൂചികയും യുഎസ് ബോണ്ട് യീൽഡും ക്രമാനുഗതമായി കുറയുന്ന പ്രവണതയും, ക്രൂഡോയിൽ വില കുറയുന്നതും, പണ വിപണിയിലെ എഫ്ഐഐ വിൽപ്പന കുത്തനേ ഇടിയുന്നതും വിപണിക്ക് വലിയ പോസിറ്റീവ് ആണ്. യുഎസ് ഉപഭോക്തൃ പണപ്പെരുപ്പം പ്രതീക്ഷിക്കുന്ന പോലെ 3.6 ശതമാനത്തിൽ താഴെയാണെങ്കിൽ അതും ബുള്ളുകളെ ചലിപ്പിക്കും."

യുഎസ് വിപണികളിലെ മുന്നേറ്റത്തെ തുടർന്ന് ജപ്പാൻ, ചൈന, ഹോങ്കോംഗ് എന്നിവയുൾപ്പെടെയുള്ള ഏഷ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

ഇന്നലെ സെൻസെക്‌സ് 393.69 പോയിന്റ് അഥവാ 0.6 ശതമാനം ഉയർന്ന് 66,473.05ലും നിഫ്റ്റി 121.50 പോയിന്റ് അഥവാ 0.62 ശതമാനം ഉയർന്ന് 19,811.35ലും എത്തി. ബി‌എസ്‌ഇയിൽ ലഭ്യമായ കണക്കുകൾ പ്രകാരം ബുധനാഴ്ച 421.77 കോടി രൂപയുടെ ഓഹരികൾ ഓഫ്‌ലോഡ് ചെയ്ത് വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) അറ്റ ​​വിൽപ്പനക്കാരായി തുടർന്നു.