image

25 Sept 2023 7:54 AM IST

Stock Market Updates

വിപണികളില്‍ അനിശ്ചിതാവസ്ഥ; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

trade morning
X

Summary

  • ഗിഫ്റ്റ് നിഫ്റ്റിയില്‍ പോസിറ്റിവ് തുടക്കം
  • നെഗറ്റിവ് ചായ്‌വോടു കൂടി ഓഹരി വിപണികള്‍ തുടര്‍ന്നേക്കുമെന്ന് വിദഗ്ധര്‍


തുടര്‍ച്ചയായ മൂന്ന് വാരങ്ങളിലെ നേട്ടത്തിന് ശേഷം കഴിഞ്ഞ വാരത്തില്‍ ആഭ്യന്തര ഓഹരി വിപണികള്‍ നഷ്ടത്തിന്‍റെ കണക്കിലേക്ക് നീങ്ങി. തുടര്‍ച്ചയായ 4 സെഷനുകളിലും സൂചികകള്‍ ചുവപ്പിലാണ് അവസാനിച്ചത്. നെഗറ്റിവ് ചായ്‌വോടു കൂടിയ അനിശ്ചിതാവസ്ഥ വിപണികളില്‍ തുടരുമെന്ന സൂചനയാണ് വിദഗ്ധര്‍ നല്‍കുന്നത്.

യുഎസ് ഉള്‍പ്പടെയുള്ള സമ്പദ് വ്യവസ്ഥകളിലെ പണപ്പെരുപ്പത്തിന്‍റെ റിപ്പോര്‍ട്ട് ഈയാഴ്ച പുറത്തുവരുന്നുണ്ട്. ഉപഭോക്തൃ ആത്മവിശ്വാസം, കയറ്റുമതി ഇറക്കുമതി കണക്കുകള്‍ എന്നിവയുടെ കണക്കും യുഎസില്‍ ഈയാഴ്ച പുറത്തുവരും. ആഗോള വിപണികളില്‍ ഇതിന്‍റെയെല്ലാം സ്വാധീനം പ്രതിഫലിച്ചേക്കാം.

ഇന്ത്യക്കും കാനഡയ്ക്കും ഇടയിലെ നയതന്ത്ര യുദ്ധത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ നിലപാടെടുക്കുന്നതും പ്രശ്നം രൂക്ഷമായി തുടരുന്നതും ആഭ്യന്തര വിപണികളെ സ്വാധീനിക്കുന്നുണ്ട്. പണപ്പെരുപ്പത്തിന്‍റെ മുന്നോട്ടുള്ള ഗതി ആഭ്യന്തര തലത്തിലും ഇന്ത്യന്‍ വിപണികളെ അലട്ടുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസമായി റിസര്‍വ് ബാങ്കിന്‍റെ സഹന പരിധിയായ 6 ശതമാനത്തിന് മുകളിലാണ് രാജ്യത്തെ പണപ്പെരുപ്പം. അസന്തുലിതമായ മണ്‍സൂണും തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള രാഷ്ട്രീയ- സാമൂഹ്യ അസ്ഥിരതകളും വിപണിയെ അനിശ്ചിതത്വത്തിലേക്ക് നയിച്ചേക്കാം.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

പൈവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 19,656-ലും തുടർന്ന് 19,623-ലും 19,569-ലും സപ്പോര്‍ട്ട് സ്വീകരിക്കുമെന്നാണ്. ഉയർച്ചയുടെ സാഹചര്യത്തില്‍, 19,764 പ്രധാന റെസിസ്റ്റന്‍സ് ആകാം, തുടർന്ന് 19,797ഉം 19,851ഉം.

ആഗോള വിപണികളില്‍ ഇന്ന്

ഏഷ്യാ പസഫിക് വിപണികള്‍ പൊതുവേ ഇടിവിലാണ് പുതിയ വാരത്തിലെ വ്യാപാരത്തിന് തുടക്കമിട്ടിട്ടുള്ളത്. സിംഗപ്പൂരും ഓസ്‌ട്രേലിയയും ഈ ആഴ്ച ഓഗസ്റ്റിലെ പണപ്പെരുപ്പ കണക്കുകൾ റിപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ടോക്കിയോ മേഖലയിലെ പണപ്പെരുപ്പ കണക്കുകൾ ജപ്പാനും പുറത്തുവിടും. പണപ്പെരുപ്പ കണക്കുകള്‍ക്ക് മുന്നോടിയായി മേഖലയിലെ നിക്ഷേപകര്‍ ജാഗ്രതാപൂര്‍ണമായ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

ഓസ്‌ട്രേലിയയിലെ എസ്&പി/എഎസ്എക്സ് 20, ദക്ഷിണ കൊറിയയുടെ കോസ്‌പിയും കോസ്‌ഡാക്കും, ചൈനയുടെ ഷാങ്ഹായ്, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ് എന്നിവ ഇടിഞ്ഞു. അതേസമയം ജപ്പാനിലെ നിക്കൈയും ടോപ്പിക്സും ഉയർന്നു.

വെള്ളിയാഴ്ച യുഎസ് വിപണികള്‍ മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും മോശം വാരത്തിനാണ് അവസാനം. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.31 ശതമാനവും എസ് & പി 500 0.23 ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റ് 0.09 ശതമാനവും ഇടിഞ്ഞു. യൂറോപ്യന്‍ വിപണികളും പൊതുവില്‍ ഇടിവിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

ഗിഫ്റ്റ് നിഫ്റ്റിയില്‍ ഇന്ന് നേരിയ പോസിറ്റിവ് തലത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര ഓഹരി വിപണി കളുടെയും തുടക്കം പച്ചയിലാകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.

ഇന്ന് വിപണിയില്‍ ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍

സ്‍റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവ് തങ്ങളുടെ നാലാമത്തെ ഇൻഫ്രാസ്ട്രക്ചർ ബോണ്ട് ഇഷ്യു വഴി 7.49 ശതമാനം കൂപ്പൺ നിരക്കിൽ 10,000 കോടി രൂപ സമാഹരിച്ചു. പ്രൊവിഡന്റ് ഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ, മ്യൂച്വൽ ഫണ്ടുകൾ, കോർപ്പറേറ്റുകൾ മുതലായവയെല്ലാം നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു.

ബജാജ് ഫിനാന്‍സ്: പൂനെ ആസ്ഥാനമായുള്ള എൻബിഎഫ്‌സി ഭീമനായ ബജാജ് ഫിനാൻസ്, ക്യുഐപി അല്ലെങ്കിൽ പ്രിഫറൻഷ്യൽ ഇഷ്യൂ വഴി 800 ദശലക്ഷം മുതൽ 100 കോടി ഡോളർ വരെയുള്ള ധനസമാഹരണത്തിന് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജെഎസ്‍ഡബ്ല്യു സ്റ്റീൽ: ഇന്ത്യയിൽ സ്ക്രാപ്പ് ഷ്രെഡിംഗ് സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് നാഷണൽ സ്റ്റീൽ ഹോൾഡിംഗുമായുള്ള (എൻഎസ്എച്ച്എൽ) സംയുക്ത സംരംഭ കരാര്‍ അവസാനിപ്പിക്കുന്നതിനുള്ള ടെര്‍മിനേഷന്‍ കരാറും എൻഎസ്എൽ ഗ്രീൻ റീസൈക്ലിംഗിൽ എൻഎസ്എച്ച്എല്ലിന്റെ 50 ശതമാനം ഓഹരികൾ വാങ്ങുന്നതിനുള്ള സെക്യൂരിറ്റീസ് പർച്ചേസ് കരാറും കമ്പനി നടപ്പാക്കി. ഇടപാടിന് ശേഷം, ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി എൻഎസ്എൽ മാറും.

ശ്രീ രേണുക ഷുഗേഴ്‌സ്: ഉത്തർപ്രദേശിൽ സാന്നിധ്യം ഉറപ്പിക്കുന്നതിനായി അനാമിക ഷുഗർ മില്‍സ് 235.5 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഏർപ്പെടുന്നതിന് കമ്പനിക്ക് ബോർഡ് അംഗീകാരം ലഭിച്ചു.

വൈഭവ് ഗ്ലോബൽ: യുകെയിലെ ടെലിഷോപ്പിംഗ് ബ്രാൻഡായ ഐഡിയൽ വേൾഡിന്റെ ആസ്തികൾ ഏറ്റെടുക്കുന്നതിനായി വൈഭവ് ഗ്ലോബലിന്‍റെ ഉപകമ്പനിയായ ഷോപ്പ് ടിജെസി ലിമിറ്റഡ് (യുകെ) ഒരു അസറ്റ് സെയിൽ കരാർ വിജയകരമായി നടപ്പിലാക്കി. ഈ കരാറിലൂടെ ഷോപ്പ് ടിജെസി ഐഡിയൽ വേൾഡിന്റെ ഐപി അവകാശങ്ങൾ, സംപ്രേക്ഷണാവകാശം, സ്റ്റുഡിയോ ഉപകരണങ്ങൾ എന്നിവയ്‌ക്കൊപ്പം മറ്റ് സ്ഥാവര ആസ്തികളും സ്വന്തമാക്കും.

സുസ്‍ലോൺ എനർജി: രൂപയുടെ അടിസ്ഥാനത്തിൽ അനുവദിച്ച ടേം ലോൺ കരാര്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ സർക്കാർ ഉടമസ്ഥതയിലുള്ള ആര്‍ഇസി അതിന്റെ നോമിനിയായ അജയ് മാത്തൂരിനെ കമ്പനിയുടെ ഡയറക്റ്റര്‍ ബോർഡിൽ നിന്ന് പിൻവലിച്ചു.

റിലയൻസ് ഇൻഡസ്ട്രീസ്: സബ്‌സിഡിയറി റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സിന് അലിസം ഏഷ്യ ഹോൾഡിംഗ്സ് II പ്രൈവറ്റ് ലിമിറ്റഡിൽ (കെകെആർ) നിന്ന് 2,069.50 കോടി രൂപ സബ്‌സ്‌ക്രിപ്‌ഷൻ തുക ലഭിച്ചു, 1,71,58,752 ഇക്വിറ്റി ഷെയറുകളാണ് കെകെആറിന് അനുവദിച്ചത്.

ഡെൽറ്റ കോർപ്പറേഷൻ: 2017 ജൂലൈ മുതൽ 2022 മാർച്ച് വരെയുള്ള നികുതി ബാധ്യതയായി, പലിശയും പിഴയും സഹിതം 11,139.61 കോടി രൂപ അടയ്ക്കുന്നതിന് ഹൈദരാബാദിലെ ജിഎസ്‍ടി ഇന്റലിജൻസ് ഡയറക്ടറേറ്റ് ജനറലിൽ നിന്ന് കമ്പനിക്ക് അറിയിപ്പ് ലഭിച്ചു. നോട്ടീസിൽ ക്ലെയിം ചെയ്തിട്ടുള്ള തുക പ്രസ്തുത കാലയളവിൽ കമ്പനിയുടെ കാസിനോകളിൽ കളിച്ച എല്ലാ ഗെയിമുകളുടെയും മൊത്ത വാതുവെപ്പ് മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

ക്രൂഡ് ഓയിലും സ്വര്‍ണവും

എണ്ണവില സ്ഥിരത പുലര്‍ത്തിയെങ്കിലും നിക്ഷേപകര്‍ കഴിഞ്ഞ വാരത്തില്‍ ലാഭമെടുപ്പിലേക്ക് നീങ്ങി. വെള്ളിയാഴ്ച ബ്രെന്റ് ഫ്യൂച്ചേഴ്സ് ബാരലിന് 3 സെൻറ് കുറഞ്ഞ് 93.27 ഡോളറിലെത്തി. മൊത്തം ആഴ്ചയിൽ 0.3 ശതമാനം ഇടിഞ്ഞു, തുടര്‍ച്ചയായ മൂന്ന് വാരങ്ങളിലെ നേട്ടങ്ങള്‍ക്ക് ശേഷമാണ് ഇത്. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് (ഡബ്ല്യുടിഐ) ഫ്യൂച്ചറുകൾ 40 സെൻറ് അഥവാ 0.5 ശതമാനം ഉയർന്ന് ബാരലിന് 90.03 ഡോളറിലെത്തി.

ഡോളറിന്‍റെ മൂല്യത്തിലും യുഎസ് ബോണ്ടുകളുടെ നേട്ടത്തിലും ഉണ്ടായ നേരിയ ഇടിവിന്‍റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച സ്വർണ വില ഉയർന്നു. സ്‌പോട്ട് ഗോൾഡ് 0.3 ശതമാനം ഉയർന്ന് ഔൺസിന് 1,925.21 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.3 ശതമാനം ഉയർന്ന് ഔൺസിന് 1,945.60 ഡോളറിലെത്തി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വെള്ളിയാഴ്ച 1,326.74 കോടി രൂപയുടെ ഓഹരികൾ വിറ്റു, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 801.27 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 1875.38 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് വെള്ളിയാഴ്ച ഇക്വിറ്റികളില്‍ നടത്തിയത്. ഡെറ്റ് വിപണിയില്‍ 248.17 കോടി രൂപയുടെ അറ്റ വില്‍പ്പനയും എഫ്‍പിഐകള്‍ നടത്തി.

വിപണി തുറക്കും മുമ്പുള്ള മൈഫിന്‍ ടിവിയുടെ അവലോകന പരിപാടി കാണാം

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.