22 Dec 2023 10:20 AM IST
Summary
- മിഡ്, സ്‍മാള്‍ ക്യാപുകളിലെ ഉയര്‍ന്ന മൂല്യ നിര്‍ണയം ആശങ്ക
- നിഫ്റ്റിയില്‍ എല്ലാ മേഖലാ സൂചികകളും നേട്ടത്തില്‍
- ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ നേട്ടത്തില്‍
വെള്ളിയാഴ്ച തുടക്ക വ്യാപാരത്തില്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നേട്ടം പ്രകടമാക്കി. പിന്നീട് നഷ്ടത്തിലേക്ക് നീങ്ങിയെങ്കിലും വേഗത്തില്‍ തന്നെ തിരിച്ചുവന്നു. രാവിലെ 10.00 മണിക്കുള്ള വിവരം അനുസരിച്ച് നിഫ്റ്റി 80.70 പോയിന്‍റ് (0.38%) നേട്ടത്തോടെ 21,335.75ലും സെന്‍സെക്സ് 208.19 പോയിന്‍റ് (0.29%) നേട്ടത്തോടെ 71,073.29ലും ആണ് വ്യാപാരം നടത്തുന്നത്.
നിഫ്റ്റിയില്‍ എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ്. റിയല്‍റ്റി, മെറ്റല്‍, ഫാര്‍മ മീഡിയ എന്നിവ മികച്ച നേട്ടം പ്രകടമാക്കുന്നു. ഡിവിസ് ലാബ്, ടാറ്റ മോട്ടോര്‍സ്, ടാറ്റ സ്‍റ്റീല്‍, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, എന്‍ടിപിസി, അദാനി പോര്‍ട്‍സ് എന്നിവ മികച്ച നേട്ടത്തിലാണ്. എച്ച്ഡിഎഫ്‍സി ബാങ്ക്, ഗ്രാസിം, എച്ച്‍ഡിഎഫ്‍സി ലൈഫ്, ഇന്‍ഫോസിസ്, അള്‍ട്രാടെക് സിമന്‍റ്, എസ്ബിഐ ലൈഫ്, അപ്പോളോ ഹോസ്‍പിറ്റല്‍ എന്നിവയാണ് ഇടിവ് പ്രകടമാക്കുന്നത്.
സെന്‍സെക്സില്‍ ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‍സി ബാങ്ക് എന്നിവയാണ് പ്രധാനമായും നഷ്ടം നേരിടുന്നത്. ടാറ്റ മോട്ടോര്‍സ്, ടാറ്റ സ്‍റ്റീല്‍, എന്‍ടിപിസി, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര, എച്ച്സില്‍ ടെക്, മാരുതി എന്നിവയാണ് മികച്ച നേട്ടം കൊയ്യുന്നത്.
"ബുധനാഴ്ചത്തെ കുത്തനെയുള്ള തിരുത്തൽ ഒരു ദിവസത്തെ സംഭവമായിരുന്നു എന്നാണ് വിപണി സൂചന. ഇത് ബൈ ഓൺ ഡിപ്സ് തന്ത്രത്തിന്റെ വിജയം സ്ഥിരീകരിക്കുന്നു. ഡോളർ സൂചിക 102-ന് താഴെയും 10 വർഷ യുഎസ് ബോണ്ട് യീൽഡ് ഏകദേശം 3.9 ശതമാനത്തിലും ഉള്ളതിനാൽ ആഗോള സൂചനകൾ അനുകൂലമായി തുടരുന്നു. മിഡ്, സ്മോൾ ക്യാപ് വിഭാഗങ്ങളിലെ അമിതമായ മൂല്യനിർണയമാണ് ഇപ്പോൾ വിപണിയിലെ ആശങ്ക. ഈ വിശാലമായ വിപണി റാലി അധികകാലം തുടരാനാവില്ല. റിട്ടേൺ പോലെ തന്നെ പ്രധാനമാണ് സുരക്ഷയും. നിസ്സംശയമായും സുരക്ഷ ഇപ്പോൾ ലാര്‍ജ് ക്യാപുകളിലാണ്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറയുന്നു.
ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ നേട്ടത്തിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. എന്നാല്‍ ഹോംഗ്കോംഗിന്‍റെ ഹാംഗ്സെംഗ് വിപണി ഇടിവിലാണ്.
പഠിക്കാം & സമ്പാദിക്കാം
Home
