22 Dec 2023 7:52 AM IST
യുഎസ് വളര്‍ച്ച പ്രതീക്ഷിച്ചത്ര ഇല്ല, നിരക്കിളവ് പ്രതീക്ഷ കൂടി; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- ഗിഫ്റ്റ് നിഫ്റ്റിയുടെ തുടക്കം നഷ്ടത്തോടെ
- ക്രൂഡ് വില 1 ഡോളറിനടുത്ത് താഴ്ന്നു
- എഫ്‍ഐഐകള്‍ ഇന്നലെയും വില്‍പ്പനക്കാര്‍
ഇന്നലെ വ്യാപാര സെഷന്‍റെ അവസാന മണിക്കൂറുകളില്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ തിരിച്ചുവരുകയും നിഫ്റ്റി വൈകാരികമായി പ്രാധാന്യമുള്ള 21,000 ലെവല്‍ നിലനിര്‍ത്തുകയും ചെയ്തു. ഹ്രസ്വകാലയളവില്‍ ഈ കണ്‍സോളിഡേഷന്‍ സ്വഭാവത്തില്‍ വിപണികള്‍ തുടരാനുള്ള സാധ്യതയാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. സെൻസെക്‌സ് 359 പോയിന്റ് ഉയർന്ന് 70,865ലും നിഫ്റ്റി 50 105 പോയിന്റ് ഉയർന്ന് 21,255ലും എത്തി.
1.75 ലക്ഷം കോടി രൂപയ്ക്ക് ഏഴ് ദിവസത്തെ വേരിയബിൾ റേറ്റ് റിപ്പോ ലേലം നടത്തുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. ഇന്ന് (ഡിസംബർ 22ന്) ഇത് തുടങ്ങും. ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത ഏകദേശം 2.27 ലക്ഷം കോടി രൂപയുടെ വലിയ കമ്മി നേരിടുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം വരുന്നത്.
യുഎസ് വളര്‍ച്ചയുടെ കണക്ക്
യുഎസിന്‍റെ ജൂലൈ- സെപ്റ്റംബര്‍ കാലയളവിലെ ജിഡിപി വളര്‍ച്ച സംബന്ധിച്ച അന്തിമ എസ്റ്റിമേറ്റ് പുറത്തുവന്നു. ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസിന്റെ മൂന്നാമത്തെ കണക്ക് പ്രകാരം, യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപ്പാദനം മൂന്നാം പാദത്തിൽ 4.9 ശതമാനം എന്ന വാർഷിക നിരക്കില്‍ ഉയർന്നു. രണ്ടാമത്തെ എസ്‍റ്റിമേറ്റില്‍ പറഞ്ഞ 5.2 ശതമാനത്തിൽ നിന്നും കാര്യമായ കുറവാണിത്. രണ്ടാം പാദത്തിൽ ജിഡിപി 2.1 ശതമാനം ആയിരുന്നു.
ഡിസംബർ 16ന് അവസാനിച്ച ആഴ്ചയിലെ യുഎസിന്‍റെ തൊഴിലില്ലായ്മ ക്ലെയിമുകൾ 2,000ഓളം ഉയർന്നുവെന്ന് ലേബർ ഡിപ്പാർട്ട്‌മെന്റ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. എങ്കിലും നാലാഴ്ചത്തെ ശരാശരി ക്ലെയിമുകൾ അതിനു മുമ്പുള്ള നാലാഴ്ചയില്‍ നിന്ന് 1,500ന്‍റെ കുറവാണ് പ്രകടമാക്കിയിട്ടുള്ളത്. ഇത് ഫെഡ് റിസര്‍വ് പലിശ നിരക്കിളവിലേക്ക് നീങ്ങുന്നുവെന്ന പ്രതീക്ഷകളെ ശക്തമാക്കി.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 21,292 ലും തുടർന്ന് 21,366, 21,485 ലെവലുകളിലും പ്രതിരോധം കാണാനിടയുണ്ട് എന്നാണ്. അതേസമയം താഴ്ചയുടെ സാഹചര്യത്തില്‍ 21,054 ലും തുടർന്ന് 20,981, 20,862 ലെവലുകളിലും പിന്തുണ എടുക്കാം.
ആഗോള വിപണികളില്‍ ഇന്ന്
മുന്‍സെഷനിലെ ഇടിവില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് വ്യാഴാഴ്ച വ്യാപാരത്തില്‍ യുഎസ് സൂചികകള്‍ രേഖപ്പെടുത്തിയത്. ഡൗ ജോൺസ് വ്യാവസായിക ശരാശരി 322.35 പോയിന്റ് അഥവാ 0.87 ശതമാനം ഉയർന്ന് 37,404.35 ലും എസ് & പി-500 48.4 പോയിന്റ് അഥവാ 1.03 ശതമാനം ഉയർന്ന് 4,746.75 ലും നാസ്ഡാക്ക് കോമ്പോസിറ്റ് 185.92 പോയിന്റ് അഥവാ 1.26 ശതമാനം വർധിച്ച് 14,963.87ലും എത്തി.
ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ജപ്പാന്‍റെ നിക്കി, ദക്ഷിണ കൊറിയയുടെ കോസ്പി, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ് എന്നിവ നേട്ടത്തിലാണ്. അതേസമയം ചൈനയുടെ ഷാങ്ഹായ് നെഗറ്റിവ് പ്രവണത കാണിക്കുന്നു.
ഗിഫ്റ്റ് നിഫ്റ്റി 26.50 പോയിന്‍റ് നഷ്ടത്തോടെയാണ് ഇന്നത്തെ വ്യാപാരം തുടങ്ങിയത്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ തുടക്കവും ഫ്ലാറ്റായോ നെഗറ്റിവായോ ആകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ: ലിസ്റ്റിംഗ് കഴിഞ്ഞ് 10 വർഷത്തിനുള്ളിൽ പൊതു ഓഹരി പങ്കാളിത്തം കുറഞ്ഞത് 25 ശതമാനം വേണമെന്ന നിബന്ധനയില്‍ എൽഐസിക്ക് സാമ്പത്തികകാര്യ വകുപ്പിൽ നിന്ന് ഇളവ് ലഭിച്ചു. പൊതു താൽപ്പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെടുത്തതെന്ന് വകുപ്പ് വിശദീകരിച്ചു. 2032ലാണ് എല്‍ഐസി ഓഹരി വിപണിയിലെത്തി 10 വര്‍ഷം പൂര്‍ത്തിയാകുക.
ജിഎംആർ എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ: ആന്ധ്രാപ്രദേശിലെ ഭോഗാപുരത്ത് വരാനിരിക്കുന്ന വിമാനത്താവളത്തിൽ 675 കോടി രൂപ നിക്ഷേപിക്കുന്നതിന് നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എൻഐഐഎഫ്) ഉപകമ്പനിയായ ജിഎംആര്‍ എയര്‍പോര്‍ട്സുമായി കരാറിൽ ഏർപ്പെട്ടു.ഗോവ ഇന്റർനാഷണൽ എയർപോർട്ടിലെ നിക്ഷേപത്തിന് ശേഷം ജിഎംആര്‍ എയർപോർട്‍സില്‍ എൻഐഐഎഫ് നടത്തുന്ന രണ്ടാമത്തെ നിക്ഷേപമാണിത്.
ബാറ്റ ഇന്ത്യ: റീട്ടെയിൽ, ഫ്രാഞ്ചൈസി ഓപ്പറേഷൻസ് തലവൻ പങ്കജ് ഗുപ്ത രാജിവെക്കുമെന്നും 2024 മാർച്ച് 1 മുതൽ ബാറ്റ ഗ്രൂപ്പിന്‍റെ ആഗോള പ്രവര്‍ത്തനങ്ങളിലേക്ക് മാറുമെന്നും റീട്ടെയിൽ ഫുട്‌വെയർ കമ്പനി അറിയിച്ചു. കമ്പനിയുടെ ചീഫ് സ്ട്രാറ്റജി & ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ ബദ്രി ബെരിവാൾ ഇനി റീട്ടെയിൽ ബിസിനസിന്‍റെ അധിക ചുമതല കൂടി വഹിക്കും.
എംഒഐഎല്‍: ഡിസംബർ 20-ഓടെ ഈ 2023ലെ ഉല്‍പ്പാദനം 16 ലക്ഷം ടൺ കവിഞ്ഞുവെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള മാംഗനീസ് അയിര് ഖനന കമ്പനി പ്രഖ്യാപിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനം നടന്ന 2019ലെ കണക്കിനേക്കാള്‍ 26 ശതമാനം കൂടുതലാണ് ഇത്,
സുവെൻ ഫാർമസ്യൂട്ടിക്കൽസ്: ഹിമാൻഷു അഗർവാളിനെ 2024 ജനുവരി 2 മുതൽ കമ്പനിയുടെ സിഎഫ്ഒ ആയി നിയമിക്കും. നേരത്തെ രാജി സമർപ്പിച്ച സുബ്ബ റാവു പരുപ്പള്ളിയുടെ പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്. ഹിമാൻഷു അഗർവാൾ മുമ്പ് അക്‌സോ നോബൽ ഇന്ത്യ, ആസ്ട്ര സെനെക്ക ഫാർമ, ബെന്നറ്റ് ആൻഡ് കോൾമാൻ എന്നിവയില്‍ പ്രവർത്തിച്ചിട്ടുണ്ട്.
360 വൺ വാം: എംഎവിഎം ഏഞ്ചൽസിലെ ബാക്കി 9 ശതമാനം ഓഹരികൾ കൂടി ഏറ്റെടുത്ത് പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാക്കുന്നതിന് കമ്പനി കരാറിലെത്തി. 2022 നവംബറിൽ എംഎവിഎം ഏഞ്ചൽസിന്‍റെ 91 ശതമാനം ഓഹരികൾ 360 വണ്‍ വാം സ്വന്തമാക്കിയിരുന്നു.
ക്രൂഡ് ഓയിലും സ്വര്‍ണവും
ഒപെക് കൂട്ടായ്മയില്‍ നിന്ന് പുറത്തുപോകുമെന്ന് അംഗോള പറഞ്ഞതിന് ശേഷം എണ്ണ വില ബാരലിന് ഏകദേശം 1 ഡോളര്‍ കുറഞ്ഞു. ആഗോള തലത്തില്‍ വിതരണം വെട്ടിക്കുറയ്ക്കാനുള്ള ഒപെകിന്‍റെ ശ്രമങ്ങളുടെ ഭാവി സംബന്ധിച്ച് ആശങ്ക ഉയര്‍ന്നു. ബ്രെന്റ് ഫ്യൂച്ചറുകൾ 94 സെൻറ് അഥവാ 1.18 ശതമാനം ഇടിഞ്ഞ് ബാരലിന് 78.76 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 96 സെൻറ് അഥവാ 1.29 ശതമാനം ഇടിഞ്ഞ് 73.26 ഡോളറിലെത്തി.
അടുത്ത വർഷം മാർച്ചിൽ ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷകളെ പുതിയ ഡാറ്റകള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന്, യുഎസ് ട്രഷറി ആദായം ഇടിഞ്ഞതിനാല്‍ ഡിസംബർ 21 ന് സ്വർണവില ഉയർന്നു. സ്‌പോട്ട് ഗോൾഡ് 0.6 ശതമാനം ഉയർന്ന് ഔൺസിന് 2,041.27 ഡോളറിലെത്തി, യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.3 ശതമാനം ഉയർന്ന് 2,053.20 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ഓഹരികളില്‍ 1,636.19 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയപ്പോള്‍ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 1,464.70 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയെന്ന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം
പഠിക്കാം & സമ്പാദിക്കാം
Home
