6 Sept 2023 7:47 AM IST
യുഎസ് കടപ്പത്ര വില കുറയുന്നു, ക്രൂഡ് ഉയര്‍ച്ചയില്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ ഇടിവില്‍
- ഓഗസ്റ്റിലും നല്ല വളര്‍ച്ചയുമായി സേവന മേഖല
- ഗിഫ്റ്റ് നിഫ്റ്റിയില്‍ തുടക്കം ഇടിവോടെ
തുടര്‍ച്ചയായ മൂന്നാം ദിനത്തിലും നേട്ടത്തോടെയാണ് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്‌സ് 152.12 പോയിന്റ് (0.23%) നേട്ടത്തോടെ 65,780.26ലെത്തി. നിഫ്റ്റി 49.05 പോയിന്റ് (0.25%) ഉയർന്ന് 19,577.85ൽ എത്തി. വ്യാപാര സെഷനിലുടനീളം നീണ്ട ചാഞ്ചാട്ടങ്ങള്‍ക്കൊടുവിലാണ് വിപണികള്‍ പച്ച തൊട്ടത്.
സേവന മേഖലയുടെ വളര്‍ച്ച ഓഗസ്റ്റിലും നല്ല വേഗത്തില്‍ തുടര്‍ന്നു എന്നതാണ് ആഗോള തലത്തിലെ നെഗറ്റിവ് പ്രവണതകള്‍ക്കിടയിലും ഇന്നലെ ആഭ്യന്തര നിക്ഷേപക വികാരത്തെ പിന്തുണച്ചത്. എസ് & പി ഗ്ലോബല്‍ തയാറാക്കിയ സര്‍വെ റിപ്പോര്‍ട്ട് പ്രകാരം സേവന പിഎംഐ 60.3 ആണ്. എന്നാല്‍ സേവനങ്ങളുടെ വിലക്കയറ്റം ഉയര്‍ന്നുവെന്ന വസ്‍തുതയും റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നുണ്ട്. ഇത് റിപ്പൊ നിരക്ക് കുറയ്ക്കുന്നത് നീട്ടിവെക്കുന്നതിലേക്ക് റിസര്‍വ് ബാങ്കിനെ നയിച്ചേക്കും എന്നാണ് ആശങ്ക.
യുപിഐ വഴി ക്രെഡിറ്റ് കാര്‍ഡ് മാതൃകയില്‍ വായ്പാ സംവിധാനം ഒരുക്കാന്‍ ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ബാങ്കിംഗ് മേഖല സ്വാഗതം ചെയ്തിട്ടുണ്ട്. ഇതിന്‍റെ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പ്രമുഖ ബാങ്കുകള്‍ പരിശോധിക്കുകയാണ്.
യുഎസ് ട്രഷറി യീല്‍ഡും ക്രൂഡ് ഓയില്‍ വിലയും ഉയര്‍ന്നത് ഇന്ന് ആഗോള തലത്തില്‍ വിപണികളെ സ്വാധീനിക്കും. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപങ്ങളുടെ വരവിനും ഇത് വിഘാതം സൃഷ്ടിക്കുന്നു. മാസങ്ങള്‍ നീണ്ട ശക്തമായ വാങ്ങലിനു ശേഷം ഓഗസ്റ്റില്‍ ഇന്ത്യന്‍ വിപണിയിലേക്കുള്ള വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപം 10,000 കോടിക്ക് താഴേക്ക് എത്തിയിരുന്നു.
ഏഷ്യന്‍ വിപണികളില്‍ ഇടിവ്
പ്രധാന ഏഷ്യന്‍ വിപണികളില്‍ ഇന്ന് ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ, ഷാങ്ഹായ്, ഹോംഗ് കോംഗ് വിപണികള്‍ ഇടിവിലാണ്. ടോക്കിയോ, തായ്വാന്‍ വിപണികളില്‍ ചുവപ്പും പച്ചയും മാറിവരുന്ന കാഴ്ചയാണ് തുടക്ക വ്യാപാരത്തില്‍ കാണുന്നത്. ചൈനയുടെ സേവന മേഖല ഏട്ടു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയിലാണ് ഓഗസ്റ്റില്‍ വികസിച്ചതെന്ന റിപ്പോര്‍ട്ടും ഇന്ന് ഏഷ്യന്‍ വിപണികളില്‍ പ്രതിഫലിക്കും.
യൂറോപ്പിലെ പ്രമുഖ വിപണികളെല്ലാം ഇന്നലെ നെഗറ്റിവ് ആയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂഎസിലെ പ്രധാന വിപണികളായ ഡൗ ജോണ്‍സും നാസ്‍ഡാഖും എസ്‍ & പി 500ഉം ചൊവ്വാഴ്ച ഇടിവ് പ്രകടമാക്കി. ട്രഷറി വരുമാനവും ക്രൂഡ് ഓയില്‍ വിലയും ഉയർന്നതും ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച് കൂടുതല്‍ വിശകലനങ്ങളിലേക്ക് നിക്ഷേപകര്‍ നീങ്ങുന്നതുമാണ് ഇടിവിന് പ്രധാന കാരണം. ഡൗ ജോണ്‍സ് 0.6 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.
ഗിഫ്റ്റ് നിഫ്റ്റി ഇന്ന് 7 പോയിന്‍റിന്‍റെ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ആഭ്യന്തര ഓഹരി വിപണി സൂചികകളും തുടക്കത്തില്‍ നഷ്ടം നേരിടുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
ജിയോ ഫിനാൻഷ്യൽ സർവീസസ്: സെപ്റ്റംബർ 4, സെപ്റ്റംബർ 5 എന്നീ തുടർച്ചയായ രണ്ട് ട്രേഡിംഗ് ദിവസങ്ങളിൽ പ്രൈസ് ബാൻഡിൽ എത്തിയിട്ടില്ലാത്തതിനാൽ, സെപ്റ്റംബർ 7 മുതൽ നിഫ്റ്റി50 ഉൾപ്പെടെയുള്ള എൻഎസ്ഇ സൂചികകളിൽ നിന്ന് ജെഎഫ്എസ് നീക്കം ചെയ്യും. സെപ്റ്റംബർ 6-ന് ജിയോ ഫിനാൻഷ്യൽ സർവീസസ് പ്രൈസ് ബാൻഡിൽ എത്തുകയാണെങ്കിലും ഒഴിവാക്കൽ കൂടുതൽ മാറ്റിവെക്കില്ലെന്ന് എക്സ്ചേഞ്ച് അറിയിച്ചു.
റെയ്മണ്ട്‍: റെയ്മണ്ട് ഓഹരികള്‍ ഇന്നലെ റെക്കോഡ് ഉയരത്തിലേക്ക് എത്തി. 2000 രൂപയ്ക്ക് മുകളിലേക്ക് ഓഹരി വില എത്തി. ബ്രോക്കറേജ് സ്ഥാപനമായ ജെഫറിസ് 2600 രൂപയുടെ പ്രൈസ് ടാര്‍ഗറ്റോട് കൂടി ഈ ഓഹരിക്ക് ബയ് റേറ്റിംഗ് നല്‍കി.
എന്‍ബിസിസി (ഇന്ത്യ): കൊച്ചിയിൽ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിന്‍റെ 17.9 ഏക്കർ ഭൂമിയുടെ വികസനത്തിനായി എന്‍ബിസിസി (ഇന്ത്യ) ധാരണാപത്രം ഒപ്പുവച്ചു. 2000 കോടി രൂപയാണ് പദ്ധതിയുടെ മൂല്യം.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ: ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി (ഐആർഇഡിഎ) യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായും ബാങ്ക് ഓഫ് ബറോഡയുമായും ധാരണാപത്രത്തിൽ ഒപ്പുവച്ചു .
പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ: രാജസ്ഥാനിൽ സംസ്ഥാനാന്തര വൈദ്യുതി വിതരണ സംവിധാനം ഒരുക്കുന്ന പദ്ധതിയുടെ കരാര്‍ കമ്പനിക്ക് ലഭിച്ചു.
വേദാന്ത: കൊങ്കോള കോപ്പർ ഖനികളുടെ ഉടമസ്ഥാവകാശം വേദാന്ത റിസോഴ്‌സസിന് തിരികെ നൽകാൻ സാംബിയൻ സർക്കാർ സമ്മതിച്ചു. ഈ ഖനി ആസ്തികളിൽ 16 ദശലക്ഷം ടൺ ചെമ്പ് ശേഖരമുണ്ട്.
ക്രൂഡ് ഓയിലും സ്വര്‍ണവും
ബോധപൂര്‍വമുള്ള വിതരണം വെട്ടിക്കുറയ്ക്കല്‍ ഈ വർഷം അവസാനം വരെ നീട്ടുന്നതിന് സൗദി അറേബ്യയും റഷ്യയും തീരുമാനിച്ചതിന്‍റെ പശ്ചാത്തലത്തില്‍ എണ്ണവില ചൊവ്വാഴ്ച 2 ശതമാനം ഉയർന്ന് നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലായി.
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 2.08 ഡോളർ അഥവാ ഏകദേശം 2.3 ശതമാനം ഉയർന്ന് ബാരലിന് 91.08 ഡോളറിലെത്തി. യു.എസ്. വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഒക്ടോബർ ഫ്യൂച്ചറുകൾ 2.42 ഡോളർ അഥവാ ഏകദേശം 2.8 ശതമാനം ഉയർന്ന് ബാരലിന് 87.97 ഡോളറിലെത്തി, ഇത് 10 മാസത്തെ ഉയർന്ന നിരക്കാണ്.
ബോണ്ട് വരുമാനം വര്‍ധിച്ചതും ആഗോള വളർച്ചാ ആശങ്കകൾക്കെതിരെ പ്രതിരോധം തീർക്കാൻ നിക്ഷേപകർ യുഎസ് ഡോളർ തിരഞ്ഞെടുത്തതും ചൊവ്വാഴ്ച സ്വർണ്ണത്തെ ഒരാഴ്ചക്കിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിച്ചു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.6 ശതമാനം കുറഞ്ഞ് 1,926.49 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.8 ശതമാനം ഇടിഞ്ഞ് 1,952.00 ഡോളറിലെത്തി.
വിദേശ ഫണ്ടുകളുടെ വരവ്
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 1,725.11 കോടി രൂപയുടെ ഓഹരികൾ ഇന്നലെ വിറ്റു, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 1,077.86 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) കണക്കുകൾ വ്യക്തമാക്കുന്നു.
വിദേശ പോര്‍ട്ട്‍ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 2375.64 കോടി രൂപയുടെ അറ്റ വിറ്റഴിക്കലാണ് ഇന്നലെ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നടത്തിയത്. ഡെറ്റ് വിപണിയില്‍ 26.64 കോടി രൂപയുടെ അറ്റ വില്‍പ്പനയും എഫ്‍പിഐകള്‍ നടത്തി.
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല
പഠിക്കാം & സമ്പാദിക്കാം
Home
