23 Nov 2023 8:02 AM IST
യുഎസ് ട്രഷറി ആദായം ഉയര്‍ന്നു, ഏഷ്യന്‍ വിപണികളില്‍ ഇടിവ്; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ്
- സ്വര്‍ണം ഔണ്‍സിന് വില 2000 ഡോളറിന് താഴേക്കിറങ്ങി
- ഗിഫ്റ്റ് നിഫ്റ്റിയില്‍ തുടക്കം 5 പോയിന്‍റ് നേട്ടത്തോടെ
ആഗോള തലത്തിലെ സമ്മിശ്ര സൂചനകള്‍ക്കിടയിലും, തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കാന്‍ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ക്കായി. ബാങ്കുകളിലും എന്‍ബിഎഫ്‍സികളിലും ആസ്തി ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതിനെ കുറിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തിയ പരാമര്‍ശം നിക്ഷേപക വികാരത്തെ നെഗറ്റിവായി ബാധിച്ചു. ബിഎസ്ഇ സെൻസെക്‌സ് 92.5 പോയിന്റ് ഉയർന്ന് 66,023ലും നിഫ്റ്റി 28 പോയിന്റ് ഉയർന്ന് 19,811.8ലുമെത്തി.
ഇന്നും ആഗോള തലത്തിലെ സൂചനകള്‍ അത്ര മെച്ചപ്പെട്ടതല്ല. യുഎസിലെ പണപ്പെരുപ്പം ഇനിയും ഉയര്‍ന്ന തലത്തില്‍ ആകാമെന്ന ഭീതിയെ തുടര്‍ന്ന്, 10 വര്‍ഷ യുഎസ് ബോണ്ടുകളിലെ ആദായം വീണ്ടും മുകളിലേക്ക് നീങ്ങി 4. 42 ശതമാനത്തിലെത്തി. തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി പുതിയ ക്ലെയിമുകൾ ഫയൽ ചെയ്യുന്ന അമേരിക്കക്കാരുടെ എണ്ണം കഴിഞ്ഞ ആഴ്ച പ്രതീക്ഷിച്ചതിലും കൂടുതൽ കുറഞ്ഞു. ഡോളര്‍ സൂചിക 0.49 ശതമാനം കുത്തനേ ഉയര്‍ന്ന് 104.10 ല്‍ എത്തി.
ബുധനാഴ്ച യുഎസ് വിപണിയില്‍ എൻവിഡിയ-യുടെ ഓഹരി വില 2.46% ഇടിഞ്ഞ് 487.16 ഡോളറിലെത്തി. പുതിയ യുഎസ് നിയമങ്ങളുടെ പശ്ചാത്തലത്തിൽ ചൈനയിലെ നാലാം പാദ വിൽപ്പനയിൽ കുത്തനെ ഇടിവ് പ്രതീക്ഷിക്കുന്നതായി കമ്പനി പറഞ്ഞതാണ് ഇടിവിന് കാരണം. എൻവിഡിയ-യുമായി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇന്ത്യന്‍ ഐടി കമ്പനികളെ കുറിച്ചുള്ള വീക്ഷണത്തെയും ഇത് ബാധിച്ചേക്കാം.
ആഗോള വിപണിയില്‍ ഇന്ന്
യുഎസ് വിപണികള്‍ ബുധനയാഴ്ചത്തെ വ്യാപാരം നേട്ടത്തിലാണ് അവസാനിപ്പിച്ചത്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.53 ശതമാനം ഉയർന്നു. എസ് & പി 500 0.41 ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റ് 0.46 ശതമാനവും ഉയർന്നു. യൂറോപ്യന്‍ വിപണികളും ഇന്നലെ പൊതുവില്‍ നേട്ടത്തിലായിരുന്നു.
ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെംഗ്, ചൈനയുടെ ഷാങ്ഹായ് എന്നിവയില്‍ ചുവപ്പിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജപ്പാന്‍ വിപണികള്‍ക്ക് ഇന്ന് അവധിയാണ്.
ഗിഫ്റ്റ് നിഫ്റ്റി 5 പോയിന്‍റ് നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെ തുടക്കം നേട്ടത്തിലോ ഫ്ലാറ്റായോ ആകുമെന്നാണ് ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നത്.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
നിഫ്റ്റി 19,734-ലും തുടർന്ന് 19,705-ലും 19,659-ലും പിന്തുണ നേടിയേക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്. ഉയർച്ചയുടെ സാഹചര്യത്തില്‍ 19,827 പ്രധാന പ്രതിരോധമായി മാറുന്നു, തുടര്‍ന്ന് 19,856ഉം 19,902ഉം.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
ഹൊനാസ കൺസ്യൂമർ: ബ്യൂട്ടി, പേഴ്‌സണൽ കെയർ ബ്രാൻഡായ മമഎര്‍ത്തിന്‍റെ ഉടമകളായ കമ്പനിയുടെ ഏകീകൃത അറ്റാദായം രണ്ടാം പാദത്തില്‍ 94 ശതമാനം വാര്‍ഷിക വളർച്ച നേടി 29 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 21 ശതമാനം വർധിച്ച് 496 കോടി രൂപയിലെത്തി.
വെൽസ്‌പൺ കോർപ്പറേഷൻ: ഉപകമ്പനിയായ സിന്റക്‌സ് ബിഎപിഎലിന്, സാംബൽപൂരിൽ സിപിവിസി, യുപിവിസി, എസ്‌ഡബ്ല്യുആർ, അഗ്രി പൈപ്പുകൾ, പിവിസി ഫിറ്റിംഗ്‌സ്, പ്ലാസ്റ്റിക് ടാങ്കുകൾ എന്നിവയുടെ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് 479.47 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒഡീഷ സർക്കാരിൽ നിന്ന് അനുമതി ലഭിച്ചു. 37,520 മെട്രിക് ടൺ വാർഷിക ശേഷിയുള്ള യൂണിറ്റാണിത്.
മുക്ത ആർട്ട്‌സ്: സൗദി അറേബ്യയിൽ ഉടനീളം സിനിമാശാലകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും സൗദി അറേബ്യ ആസ്ഥാനമായുള്ള അൽ-ഒതൈം ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുമായികരാറിൽ ഏർപ്പെട്ടു. ബഹ്‌റൈനിലെ ഉപകമ്പനിയായ മുക്ത എ2 മൾട്ടിപ്ലക്‌സ് ഡബ്ല്യു എൽ എൽ ആണ് കരാര്‍ ഒപ്പിട്ടത്.
ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ്: മിറേ അസറ്റ് മ്യൂച്വൽ ഫണ്ട് ഈ പ്രകൃതി വാതക വിതരണ കമ്പനിയിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം 0.13 ശതമാനം വർദ്ധിപ്പിച്ചു. നവംബർ 21ന് ഒരു ഓപ്പൺ മാർക്കറ്റ് ഇടപാട് വഴിയാണ് ഓഹരി പങ്കാളിത്തം മുമ്പത്തെ 9.02 ശതമാനത്തിൽ നിന്ന് 9.15 ശതമാനമാക്കി ഉയര്‍ത്തിയത്.
ബിസിപിഎല്‍ റെയിൽവേ ഇൻഫ്രാസ്ട്രക്ചർ: ഈസ്റ്റേൺ റെയിൽവേയുടെ ഗതി ശക്തി സീൽദാ ഡിവിഷനു കീഴിൽ കമ്പനിക്ക് ഒരു വൈദ്യുതീകരണ പദ്ധതി ലഭിച്ചു. 3.26 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 12 മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
സിഇ ഇൻഫോ സിസ്റ്റംസ്: ഇക്വിറ്റി ഓഹരികള്‍ പുറത്തിറക്കി ഫണ്ട് സമാഹരിക്കുന്നതിനുള്ള നിർദ്ദേശം പരിഗണിക്കാൻ ഡയറക്ടർ ബോർഡ് നവംബർ 27 ന് യോഗം ചേരുമെന്ന് അറിയിച്ചു. ഡിജിറ്റൽ മാപ്‌സ്, ജിയോസ്‌പേഷ്യൽ സോഫ്‌റ്റ്‌വെയർ, ലൊക്കേഷൻ അധിഷ്‌ഠിത ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) എന്നീ സാങ്കേതിക വിദ്യകളുടെ ദാതാവാണ് കമ്പനി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്നലെ 306.56 കോടി രൂപയുടെ അറ്റവില്‍പ്പന ഓഹരികളില്‍ നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 721.24 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയെന്ന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
ക്രൂഡ് ഓയിലും സ്വര്‍ണവും
ഒപെക് പ്ലസ് രാഷ്ട്രങ്ങള്‍ ഞായറാഴ്ച നടത്താനിരുന്ന യോഗം മാറ്റിവെച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച ക്രൂഡ് ഓയിൽ വില 4 ശതമാനം ഇടിഞ്ഞു. ജനുവരിയിലെ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് കരാർ 3.87 ഡോളർ അഥവാ 4.98 ശതമാനം കുറഞ്ഞ് ബാരലിന് 73.90 ഡോളറായി, ജനുവരിയിലെ ബ്രെന്റ് കരാർ 3.85 ഡോളർ അഥവാ 4.67 ശതമാനം കുറഞ്ഞ് ബാരലിന് 78.60 ഡോളറായി.
യുഎസ് ഡോളറിലും ട്രഷറി യീൽഡിലും ഉണ്ടായ വീണ്ടെടുപ്പിനെ തുടര്‍ന്ന് സ്വര്‍ണ വില അല്‍പ്പം താഴോട്ടിറങ്ങി. സ്‌പോട്ട് ഗോൾഡ് 0.2 ശതമാനം ഇടിഞ്ഞ് ഔൺസിന് 1,994.29 ഡോളറിലെത്തി, യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.3 ശതമാനം ഇടിഞ്ഞ് 1,996.40 ഡോളറിലെത്തി.
മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം
പഠിക്കാം & സമ്പാദിക്കാം
Home
