image

20 Dec 2025 3:50 PM IST

Stock Market Updates

Jefferies Report : ഓഹരി വിപണി; ജെഫ്രീസ് റിപ്പോ‍ർട്ടിൽ ആശങ്ക വേണോ?

MyFin Desk

Jefferies Report : ഓഹരി വിപണി; ജെഫ്രീസ് റിപ്പോ‍ർട്ടിൽ ആശങ്ക വേണോ?
X

Summary

വളർന്നുവരുന്ന വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ 2025 ൽ 30 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യൻ ഓഹരി വിപണിയുടേതെന്ന് ജെഫ്രീസ്.


2025ല്‍ ലോകമെമ്പാടുമുള്ള എമര്‍ജിംഗ് മാര്‍ക്കറ്റുകള്‍ ശരാശരി 30 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍, ഇന്ത്യൻ വിപണിയുടേത് മോശം പ്രകടനമെന്ന് ഇൻവെസ്റ്റ്മൻ്റ് ബാങ്കായ ജെഫ്രീസ്. എംഎസ്സിഐ ഇന്‍ഡക്‌സ് നല്‍കിയത് വെറും 2.2 ശതമാനം റിട്ടേൺ. ഏഷ്യന്‍ വിപണികള്‍ 25 ശതമാനത്തിലധികം വളര്‍ന്നപ്പോഴും ഇന്ത്യ പിന്നിലായിപ്പോയെന്ന് ജെഫ്രീസ് സൂചിപ്പിച്ചു. അതേസമയം എംഎസ്‍സിഐ എസി ഏഷ്യ പസഫിക് എക്സ്-ജപ്പാൻ സൂചിക 25 ശതമാനം നേട്ടമാണുണ്ടാക്കിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യൻ ഓഹരികളുടേതെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് ജെഫ്രീസ് പുറത്ത് വിട്ടത്.

കമ്പനികളുടെ ലാഭവിഹിതത്തിലുണ്ടായ കുറവാണ് പ്രധാന കാരണമായി റിപ്പോർട്ടിൽ പറയുന്നത്.വിപണിയെ തളര്‍ത്തുന്ന മറ്റൊരു ഘടകം ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയാണ്. 2025-ല്‍ മാത്രം രൂപയുടെ മൂല്യം 5.3 ശതമാനം ഇടിഞ്ഞു. ഡിസംബറില്‍ ചരിത്രത്തിലാദ്യമായി ഒരു ഡോളറിന് 90 രൂപ എന്ന നിലവാരവും കടന്ന് രൂപ താഴേക്ക് പതിച്ചു. അമേരിക്ക ഏര്‍പ്പെടുത്തിയ 50 ശതമാനം ഇറക്കുമതി തീരുവയും വ്യാപാരക്കമ്മി വര്‍ധിച്ചതും രൂപയെ തളര്‍ത്തി. ഇത് വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിക്കാന്‍ കാരണമായി.

രൂപ തിരിച്ചു കയറും

അമേരിക്കയുമായുള്ള വ്യാപാര കരാറുകള്‍ വൈകുന്നതും ചൈനയുമായുള്ള വ്യാപാരക്കമ്മി റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതും ഇന്ത്യയെ പ്രതിരോധത്തിലാക്കുന്നു. 2025-ലെ ആദ്യ 11 മാസത്തിനുള്ളില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി 282 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലെത്തി. ഇത് ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയുടെ മേല്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. എങ്കിലും, രൂപയുടെ മൂല്യം ഇപ്പോള്‍ അതിന്റെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും വരും മാസങ്ങളില്‍ തിരിച്ചുവരവ് ഉണ്ടായേക്കാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.

ആഗോള സാഹചര്യങ്ങളും ആഭ്യന്തര സാമ്പത്തിക മാന്ദ്യവും ഒത്തുചേര്‍ന്ന ഒരു 'പെര്‍ഫെക്റ്റ് സ്റ്റോം' ആണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണി നേരിടുന്നത്. നിക്ഷേപകര്‍ കരുതലോടെ നീങ്ങേണ്ട സമയമാണിതെന്നും ജെഫ്രീസ് ഓർമിപ്പിക്കുന്നു.