image

8 Aug 2024 2:30 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഓഗസ്റ്റ് 8)

Joy Philip

market this week (july 29-august 04) trade morning
X

Summary

പണനയം വിപണിക്കു ദിശയാകും


റിസര്‍വ് ബാങ്കിന്റെ പണനയമാണ് വിപണിയെ സംബന്ധിച്ചിടത്തോളം പ്രധാന സംഭവങ്ങളിലൊന്ന്. പലിശ വെട്ടിക്കുറയ്ക്കുന്നതു സംബന്ധിച്ച എന്തെങ്കിലും സൂചനകള്‍ ഉണ്ടായാല്‍ അതു വിപണിയില്‍ പ്രതിഫലിക്കും.

തുടര്‍ച്ചയായ ഒമ്പതാമത്തെ പണനയോഗത്തിലും റിസര്‍വ് ബാങ്ക് പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ റീപോ നിരക്ക് 6.5 ശതമാനമാണ്.

ഉയര്‍ന്നു നില്‍ക്കു ഭക്ഷ്യവിലയാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ മെച്ചപ്പെട്ട മഴയും ഉയര്‍ന്ന വിസ്തൃതയില്‍ വിളയിറക്കലും ഭക്ഷ്യവിലക്കയറ്റത്തിനു കടിഞ്ഞാണിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റത്തോത് ലക്ഷ്യമിട്ടിരിക്കുന്നതുപോലെ 4 ശതമാനത്തിലേക്കു നീങ്ങിയാല്‍ ഈവര്‍ഷാവസാനത്തോടെ നിരക്കു വെട്ടിക്കുറയ്ക്കലിലേക്ക് ആര്‍ബിഐ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പലിശ നിരക്കിനു പുറമേ ജിഡിപി വളര്‍ച്ചാ ലക്ഷ്യം, പണപ്പെരുപ്പ ലക്ഷ്യം, പണലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍, പലിശ കുറയ്ക്കുന്നതു സംബന്ധിച്ച നിലപാട് എന്നിവയാണ് വിപണി നരീക്ഷിക്കുന്ന സംഗതികള്‍. ജൂണില്‍ ജിഡിപി വളര്‍ച്ചാ ലക്ഷ്യം 7 ശതമാനത്തില്‍നിന്ന് 7.2 ശതമാനമായി പുതുക്കിയിരുന്നു. ജൂണിലെ ചില്ലറവിലക്കയറ്റത്തോത് 5.08 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. 2024-25-ല്‍ 4.5 ശതമാനം പണപ്പെരുപ്പമാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

ചൊവ്വാഴ്ച ശക്തമായ തിരിച്ചുവരവു നടത്തിയ യുഎസ് വിപണിയില്‍ ഇന്നലെ അവസാന മണിക്കൂറുകളില്‍ ശക്തമായ ലാഭമെടുപ്പാണ് കണ്ടത്. ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ താഴ്ചയോടെയാണ് തുടങ്ങിയിട്ടുള്ളത്.

എന്തായാലും പണനയത്തില്‍നിന്നുള്ള അനുമാനങ്ങളാണ് ഇന്ത്യന്‍ വിപണിക്കു ഇന്നു ദിശ നല്‍കുക. ഇതോടൊപ്പം രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങളും നിപണി നീക്കത്തെ സ്വാധീനിക്കുന്ന സംഗതിയാണ്.

ഇന്ത്യന്‍ വിപണി ഇന്നലെ

മൂന്നു ദിവസത്തെ തുടര്‍ച്ചയായ ഇടിവിനുശേഷം ഇന്ത്യന്‍ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി പ്രതികാരവാഞ്ഛയോടെ, പെട്ടെന്നു മികച്ച തിരിച്ചുവരവു നടത്തിയിരിക്കുകയാണ്. നിഫ്റ്റി ഇന്നലെ 304.95 പോയിന്റ് ( 1.27 ശതമാനം) നേട്ടത്തോടെ 24297.5 പോയിന്റിലാണ് ക്ലോസ് ചെയ്തത്.

ഓഗസ്റ്റ് ഒന്നിലെ റിക്കാര്‍ഡ് ഉയരത്തില്‍നിന്ന് നിഫ്റ്റി ഏതാണ്ട് എട്ടര ശതമാനത്തോളം (2018 പോയിന്റ്) ഇടിവു രേഖപ്പെടുത്തിയിരുന്നു. ചുരുക്കത്തില്‍ ശക്തമായ തിരുത്തലാണ് വിപണിയില്‍ ഉണ്ടായിട്ടുള്ളത്. ലാര്‍ജ്, മിഡ്, സ്മോള്‍കാപ് ഉള്‍പ്പെടെയ എല്ലാ വിഭാഗങ്ങളിലുമുള്ള ഓഹരികള്‍ ഇന്നലത്തെ മുന്നേറ്റത്തില്‍ പങ്കെടുത്തു.റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ദീര്‍ഘകാലമൂലധന വളര്‍ച്ചാ നികുതിക്ക് ഓപ്ഷന്‍ നല്‍കിയത് ആ മേഖലയിലെ ഓഹരികളില്‍ പ്രതിഫലിച്ചു. ഐടി, ബാങ്ക്, ഓട്ടോ, ഹെല്‍ത്ത്കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങി ഒട്ടുമിക്ക മേഖലകളും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.

ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് ഇന്നലെ 874.94 പോയിന്റ് മെച്ചത്തോടെ 79468.01 പോയിന്റിലേക്ക് എത്തി.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

വിപണി കടന്നുപോയ ശക്തമായ മുന്നേറ്റം അതിന്റെ ആരോഗ്യത്തിനു തുണയായിരിക്കുകയാണ്.

ഇന്നലത്തെ മൊമന്റം വിപണിയില്‍ തുടര്‍ന്നാല്‍ 24500 പോയിന്റിലേക്ക് നിഫ്റ്റി എത്താം. അവിടെ വില്‍പ്പന സമ്മര്‍ദ്ദം ദൃശ്യമാണ്. തുടര്‍ന്നും പോസീറ്റീവ് മൊമന്റം തുടരുകയാണെങ്കില്‍ 24851 പോയിന്റില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

മറിച്ച് താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ നിഫ്റ്റിക്ക് ആദ്യ പിന്തുണ 24100 ചുറ്റളവില്‍ ലഭിക്കും. തുടര്‍ന്നും താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 23950-24000 തലത്തില്‍ പിന്തുണയുണ്ട്. തുടര്‍ന്ന് തിങ്കളാഴ്ചത്തെ ഏറ്റവും താഴ്ചയായ 23893 പോയിന്റിലേക്കും നിഫ്റ്റി എത്തിയേക്കാം. എന്തായാലും 24000 പോയിന്റിന് ചുറ്റളവ് നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം പ്രധാന പിന്തുണ മേഖലയായി മാറിയിട്ടുണ്ട്.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ചൊവ്വാഴ്ച 48.85 ആണ്. ബെയറീഷ് മനോഭാവത്തിലേക്ക് നിഫ്റ്റി വീണിരിക്കുകയാണ്.

ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ഈ വാരത്തില്‍ ഈ ആദ്യ രണ്ടു ദിവസങ്ങളിലായി 1600-ലധികം പോയിന്റിന്റെ നഷ്ടം കാണിച്ച ബാങ്ക് നിഫ്റ്റി ഇന്നലെ 370.7 പോയിന്റ് നേട്ടത്തോടെ അമ്പതിനായിരം പോയിന്റിനു മുകളിലേക്കു തിരിച്ചെത്തി. ഇന്നലത്തെ ക്ലോസിംഗ് 50119 പോയിന്റാണ്. കുറേ ദിവസങ്ങളിലായി ബാങ്ക് നിഫ്റ്റിയുടെ പൊതുമനോഭാവം അത്ര പോസീറ്റീവ് അല്ല. ഒരു തരം ഉത്സാഹമില്ലാത്ത അവസ്ഥ എന്നു വേണമെങ്കില്‍ പറയാം.

ഇന്നലത്തെ മൊമന്റം തുടര്‍ന്നാല്‍ ബാങ്ക് നിഫ്റ്റി 50750 പോയിന്റില്‍് ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം തുടര്‍ന്നു മുന്നോട്ടു പോയാല്‍ 51200 പോയിന്റിലേക്കും 51600 പോയിന്റിലേക്കും എത്താം.

മറിച്ചായാല്‍ ബാങ്ക് നിഫ്റ്റിക്ക് 49550 പോയിന്റില്‍ ആദ്യ പിന്തുണ ലഭിക്കും. വില്‍പ്പന തുടരുകയാണെങ്കില്‍ അടുത്ത പിന്തുണ 49000 പോയിന്റിന് ചുറ്റളവിലാണ്. തുടര്‍ന്ന് 48570 പോയിന്റില്‍ പിന്തുണയുണ്ട്.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 33.62 ആണ്. ബെയറീഷ് മൂഡിലൂടെയാണ് ബാങ്ക് നിഫ്റ്റി നീങ്ങുന്നത്. ഓവര്‍ സോള്‍ഡ് തലത്തിലേക്ക് നീങ്ങുകയാണ്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ നേരിയ നേട്ടത്തോടെയാണ് ആരംഭിച്ചത്. ഗിഫ്റ്റ് നിഫ്റ്റി ഒരുമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 35 പോയിന്റ് മെച്ചത്തിലാണ്. ആഗോള വിപണികളിലെ മനോഭാവും നേരിയ തോതില്‍ നെഗറ്റീവ് ആണെങ്കിലും പോസീറ്റീവ് ഓപ്പണിംഗ് ആണ് ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്നലെ ഇന്ത്യന്‍ എഡിആറുകള്‍ സമ്മിശ്രമായാണ് ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച താഴ്ന്നു ക്ലോസ് ചെയ്ത റിലയന്‍സ് ഇന്‍ഡ്സ്ട്രീസ് എഡിആര്‍ ഇന്നലെ 1.28 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. എച്ച്ഡിഎഫ്സി ബാങ്ക് 1.87 ശതമാനവും ഡോ. റെഡ്ഡീസ് 1.19 ശതമാനവും നേട്ടമുണ്ടാക്കി.

ഇന്‍ഫോസിസ് 0.1 ശതമാനവും വിപ്രോ 1.37 ശതമാനവും ഐസിഐസിഐ ബാങ്ക് 0.22 ശതമാനവും താഴ്ന്നു. മേക്ക് മൈട്രിപ്പ് 0.36 ശതമാനം താഴ്ന്നപ്പോള്‍ യാത്ര ഓണ്‍ലൈന്‍ 3.08 ശതമാനം മെച്ചപ്പെട്ടു.

ഇന്ത്യ വിക്സ്

ആഗോള വിപണി സാധാരണനിലയിലേക്ക് എത്തിയതോടെ ഇന്ത്യന്‍ വിപണിയിലെ വ്യതിയാനത്തിന്റെ വ്യാപ്തിയും കുറഞ്ഞു. ഇന്നലെ ഇന്ത്യ വിക്സ് 13.73 ശതമാനം ( 2.57 പോയിന്റ്) കുറഞ്ഞ് 16.17 ആയി. ഇന്നലെയിത് 18.74-ഉം. തിങ്കളാഴ്ച 20.37-ഉം ആയിരുന്നു.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 0.88 ലേക്കു മെച്ചപ്പെട്ടു. ചൊവ്വാഴ്ച 0.71 ലേക്കു താഴ്ന്നിരുന്നു. ബയറീഷ് മൂഡില്‍നിന്നു ക്രമേണ ബുള്ളീഷ് മനോഭാവം തിരിച്ചുപിടിക്കുകയാണ് വിപണി.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

ചൊവ്വാഴ്ച ശക്തമായ തിരിച്ചുവരവു നടത്തിയ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സിന് ഇന്നലെ ആ മൊമന്റം നിലനിര്‍ത്താന്‍ സാധിച്ചില്ല. ഇന്നലെ രാവിലെ 230 പോയിന്റ് ഉയര്‍ച്ചയോടെ ഓപ്പണ്‍ ചെയ്തതെങ്കിലും ഡൗ ദിവസത്തെ വ്യാപാരം അവസാനിപ്പിച്ചത് 234.21 പോയിന്റ് താഴ്ചയിലാണ്. നാസ്ഡാക് കോംപോസിറ്റും എസ് ആന്‍ഡ് പി 500-ഉം ഇന്നലെ യഥാക്രമം 171.05 പോയിന്റും 40.53 പോയിന്റും വീതം താഴ്ന്നാണ് ക്ലോസ് ചെയ്തത്. നവംബറിലെ യുഎസ് തെരഞ്ഞെടുപ്പും ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങളും നിക്ഷേപകരെ ഒരു മുനമ്പില്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ ഓരോ പുള്‍ബാക്കിലും ലാഭമെടുപ്പു പ്രതീക്ഷിക്കാമെന്നാണ് ഗേറ്റ് വേ ഇന്‍വെസ്റ്റ്മെന്റ്സിലെ ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ജോസഫ് ഫെറാറ അഭിപ്രായപ്പെടുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിലാണ് ലാഭമെടുപ്പു വില്‍പ്പനയുണ്ടായത്. കമ്പനികളുടെ രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങളും വിപണി നീക്കത്തെ സ്വാധീനിക്കുന്നുണ്ട്.

പോസീറ്റീവായി ഓപ്പണ്‍ ചെയ്ത യൂറോപ്യന്‍ വിപണി ഇന്നലെ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 140.19 പോയിന്റും ജര്‍മന്‍ ഡാക്സ് 255.37 പോയിന്റും സിഎസി ഫ്രാന്‍സ് 135.97 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 724.51 പോയിന്റ് മെച്ചത്തോടെ ക്ലോസ് ചെയ്തതത്.

യുഎസ് ഫ്യൂച്ചേഴ്സ് നേരിയ തോതില്‍ താഴ്ന്നാണ് നീങ്ങുന്നതെങ്കിലും താഴ്ന്ന് ഓപ്പണ്‍ ചെയ്ത യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് പോസീറ്റീവായാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍

1987-നുശേഷമുളള ഏറ്റവും വലിയ ഇടിവിനു വിധേയമായ ജാപ്പനീസ് നിക്കി മികച്ച തിരിച്ചുവരവുനടത്തിയിരിക്കുകയാണ്.

തിങ്കളാഴ്ച 13 ശതമാനത്തോളം ഇടിവു കാണിച്ച ജാപ്പനീസ് നിക്കി സൂചിക ചൊവ്വാഴ്ച 10.5 ശതമാനവും ഇന്നലെ രണ്ടു ശതമാനത്തോളവും നേട്ടമുണ്ടാക്കി. ഇന്നലെ മറ്റ് ഏഷ്യന്‍ വിപണികളും പോസീറ്റീവായിട്ടാണ് ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 453 പോയിന്റ് താഴ്ചയിലാണ് നിക്കി ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 427 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്.

താഴ്ന്ന് ഓപ്പണ്‍ ചെയ്ത കൊറിയന്‍ കോസ്പി 29 പോയിന്റും എന്നാല്‍ സിംഗപ്പൂര്‍ ഹാംഗ് സെംഗ് സൂചിക 122 പോയിന്റും ചൈനീസ് ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 11 പോയിന്റും താഴ്ന്നു നില്‍ക്കുകയാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

കാറ്റ് ആന്‍ഡ് മൗസ് കളിയാണ് വിദേശ നിക്ഷേപകസ്ഥാപനങ്ങളും ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളും കളിക്കുന്നത്. തുടര്‍ച്ചയായ നാലാം ദിവസവും വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പനക്കാരായിരുന്നു. മറിച്ച് ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ വാങ്ങലുകാരും. ഏതാണ്ട് ബലാബലത്തിലാണ് ഇരുവരും നീങ്ങുന്നത്.

വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 3314.76 കോടി രൂപയുടെ നെറ്റ് വില്‍പ്പനയാണ് നടത്തിയത്. ഇതോടെ ഈ മാസത്തെ അവരുടെ നെറ്റ് വില്‍പ്പന 18140.47 കോടി രൂപയായി.

അതേസമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 3801.12 കോടിരൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്. ഇതോടെ ഓഗസ്റ്റിലെ വാങ്ങല്‍ 18943.12 കോടി രൂപയിലെത്തി.

കമ്പനി വാര്‍ത്തകള്‍

ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്: ഓയില്‍ ഇന്ത്യ, എല്‍ഐസി, കൊച്ചിന്‍ ഷിപ്യാഡ്, എബിബി ഇന്ത്യ, ഐഷര്‍ മോട്ടോഴ്സ്, ഭാരത് ഫോര്‍ജ്, സെയില്‍, എംആര്‍എഫ്, പേജ് ഇന്‍ഡസ്ട്രീസ്, ന്യൂ ഇന്ത്യ അഷ്വറന്‍സ്, ബയോകോണ്‍, ജെബി കെം, ഐഎഫ്‌സിഐ, പെട്രോനെറ്റ്, ശോഭ ഡെവല്പ്പേഴ്സ്, അസ്ട്ര സെനക്ക, ഇര്‍കോണ്‍, മിന്‍ഡ കോര്‍പറേഷന്‍, ബിര്‍ള കോര്‍പ്, ഗാലക്സ് സര്‍ഫ്ക്ടന്റ്, വാ ടെക് വബാഗ്, ഗാര്‍വേര്‍ ഹൈടെക് ഫിലിം, ഗുജറാത്ത് ആല്‍ക്കലീസ്, ഗേറ്റ് വേ ഡിസ്ട്രിപാര്‍ക്സ്, ഗ്രീവ്സ് കോട്ടണ്‍, അവലോണ്‍ ടെക്നോളജീസ് യുണിടെക്, കൊപ്രാന്‍, ഷാലിമാര്‍ പെയിന്റ്സ് തുടങ്ങി ഇരൂനൂറിലധികം കമ്പനികള്‍ ഇന്നു ഫലം പുറത്തുവിടും.

സുള വൈന്‍യാര്‍ഡ്സ്: രാജ്യത്തെ ഏറ്റവും വലിയ വൈന്‍ ഉത്പാദകരായ സുള വൈന്‍യാര്‍ഡസ് ആദ്യക്വാര്‍ട്ടറില്‍ 14.63 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷത്തേക്കാള്‍ ഏഴു ശതമാനം കൂടുതലാണ്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം ക്വാര്‍ട്ടറിനേക്കാള്‍ അറ്റാദായം കുറഞ്ഞു. വരുമാനം 10 ശതമാനം വര്‍ധിച്ച് 128 കോടി രൂപയിലെത്തി. പ്രധാനമായും മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഒതുങ്ങിനില്‍ക്കുന്ന സുള തെലുങ്കാന, രാജസ്ഥാന്‍ എന്നിവടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും.

എന്‍എസ്ഇ: എന്‍എസ്ഇയുടെ ( നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച്) സഞ്ചിത അറ്റാദായം ആദ്യക്വാര്‍ട്ടറില്‍ 39 ശതമാനം വര്‍ധനയോടെ 2567 കോടി രൂപയിലെത്തി. കമ്പനി ഈ കാലയളവില്‍ 4510 കോടി രൂപ വരുമാനം നേടി. കമ്പനിയുടെ ഇപിഎസ് ആദ്യക്വാര്‍ട്ടറില്‍ 51.86 രൂപയാണ്. മുന്‍വര്‍ഷമിതേ ക്വാര്‍ട്ടറിലിത് 37.26 രൂപയായിരുന്നു.

ബ്രെയിന്‍ബീസ് സൊലൂഷന്‍സ്: ഫസ്റ്റ് ക്രൈ സ്റ്റോര്‍ ഓപ്പറേറ്റ് ചെയ്യുന്ന ബ്രെയിന്‍ബീസ് സൊലൂഷന്‍സ് കന്നി പബ്ളിക് ഇഷ്യു ഇന്നവസാനിക്കും. പ്രൈസ് ബാന്‍ഡ് 440-465 രൂപ. ഇഷ്യു വഴി 4193 കോടി രൂപയാണ് കമ്പനി സ്വരൂപിക്കുക.രണ്ടാം ദിവസം പൂര്‍ത്തിയായപ്പോള്‍ 30 ശതമാനം അപേക്ഷകളാണ് ലഭിച്ചത്. റീട്ടെയില്‍ വിഭാഗത്തില്‍ 1.04 ഇരട്ടി അപേക്ഷകള്‍ ലഭിച്ചു. ഓഗസ്റ്റ് 13-ന് ലിസ്റ്റ് ചെയ്യും.

ക്രൂഡോയില്‍ വില

പശ്ചിമേഷ്യയിലെ സംഘര്‍ഷം ശക്തമാകുന്നത് എണ്ണ വിപണിക്ക് തുണയാകുകയാണ്. എണ്ണശേഖരം സംബന്ധിച്ച കണക്കുകളും വിപണിക്കു തുണയായി. ഓഗസ്റ്റ് രണ്ടിന് അവസാനിച്ച വാരത്തില്‍ എണ്ണശേഖരത്തില്‍ കുറവുണ്ടായതാണ് റിപ്പോര്‍ട്ട്. ഡബ്ള്യുടിഐ, ബ്രെന്റ് ക്രൂഡോയില്‍ ഏഴുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍നിന്ന് നേരിയ ഉയര്‍ച്ച നേടി. ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന് 75.44 ഡോളറാണ്. ബുധനാഴ്ച രാവിലെയിത് 72.74 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡിന് ബാരലിന് ഇന്നു രാവിലെ 78.43 ഡോളറാണ്. ഇന്നലെയിത് 76.12 ഡോളറായിരുന്നു.

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ബ്രെന്റ് കൂഡ് വില ബാരലിന് 81 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.

ഇന്ത്യന്‍ രൂപ റിക്കാര്‍ഡ് താഴ്ചയില്‍

തിങ്കളാഴ്ച ഡോളറിനെതിരേ റിക്കാര്‍ഡ് താഴ്ചയില്‍ ( 84 രൂപ) എത്തിയ രൂപ ഇന്നലെ 83.92 ലാണ് ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച ഡോളറിന് 83.91 രൂപയായിരുന്നു. റിസര്‍വ് ബാങ്ക് തിങ്കളാഴ്ചത്തെ താഴ്ചയില്‍നിന്നു രൂപയെ രക്ഷിക്കുവാന്‍ ഡോളര്‍ വിറ്റഴിച്ച് സപ്പോര്‍ട്ട് നല്‍കിയിരുന്നു. മധ്യപൂര്‍വ പ്രദേശത്തെ സംഘര്‍ഷങ്ങളാണ് പ്രധാനമായും രൂപയെ സ്വാധീനിക്കുന്നത്. താഴ്ന്ന തലത്തില്‍ രൂപയ്ക്ക് ( അതായത് ഡോളറിന് 84 രൂപയില്‍) പിന്തുണ കിട്ടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സ്‌പോട്ട് രൂപ 83.75- 84.2 റേഞ്ചില്‍ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ഷാവസാനത്തോടെ രൂപ ഡോളറിനെതിരേ 84.2-84.25 നിലയിലേക്കു താഴുമെന്നാണ് പൊതുവേ കരുതുന്നത്.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.