image

25 Dec 2025 1:56 PM IST

Stock Market Updates

ദലാല്‍ സ്ട്രീറ്റിലെ 'സാന്താ ക്ലോസ് റാലി' എവിടെപ്പോയി?

MyFin Desk

ദലാല്‍ സ്ട്രീറ്റിലെ സാന്താ ക്ലോസ് റാലി എവിടെപ്പോയി?
X

Summary

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സെന്‍സെക്സ് ഡിസംബര്‍ മാസത്തില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്


ദലാല്‍ സ്ട്രീറ്റിലെ ആ പഴയ 'സാന്താ ക്ലോസ് റാലി' എവിടെപ്പോയി? ഡിസംബറില്‍ കുതിച്ചുയരാറുള്ള ഇന്ത്യന്‍ ഓഹരി വിപണി ഇത്തവണ നിക്ഷേപകരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു വന്‍ തകര്‍ച്ചയില്‍ നിന്ന് വിപണിയെ താങ്ങിനിര്‍ത്തിയത് ആരാണ്? ആഗോള വിപണികള്‍ വിറച്ചുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ വിപണിക്ക് കവചമായത് നമ്മുടെ സ്വന്തം കരുത്താണോ?

പണപ്പെരുപ്പം, പലിശനിരക്ക് കുറയുന്നതിലെ കാലതാമസം, ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ എന്നിവ ആഗോള സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളാണ്. ഇവ് വിദേശ നിക്ഷേപകരെ പ്രതിരോധത്തിലാക്കി. ലാഭം നിലനിര്‍ത്താനായി അവര്‍ വില്‍പന നടത്തുമ്പോള്‍, ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയും തിരിച്ചടിയായി. ഇതാണ് ഇത്തവണ വിപണിയില്‍ സാന്താ റാലി മിസ്സായതിന് കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നത്.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സെന്‍സെക്സ് ഡിസംബര്‍ മാസത്തില്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്. അക്കങ്ങള്‍ പരിശോധിച്ചാല്‍ ചിത്രം വ്യക്തമാണ്. കഴിഞ്ഞ 46 വര്‍ഷത്തെ ചരിത്രത്തില്‍ നാലില്‍ മൂന്ന് തവണയും ഡിസംബറില്‍ വലിയ ലാഭം നല്‍കിയ വിപണി, ഇത്തവണ 0.2 ശതമാനത്തിന്റെ ഇടിവിലാണ്. 2024-ലെ 2 ശതമാനം ഇടിവിന് പിന്നാലെയാണിത്.

2020-ലും 2023-ലും എട്ട് ശതമാനത്തോളം വളര്‍ച്ച കണ്ട നിക്ഷേപകര്‍ക്ക് ഈ ഡിസംബര്‍ തണുത്ത പ്രതികരണമാണ് നല്‍കുന്നത്. 2025-ലെ ഏറ്റവും മോശം അഞ്ചാമത്തെ മാസമായി ഡിസംബര്‍ മാറിക്കഴിഞ്ഞു. പക്ഷേ, ഇവിടെയാണ് യഥാര്‍ത്ഥ ട്വിസ്റ്റ് സംഭവിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കരുത്തറിയിച്ചത് ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍

വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് പണം വന്‍തോതില്‍ പിന്‍വലിച്ചപ്പോഴും ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ കരുത്തറിയിച്ചു. ഈ വര്‍ഷം വിദേശികള്‍ 1.55 ലക്ഷം കോടി രൂപ പിന്‍വലിച്ചപ്പോള്‍, 7.55 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തിയാണ് ഇന്ത്യന്‍ നിക്ഷേപകര്‍ പ്രതിരോധം തീര്‍ത്തത്. ഡിസംബറില്‍ മാത്രം 59,903 കോടി രൂപ വിപണിയിലേക്ക് ഒഴുക്കി. ആഭ്യന്തര നിക്ഷേപകര്‍ ഇല്ലായിരുന്നെങ്കില്‍ വിപണി ഇതിലും വലിയൊരു തകര്‍ച്ചയിലേക്ക് പോകുമായിരുന്നു.

വിപണി ഇപ്പോള്‍ നില്‍ക്കുന്നതിനേക്കാള്‍ 10 ശതമാനം എങ്കിലും താഴെപ്പോയേനെയെന്നാണ് മിറൈ മണി സഹസ്ഥാപകന്‍ ആനന്ദ് കെ. രതി വിഷയത്തില്‍ പ്രതികരിച്ചത്. ചുരുക്കത്തില്‍, പഴയ 'സാന്താ റാലി' എന്ന കീഴ് വഴക്കത്തേക്കാള്‍ ഉപരിയായി വിപണി ഇപ്പോള്‍ ആഗോള സാഹചര്യങ്ങളെയാണ് ഭയപ്പെടുന്നതെന്നാണ് ചായ്‌സ് വെല്‍ത്ത് സിഇഒ നികുഞ്ജ് സറഫ് വ്യക്തമാക്കിയത്. ആഗോള ഘടകങ്ങളാണ് തിരിച്ചടിയായതെന്ന് എസ്‌കെ ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് ഡെപ്യൂട്ടി സിഐഒ സന്ദീപ് ബന്‍സാലും ചൂണ്ടിക്കാട്ടുന്നു. രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വങ്ങളും വിദേശികളെ വിപണിയില്‍ നിന്ന് അകറ്റിനിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.