image

12 April 2026 3:39 PM IST

Stock Market Updates

യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ പൊളിഞ്ഞു, എണ്ണവിലയും നിര്‍ണായകം, വിപണിക്ക് അഗ്നിപരീക്ഷ

MyFin Desk

us-iran talks collapse, oil prices also crucial, will the soaring market collapse
X

Summary

സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ക്രൂഡ് ഓയില്‍ വില വീണ്ടും 100 ഡോളറിന് മുകളിലേക്ക് പോകുമോ എന്നതാണ് വിപണി നേരിടുന്ന പ്രധാന വെല്ലുവിളി. വെടിനിര്‍ത്തല്‍ പ്രതീക്ഷയില്‍ വിപണി നടത്തിയ റാലിയുടെ നല്ലൊരു ഭാഗം വരും ദിവസങ്ങളില്‍ ഇല്ലാതാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു


കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായിരുന്ന ആവേശം കെട്ടടങ്ങുന്നു. ലോകം മുഴുവന്‍ ഉറ്റുനോക്കിയിരുന്ന യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ ഉടമ്പടികളൊന്നുമില്ലാതെ പരാജയപ്പെട്ടത് തിങ്കളാഴ്ച വിപണിയുടെ ഗതി മാറ്റുമെന്ന് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആണവ പദ്ധതി ഉപേക്ഷിക്കില്ലെന്ന ഇറാന്റെ നിലപാടും അമേരിക്കയുടെ കടുത്ത നിബന്ധനകളുമാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമായത്. ഇതോടെ, കഴിഞ്ഞ ആഴ്ച വിപണി നേടിയ കുതിപ്പ് ഇല്ലാതാകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍.

ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് സ്ഥിരീകരിച്ചു. അമേരിക്കയുടെ വാഗ്ദാനങ്ങള്‍ ഇറാന്‍ തള്ളിയതോടെ മേഖലയില്‍ വീണ്ടും അസ്ഥിരത പടരുകയാണ്. 'നയതന്ത്രം അവസാനിക്കുന്നില്ല' എന്ന് ഇറാന്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, തിങ്കളാഴ്ച വിപണി തുറക്കുമ്പോള്‍ ഈ അനിശ്ചിതത്വം നിക്ഷേപകരുടെ വികാരത്തെ സാരമായി ബാധിക്കുമെന്ന് ലൈവ്ലോംഗ് വെല്‍ത്ത് സ്ഥാപകന്‍ ഹരിപ്രസാദ് കെ നിരീക്ഷിക്കുന്നു.

കഴിഞ്ഞ ആഴ്ച 4,000 പോയിന്റിലധികം കുതിച്ച സെന്‍സെക്സും 24,000 കടന്ന നിഫ്റ്റിയും തിങ്കളാഴ്ച വലിയ ഇടിവോടെ തുറക്കാന്‍ സാധ്യതയുണ്ട്. സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ക്രൂഡ് ഓയില്‍ വില വീണ്ടും 100 ഡോളറിന് മുകളിലേക്ക് പോകുമോ എന്നതാണ് വിപണി നേരിടുന്ന പ്രധാന വെല്ലുവിളി. വെടിനിര്‍ത്തല്‍ പ്രതീക്ഷയില്‍ വിപണി നടത്തിയ റാലിയുടെ നല്ലൊരു ഭാഗം വരും ദിവസങ്ങളില്‍ ഇല്ലാതാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചൊവ്വാഴ്ച അംബേദ്കര്‍ ജയന്തി പ്രമാണിച്ച് വിപണിക്ക് അവധിയായതിനാല്‍ ഈ ആഴ്ച വ്യാപാര ദിനങ്ങള്‍ കുറവാണ്.

'2026 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ വരുമാന സീസണ്‍ ആരംഭിക്കുന്നതോടെ, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഹെവിവെയ്റ്റ് കമ്പനികളില്‍ നിന്നുള്ള പ്രധാന ഫലങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും. മാക്രോ മേഖലയില്‍, സിപിഐ പണപ്പെരുപ്പം (ഏപ്രില്‍ 13), ഡബ്ല്യുപിഐ പണപ്പെരുപ്പം (ഏപ്രില്‍ 14) എന്നിവ പ്രധാന ഡാറ്റാ റിലീസുകളില്‍ ഉള്‍പ്പെടുന്നു, ഇത് പണപ്പെരുപ്പ പ്രവണതകളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്‍കും,' റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡിലെ ഗവേഷണ എസ്വിപി അജിത് മിശ്ര പറഞ്ഞു.

അതേസമയം വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വിറ്റഴിക്കല്‍ വിപണിയില്‍ സമ്മര്‍ദ്ദം ഉയര്‍ത്തുന്നുണ്ട്. ഏപ്രില്‍ മാസത്തില്‍ മാത്രം ഇതിനകം 48,213 കോടി രൂപ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചുകഴിഞ്ഞു.

പശ്ചിമേഷ്യന്‍ പ്രതിസന്ധികള്‍ക്കൊപ്പം തന്നെ ഇന്ത്യയിലെ വമ്പന്‍ കമ്പനികളുടെ നാലാം പാദ വരുമാന ഫലങ്ങളും ഈ ആഴ്ച പുറത്തുവരും. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, വിപ്രോ തുടങ്ങിയ ഹെവിവെയ്റ്റുകളുടെ പ്രകടനം വിപണിയെ സ്വാധീനിക്കും. ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുമ്പോള്‍ നിക്ഷേപകര്‍ അതീവ ജാഗ്രത പാലിക്കണമെന്നും വലിയ വീഴ്ചകള്‍ മുന്നില്‍ കണ്ടുകൊണ്ട് നീങ്ങണമെന്നുമാണ് ബ്രോക്കിംഗ് സ്ഥാപനങ്ങളുടെ നിര്‍ദ്ദേശം.