image

14 Nov 2022 1:47 AM GMT

Market

ആഗോള സൂചികകളും ഡാറ്റകളും വിപണിക്ക് അനുകൂലം

Mohan Kakanadan

stock market trading
X
daily stock market news updates 

Summary

ഏഷ്യന്‍ വിപണികളിൽ ഹാങ്‌സെങ് (1,244.62), ഷാങ്ഹായ് (51.16), സൗത്ത് കൊറിയൻ കോസ്‌പി (7.676), തായ്‌വാൻ (114.26) ജക്കാർത്ത കോമ്പസിറ്റ് (122.37) എന്നിവ നേട്ടം കാണിക്കുന്നുണ്ട്. ടോക്കിയോ നിക്കെ (-109.06), മാത്രം ചുവപ്പിലാണ് തുടങ്ങിയിരിക്കുന്നത്. യൂറോപ്പിൽ ലണ്ടൻ ഫുട്‍സീ 100 (-57.30) ഇടിഞ്ഞെങ്കിലും ഫ്രാങ്ക്ഫർട് ഡി എ എക്‌സും (+78.77) പാരീസ് യുറോനെക്സ്റ്റും (+37.79) നേട്ടം കൈവരിച്ചു.


കൊച്ചി: പണപ്പെരുപ്പ കണക്കുകൾ, ത്രൈമാസ വരുമാനം, ആഗോള പ്രവണതകൾ, വിദേശ ഫണ്ടിന്റെ ഒഴുക്ക് എന്നിവ ഈ ആഴ്ച ആഭ്യന്തര ഓഹരി വിപണിയെ നയിക്കുന്ന പ്രധാന ഘടകങ്ങളായിരിക്കും. രൂപയുടെ മൂല്യം ഉയരുന്നതും ക്രൂഡ് ഓയിൽ വില താഴുന്നതും വിപണി ആശ്വാസത്തോടെ കാണുന്നു. കൂടാതെ കഴിഞ്ഞ കുറെ ആഴ്ചകളായി വിദേശ ഫണ്ട് വിപണിയിലെത്തുന്നുണ്ട്; വെള്ളിയാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 3,958.23 കോടി രൂപക്ക് ഓഹരികൾ അധികം വാങ്ങുകയുണ്ടായി. ആഭ്യന്തര നിക്ഷേപകരും 615.54 കോടി രൂപക്ക് വാങ്ങി. യുഎസ് ട്രഷറി ആദായം കുറയുന്നതിനാൽ ഇത് ഇനിയും കൂടാനിടയുണ്ട്. കൂടാതെ, വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും മികച്ച വരുമാന വളർച്ച ഇന്ത്യയിലാണ് പ്രകടമാവുന്നത്. ഇതിനെല്ലാം പുറമെ ഇന്ന് പുറത്തിറങ്ങുന്ന കണക്കുകളിൽ പണപ്പെരുപ്പം 7 ശതമാനത്തിനു താഴെയായിരിക്കുമെന്നു ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് പറയുകയുണ്ടായി. ഇതും വിപണിയെ മുന്നോട്ടു നയിക്കാനിടയുണ്ട്.

വെള്ളിയാഴ്ച സെൻസെക്‌സ് 1,181.34 പോയിന്റ് അല്ലെങ്കിൽ 1.95 ശതമാനം കുതിച്ചുയർന്നു 61,795.04 ൽ എത്തി; 2021 ഒക്ടോബർ 18 ന് അതിന്റെ മുമ്പത്തെ ക്ലോസിംഗ് കൊടുമുടിയായ 61,765.59 മറികടന്നു. കഴിഞ്ഞ സെഷനിൽ നിഫ്റ്റി 321.50 പോയിന്റ ഉയർന്നു 18,349.70 ൽ എത്തി. ബാങ്ക് നിഫ്റ്റി 52-ആഴ്ചത്തെ ഉയർച്ചകടന്നിട്ടു ഒടുവിൽ 42,137.05 ലാണ് അവസാനിച്ചത്.

സിങ്കപ്പൂർ എസ്ജിഎക്സ് നിഫ്റ്റി രാവിലെ 7.15-നു 36.00 പോയിന്റ് താഴ്ചയിലാണ് വ്യാപാരം നടക്കുന്നത്.

വിദഗ്ധാഭിപ്രായം

"ലോക വിപണികളുടെ ചലനത്തിനനുസരിച്ച് ഈ വികാരം തുടരും. വിപണി നമ്മുടെ ആഭ്യന്തര പണപ്പെരുപ്പ സ്ഥിതിവിവരക്കണക്കുകൾ നിരീക്ഷിക്കും," സ്വസ്തിക ഇൻവെസ്റ്റ്മാർട്ട് ലിമിറ്റഡിന്റെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് പ്രവേഷ് ഗൂർ പറഞ്ഞു.

നിർണായക മാക്രോ ഇക്കണോമിക് ഡാറ്റ -- സിപിഐ, ഡബ്ല്യുപിഐ സൂചനകൾ - നിക്ഷേപകർ ശ്രദ്ധിക്കണമെന്ന് റെലിഗെയർ ബ്രോക്കിംഗ് ലിമിറ്റഡിന്റെ റിസർച്ച് വി പി അജിത് മിശ്ര പറഞ്ഞു. കൂടാതെ, ആഗോള സൂചികകളുടെ പ്രകടനവും വിദേശ പണ പ്രവാഹ പ്രവണതകളും അവരുടെ റഡാറിൽ നിലനിൽക്കും, മിശ്ര ചൂണ്ടിക്കാട്ടി.

ലോക വിപണി

ഏഷ്യന്‍ വിപണികളിൽ ഹാങ്‌സെങ് (1,244.62), ഷാങ്ഹായ് (51.16), സൗത്ത് കൊറിയൻ കോസ്‌പി (7.676), തായ്‌വാൻ (114.26) ജക്കാർത്ത കോമ്പസിറ്റ് (122.37) എന്നിവ നേട്ടം കാണിക്കുന്നുണ്ട്. ടോക്കിയോ നിക്കെ (-109.06), മാത്രം ചുവപ്പിലാണ് തുടങ്ങിയിരിക്കുന്നത്.

യൂറോപ്പിൽ ലണ്ടൻ ഫുട്‍സീയും 100 (-57.30) ഇടിഞ്ഞെങ്കിലും ഫ്രാങ്ക്ഫർട് ഡി എ എക്‌സും (+78.77) പാരീസ് യുറോനെക്സ്റ്റും (+37.79) നേട്ടം കൈവരിച്ചു.

വെള്ളിയാഴ്ച അമേരിക്കന്‍ വിപണികള്‍ വീണ്ടും ഉയർച്ചയിലേക്കു നീങ്ങി. നസ്‌ഡേക് കോമ്പസിറ്റും (+209.18) എസ് ആൻഡ് പി 500 (+36.56) ഉം ഡൗ ജോൺസ്‌ ഇന്ടസ്ട്രിയൽ ആവറേജും (+32.49) നല്ല നിലയിലെത്തി.

കമ്പനി റിപ്പോർട്സ്

ഒരു വർഷത്തെ ലോക്ക്-ഇൻ പിരീയഡ് അവസാനിച്ചതിന് ശേഷം ടിപിജി ഗ്രോത്ത് നയ്ക്കായുടെ 1.08 കോടി ഇക്വിറ്റി ഷെയറുകൾ ഓഹരിയൊന്നിന് ശരാശരി 186.40 രൂപ നിരക്കിൽ വിറ്റു.

ടൈഗർ ഗ്ലോബൽ എയ്റ്റ് ഹോൾഡിംഗ്‌സ് പി ബി ഫിൻ‌ടെക്കിന്റെ 76.13 ലക്ഷം ഓഹരികൾ ഒരു ഓഹരിക്ക് ശരാശരി 374.09 രൂപ നിരക്കിൽ വിറ്റിട്ടുണ്ട്.

രണ്ടാം പാദ ഫലങ്ങൾ

പ്രീമിയം വരുമാനത്തിൽ 27 ശതമാനം വർധന മൂലം എൽഐസി യുടെ അറ്റവരുമാനം 1,434 കോടി രൂപയിൽ നിന്ന് 15,952 കോടി രൂപയായി.

എക്സൈഡ് ഇൻഡസ്ട്രീസ് 246 കോടി രൂപയുടെ അറ്റാദായം പ്രഖ്യാപിച്ചു, കഴിഞ്ഞ വർഷത്തെ ലാഭമായ 234 കോടിയെ അപേക്ഷിച്ച് അഞ്ച് ശതമാനം വർദ്ധനവാണിത്.

മരുന്ന് നിർമ്മാതാക്കളായ ഗ്ലാക്സോ സ്മിത്ത്ക്ലൈൻ ഫാർമസ്യൂട്ടിക്കൽസിന്റെ അറ്റാദായം 3 ശതമാനം വർധിച്ച് 193 കോടി രൂപയായെന്ന് കമ്പനി അറിയിച്ചു. മുൻ സാമ്പത്തിക വര്ഷം ഇതേ കാലയളവിൽ ഇത് 187 കോടി രൂപയായിരുന്നു.

ഫോർട്ടിസ് ഹെൽത്ത്‌കെയർ 218.3 കോടി രൂപ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം റിപ്പോർട്ട് ചെയ്തു, ഇത് മുൻ വർഷം 130.6 കോടി രൂപയിൽ നിന്ന് 67.1 ശതമാനം ഉയർച്ചയാണ്.

സൈഡസ് ലൈഫ് സയൻസസിന്റെ അറ്റാദായം 522.5 കോടി രൂപയായി കുറഞ്ഞു, മുൻ വർഷം ഇത് 3,002.3 കോടി രൂപയായിരുന്നു.

രണ്ടാം പാദത്തിൽ നികുതിക്ക് ശേഷമുള്ള ലാഭം 279 കോടി രൂപയായി ഉയർന്നതായി ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് അറിയിച്ചു. ഏകീകൃത വരുമാനം 3,147 കോടി രൂപയിൽ നിന്ന് 3,375 കോടി രൂപയായി.

അരബിന്ദോ ഫാർമയുടെ ഏകീകൃത അറ്റാദായം 41 ശതമാനം ഇടിഞ്ഞു 409 കോടി രൂപയായി. കഴിഞ്ഞ വർഷം 697 കോടി രൂപയായിരുന്നു അറ്റാദായം.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,810 രൂപ രൂപ.

യുഎസ് ഡോളർ = 80.78 രൂപ.

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 95.76 ഡോളർ

ബിറ്റ് കോയിൻ = 14,30,000 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.33 ശതമാനം ഇടിഞ്ഞ് 106.55 ആയി.

ഇന്ന് പുറത്തു വരുന്ന ഫലങ്ങൾ

ഇന്ന് അബോട്ട് ഇന്ത്യ, അപ്പോളോ ടയർ, ബിർള ക്യാപിറ്റൽ, ഡിഷ് ടിവി, ഗ്രാസിം ഇൻഡസ്ട്രീസ്, ഐആർസിടിസി, ജിൻഡാൽ പോളി ഫിലിംസ്, ജെഎം ഫിനാൻഷ്യൽ, ജ്യോതി ലാബ്, എംഎംടിസി, മൈൻഡ്‌സ്‌പേസ് ബിസിനസ് പാർക്ക്, ഓഎൻജിസി, പനേഷ്യ ബയോടെക്, ശോഭ ലിമിറ്റഡ്, സ്‌പൈസ്‌ജെറ്റ്, സുവാരി ഇൻഡസ്ട്രീസ് എന്നിങ്ങനെ മുൻനിര കമ്പനികളോടൊപ്പം നൂറു കണക്കിന് പെന്നി സ്റ്റോക്കു കമ്പനികളുടെയും രണ്ടാംപാദ ഫലങ്ങൾ പുറത്തു വരുന്നുണ്ട്.

ഐപിഒ

ഫൈവ്സ്റ്റാർ ബിസിനസ് ഫിനാൻസിന്റെ 1,960 കോടി രൂപയുടെ പ്രാരംഭ ഓഹരി വിൽപ്പന അവസാന ദിവസമായ വെള്ളിയാഴ്ച 70 ശതമാനം മാത്രമേ സബ്‌സ്‌ക്രൈബ് ചെയ്തുള്ളു. കഴിഞ്ഞ വർഷം ഡിസംബറിൽ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസിന്റെ പബ്ലിക് ഓഫറിന് 79 ശതമാനം സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചതിന് ശേഷം മുഴുവൻ സബ്‌സ്‌ക്രൈബ് ചെയ്യപ്പെടാത്ത ആദ്യത്തെ ഐപിഒയാണിത്.

കെയ്‌ൻസ് ടെക്‌നോളജിയുടെ പ്രാരംഭ ഓഹരി വിൽപ്പന രണ്ടാം ദിവസമായ വെള്ളിയാഴ്ച 1.10 തവണ സബ്‌സ്‌ക്രൈബ് ചെയ്തു. കമ്പനിയുടെ ഐപിഒയിൽ 530 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂവും ഒരു പ്രൊമോട്ടറും നിലവിലുള്ള ഷെയർഹോൾഡറും ചേർന്ന് 55.85 ലക്ഷം വരെ ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിൽ (OFS) ഉൾപ്പെടുന്നു. ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് 559-587 രൂപയാണ്. ഐപിഒ ഇന്ന് അവസാനിക്കും.

ആദ്യ ദിവസം തന്നെ ഐനോക്‌സ് ഗ്രീൻ എനർജിക്ക് 46 ശതമാനം സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചു. എൻഎസ്ഇ ഡാറ്റ പ്രകാരം 6.67 കോടി ഓഹരികൾക്കെതിരെ 3.05 കോടി ഓഹരികൾക്കാണ് ബിഡ് ലഭിച്ചത്. 740 കോടി രൂപ സമാഹരിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഐപിഒ നാളെ അവസാനിക്കും. ഒരു ഓഹരിക്ക് 61-65 രൂപയാണ് വില.

കീസ്റ്റോൺ റിയൽറ്റേഴ്‌സിന്റെ 635 കോടി രൂപയുടെ കന്നി പബ്ലിക് ഇഷ്യൂ ഒരു ഷെയറിന് 514-541 രൂപ നിരക്കിൽ ഇന്ന് ആരംഭിക്കുന്നു. റുസ്തംജി ബ്രാൻഡിന് കീഴിലുള്ള ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ് കീസ്റ്റോൺ. ഐപിഒ നവംബർ 16-ന് അവസാനിക്കും.

ബ്രോക്കറേജ് വീക്ഷണം

ബജാജ് കൺസ്യൂമർ കെയറും ലുപിൻ ലാബും പേജ് ഇന്ഡസ്ട്രീസും പെട്രോനെറ്റും ഗെയിറ്റ് വേ ഡിസ്‌ട്രി പാർക്‌സും ഇപ്പോൾ വാങ്ങാവുന്ന ഓഹരികളാണെന്നു പ്രമുഖ റിസേർച് കമ്പനിയായ സെൻട്രം പറയുന്നു.

അശോക് ലെയ്‌ലാൻഡ് ശക്തമായ വളർച്ച രേഖപ്പെടുത്തുമെന്നു എൽ കെ പി സെക്യൂരിറ്റീസ് കരുതുന്നു. കമ്പനിയുടെ ഓഹരികൾ വാങ്ങാമെന്നാണ് അവരുടെ അഭിപ്രായം.

ഹിറ്റാച്ചി എനർജി ഇന്ത്യയും ഇന്ത്യൻ ബാങ്കും കൂടുതൽ വാങ്ങാമെന്നും ജിയോജിത് അഭിപ്രായപ്പെടുന്നു.