image

11 Nov 2022 4:31 AM GMT

Stock Market Updates

ആഗോള വിപണിയിലെ കുതിപ്പ് നിഫ്റ്റിയിലും പ്രതിഫലിക്കാൻ സാധ്യത

Mohan Kakanadan

ആഗോള വിപണിയിലെ കുതിപ്പ് നിഫ്റ്റിയിലും പ്രതിഫലിക്കാൻ സാധ്യത
X

Summary

എങ്കിലും ലോക സമ്പദ്‌വ്യവസ്ഥ ആകെ കലങ്ങിമറിഞ്ഞ അവസ്ഥയാണ്. അതിനാൽ വിപണി ഉടൻ ഒരു കുതിപ്പിന് സന്നദ്ധമല്ല എന്നാണ് വിദഗ്ധർ ഉപദേശിക്കുന്നത്. വളരെ സൂക്ഷിച്ചുവേണം പൊസിഷനുകൾ എടുക്കാൻ.


കൊച്ചി: ആഗോള വിപണിക്ക് ഊർജം പകർന്നുകൊണ്ടാണ് ഇന്നലെ അമേരിക്കൻ തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പുറത്തു വന്നത്.യുഎസ് ഉപഭോക്തൃ വില സൂചിക (CPI)...

കൊച്ചി: ആഗോള വിപണിക്ക് ഊർജം പകർന്നുകൊണ്ടാണ് ഇന്നലെ അമേരിക്കൻ തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ പുറത്തു വന്നത്.

യുഎസ് ഉപഭോക്തൃ വില സൂചിക (CPI) പ്രകാരം ഒക്ടോബറിൽ പണപ്പെരുപ്പം 7.7 ശതമാനമായി കുറഞ്ഞത് ഓഹരി വിപണിയിലേക്ക്‌ നിക്ഷേപകരെ ആകർഷിച്ചു. സെപ്റ്റംബറിൽ അത് 8.2 ശതമായിരുന്നു. ഭക്ഷണവും ഊർജവും ഒഴികെയുള്ള അടിസ്ഥാന പണപ്പെരുപ്പം സെപ്റ്റംബറിൽ 6.6 ശതമാനമായിരുന്നത് ഒക്ടോബറിൽ 6.3 ശതമാനമായി കുറഞ്ഞു. ഇത് ഡിസംബറിൽ പലിശ നിരക്ക് വർധിപ്പിക്കാതിരിക്കാൻ യുഎസ് ഫെഡ് റീസർവിൽ സമ്മർദ്ദം ചെലുത്തുമെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ ബോണ്ടുകൾ കയ്യൊഴിഞ്ഞു ഓഹരിവിപണിയിലേക്കു വീണ്ടും പണമൊഴുകും. ഇതിന്റെ പ്രതിഫലനമെന്നോണം ഇന്നലെ ടെക്‌നോളജി കമ്പനി ഓഹരികൾ കുതിച്ചു കയറി. ആപ്പിൾ, മൈക്രോസോഫ്റ്റ്, ആൽഫബെറ്റ് എന്നിവ ഏകദേശം 8 ശതമാനത്തിലധികം ഉയർന്നപ്പോൾ മെറ്റാ പ്ലാറ്റ്‌ഫോം 10 ശതമാനം ഉയർന്നു.

എങ്കിലും ലോക സമ്പദ്‌വ്യവസ്ഥ ആകെ കലങ്ങിമറിഞ്ഞ അവസ്ഥയാണ്. അതിനാൽ വിപണി ഉടൻ ഒരു കുതിപ്പിന് സന്നദ്ധമല്ല എന്നാണ് വിദഗ്ധർ ഉപദേശിക്കുന്നത്. വളരെ സൂക്ഷിച്ചുവേണം പൊസിഷനുകൾ എടുക്കാൻ. 

സിങ്കപ്പൂർ എസ്ജിഎക്സ് നിഫ്റ്റി രാവിലെ 7.45-നു 284.50 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്. കൂടാതെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ അറ്റ വാങ്ങലുകാരായിരുന്നെങ്കിലും മൊത്തം 36.06 കോടി രൂപയ്ക്കു മാത്രമേ അധികം വാങ്ങിയുള്ളു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ -967.13 രൂപയ്ക്കു അറ്റ വിൽപനക്കാരായി തുടർന്നു.

ഇന്നലെ നഷ്ടത്തില്‍ ആരംഭിച്ച വിപണി നഷ്ടത്തില്‍ തന്നെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 419.85 പോയിന്റ് ഇടിഞ്ഞ് 60,613.70 ലും, നിഫ്റ്റി 128.80 പോയിന്റ് താഴ്ന്ന് 18,028.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ലോക വിപണി

ഏഷ്യന്‍ വിപണികളിൽ ഹാങ്‌സെങ് (803.03), ടോക്കിയോ നിക്കെ (727.85), സൗത്ത് കൊറിയ കോസ്‌പി (63.16), തായ്‌വാൻ (418.73) എന്നിവയുടെ തുടക്കം കുതിപ്പിലാണ്. എന്നാൽ, ജക്കാർത്ത കോമ്പസിറ്റ് (-103.24) ഷാങ്ഹായ് (-12.04) എന്നിവ ചുവപ്പിലാണ് തുടങ്ങിയിരിക്കുന്നത്

ഇന്നലെ യൂറോപ്പിൽ ലണ്ടൻ ഫുട്‍സീയും 100 (+79.09) ഫ്രാങ്ക്ഫർട് ഡി എ എക്‌സും (+479.77) പാരീസ് യുറോനെക്സ്റ്റും (+126.26) നിക്ഷേപകർക്ക് ആവേശം പകർന്നു.

അമേരിക്കൻ വിപണികളും കുതിച്ചു കയറി. നസ്‌ഡേക് കോമ്പസിറ്റും (+760.97) എസ് ആൻഡ് പി 500 (+207.80) ഉം ഡൗ ജോൺസ്‌ ഇന്ടസ്ട്രിയൽ ആവറേജും (+1201.43) ഉയർന്നാണ് അവസാനിച്ചത്.

കമ്പനി ഫലങ്ങൾ

2022 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ബാറ്റ ഇന്ത്യയുടെ ഏകീകൃത അറ്റാദായം 47.44 ശതമാനം ഉയർന്ന് 54.82 കോടി രൂപയായി.

അദാനി ഗ്രീൻ എനർജിയുടെ അറ്റാദായം 2021 സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിലെ 100 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഈ പാദത്തിൽ 49 ശതമാനം വർധിച്ച് 149 കോടി രൂപയിലെത്തി.

സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ അപ്പോളോ ആശുപത്രിയുടെ അറ്റാദായം 18 ശതമാനം ഇടിഞ്ഞ് 204 കോടി രൂപയായി.

അശോക് ലെയ്ലാൻഡ് അറ്റാദായം 163.9 കോടി രൂപയായി; കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അത് 103.4 കോടി രൂപയായിരുന്നു.

മുത്തൂറ്റ് ഫിനാൻസിന്റെ അറ്റാദായം 2021 സെപ്റ്റംബർ പാദത്തിലെ 994.01 കോടി രൂപയിൽ നിന്നും 12.76 ശതമാനം ഇടിഞ്ഞു 867.2 കോടി രൂപയായി. എന്നിരുന്നാലും, 2022 ജൂൺ പാദത്തിലെ 802 കോടി രൂപയിൽ നിന്ന് 8.13 ഉയർച്ചയാണിത്.

സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ സോമാറ്റോയുടെ ഏകീകൃത അറ്റ ​​നഷ്ടം 251 കോടി രൂപയായി ചുരുങ്ങി; 2021 സെപ്റ്റംബർ പാദത്തിലെ ഏകീകൃത അറ്റ ​​നഷ്ടം 430 കോടി രൂപയായിരുന്നു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,725 രൂപ.

യുഎസ് ഡോളർ = 80.64 രൂപ.

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 93.84 ഡോളർ

ബിറ്റ് കോയിൻ = 15,92,990 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 108.13 ആയി.

ഇന്നത്തെ ഫലങ്ങൾ

ഇന്ന് അദാനി പവർ, ഭാരത് ഹെവി ഇലക്‌ട്രിക്കൽസ്, ഡെൽഹിവെരി, ഇഐഡി പാരി, എക്‌സൈഡ് ഇൻഡസ്‌ട്രീസ്, ഫോർട്ടിസ് ഹെൽത്ത്‌കെയർ, ഗ്ലാക്‌സ്‌കോ, ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽ, ഹിൻഡാൽകോ ഇൻഡസ്‌ട്രീസ്, കൃഷ്ണ ഇൻസ്‌റ്റിറ്റ്യൂട്ട്, ജെറ്റ് എയർവെയ്‌സ്, ജെ ബി കെമിക്കൽ ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, കൃഷ്ണ മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട്, എൽ ഐ സി, ഫൈസർ, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, തെർമാക്സ്, ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസസ്, മഹിന്ദ്ര ആൻഡ് മഹിന്ദ്ര എന്നിങ്ങനെ ഒട്ടനവധി പ്രമുഖ കമ്പനികളുടെ രണ്ടാംപാദ ഫലങ്ങൾ പുറത്തു വരുന്നുണ്ട്.

ഐപിഓ

ഐനോക്സ് ഗ്രീന്‍ ഐ പി ഓ ഇന്ന് ആരംഭിക്കും. പബ്ലിക് ഇഷ്യൂ വഴി 740 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി. ഒരു ഷെയറിന് ₹61 മുതൽ ₹65 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 230 ഷെയറുകളുടെ ഗുണിതങ്ങളിൽ ബിഡ്ഡുകൾ നടത്താം.