image

15 Nov 2022 1:59 AM GMT

Stock Market Updates

യുഎസ് വിപണികൾ പ്രതികൂലം; എങ്കിലും നിഫ്റ്റി സിപിഐ-യിൽ പിടിച്ചുയരാൻ സാധ്യത

Mohan Kakanadan

യുഎസ് വിപണികൾ പ്രതികൂലം; എങ്കിലും നിഫ്റ്റി സിപിഐ-യിൽ പിടിച്ചുയരാൻ സാധ്യത
X

Summary

ആഭ്യന്തരമായി കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നീങ്ങുന്നെകിലും അമേരിക്കയിൽ അത്ര ശുഭകരമല്ല. ടെക്‌നോളജി ഭീമനായ ആമസോൺ വരും ദിവസങ്ങളിൽ 10,000 പേരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി ന്യൂയോർക് ടൈംസ് ഇന്നലെ റിപ്പോർട്ട് ചെയ്തു. ട്വിറ്റർ, മെറ്റ എന്നിവ തൊഴിലാളികളെ ഗണ്യമായി വെട്ടിക്കുറച്ചതിന് ശേഷം വരുന്ന ഈ വാർത്ത ടെക്‌നോളജി ലോകത്തെ പിടിച്ചു കുലുക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.


കൊച്ചി: iതിങ്കളാഴ്ചത്തെ സർക്കാർ ഡാറ്റ പ്രകാരം ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം (സിപിഐ) ഒക്ടോബറിൽ 6.77 ശതമാനമായി കുറഞ്ഞു (സെപ്റ്റംബറിൽ 7.41 ശതമാനം). ആർ...

കൊച്ചി: iതിങ്കളാഴ്ചത്തെ സർക്കാർ ഡാറ്റ പ്രകാരം ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം (സിപിഐ) ഒക്ടോബറിൽ 6.77 ശതമാനമായി കുറഞ്ഞു (സെപ്റ്റംബറിൽ 7.41 ശതമാനം). ആർ ബി ഐ-യുടെ ഉയർന്ന മാർജിനായ 6 ശതമാനത്തിന് മുകളിലാണിതെങ്കിലും ഗവർണർ ശക്തികാന്ത ദാസ് പ്രതീക്ഷിച്ചിരുന്ന 7 ശതമാനത്തിലും താഴെയായത് ആശ്വാസകരമാണ്. കൂടാതെ ഒക്‌ടോബറിലെ വാർഷിക മൊത്തവില സൂചിക (WPI) പണപ്പെരുപ്പം 2021 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിൽ 8.39% ആയി കുറഞ്ഞിട്ടുണ്ട്. ഇതും നല്ലതു തന്നെ; എന്നാൽ ആഭ്യന്തരമായി കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നീങ്ങുന്നെകിലും അമേരിക്കയിൽ അത്ര ശുഭകരമല്ല. ടെക്‌നോളജി ഭീമനായ ആമസോൺ വരും ദിവസങ്ങളിൽ 10,000 പേരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി ന്യൂയോർക് ടൈംസ് ഇന്നലെ റിപ്പോർട്ട് ചെയ്തു. ട്വിറ്റർ, മെറ്റ എന്നിവ തൊഴിലാളികളെ ഗണ്യമായി വെട്ടിക്കുറച്ചതിന് ശേഷം വരുന്ന ഈ വാർത്ത ടെക്‌നോളജി ലോകത്തെ പിടിച്ചു കുലുക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനാൽ വിലക്കുറവിൽ വാങ്ങുക എന്ന തന്ത്രം സ്വീകരിക്കണമെന്നാണ് എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് കുനാൽ ഷാ പറയുന്നത്.

ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,089.41 കോടി രൂപക്കും ആഭ്യന്തര നിക്ഷേപകർ 47.18 കോടി രൂപക്കും ഓഹരികൾ അധികം വാങ്ങുകയുണ്ടായി.

സിങ്കപ്പൂർ എസ്ജിഎക്സ് നിഫ്റ്റി രാവിലെ 7.15-നു 56.50 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ സെന്‍സെക്‌സ് 170.89 പോയിന്റ് നഷ്ടത്തില്‍ 61,624.15 ല്‍ വ്യാപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 20.55 പോയിന്റ് താഴ്ന്ന് 18,329.15 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 60.30 പോയിന്റ് ഇടിഞ്ഞു 42,0767.75 ലാണ് അവസാനിച്ചത്.

വിദഗ്ധാഭിപ്രായം

ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ പറയുന്നു: "അനുകൂലമായ ആഭ്യന്തര സൂചകങ്ങൾ ഉണ്ടായിരുന്നെങ്കിലും, യുഎസിലെയും മറ്റ് ഏഷ്യൻ വിപണികളിലെയും ബലഹീനത കാരണം ഇന്നലെ വിപണി സമ്മർദ്ദത്തിലായിരുന്നു. ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലയിലുണ്ടായ കുറവ് മൂലം ഇന്ത്യയുടെ മൊത്ത പണപ്പെരുപ്പം പ്രവചനങ്ങളേക്കാൾ മെച്ചപ്പെട്ടു. ഇത് ഇന്ത്യൻ വിപണിയിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കും. മാത്രമല്ല, കർക്കശമായ നിലപാടിൽ അയവു വരുത്തുന്നതിന് ആർ‌ബി‌ഐയെ പ്രേരിപ്പിക്കാം.

"നിഫ്റ്റിയുടെ മൊമെന്റം ഇൻഡിക്കേറ്റർ പോസിറ്റീവ് ക്രോസ്ഓവറിലാണ്; ഉയരുകയാണ്. ഹ്രസ്വകാല പ്രവണത പോസിറ്റീവായി കാണപ്പെടുന്നു. ഉയർന്ന തലത്തിൽ, പ്രതിരോധം 18450-18500-ൽ ദൃശ്യമാണ്. താഴ്ന്ന അറ്റത്ത്, പിന്തുണ 18250-ൽ കാണാം, എന്നാണ് എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് രൂപക് ദേ യുടെ അഭിപ്രായം.

ബാങ്ക് നിഫ്റ്റിയെക്കുറിച്ചു എൽകെപി സെക്യൂരിറ്റീസിലെ തന്നെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് കുനാൽ ഷാ പറയുന്നു: "ബാങ്ക് നിഫ്റ്റി സൂചിക 42,000 ത്തിന് സമീപം ഒരു സൈഡ്‌വേ ട്രെൻഡിലാണ് വ്യാപാരം നടക്കുന്നത്. താഴ്ന്ന നിലയിലുള്ള പിന്തുണ 41,500 ൽ ദൃശ്യമാണ്, ഇത് ബുള്ളുകൾക്ക് പ്രതിരോധത്തിന്റെ ഒരു നിരയായി പ്രവർത്തിക്കും, അതേസമയം ഉയർന്ന പ്രതിരോധം 42,500 ആണ്. ഒരു ബുള്ളിഷ് പ്രവണത തുടരുന്നുണ്ടെങ്കിലും കുറയുമ്പോൾ വാങ്ങുക എന്ന സമീപനം പാലിക്കണം."

ലോക വിപണി

ഏഷ്യന്‍ വിപണികളിൽ ഹാങ്‌സെങ് (294.05), തായ്‌വാൻ (165.77) എന്നിവ നേരിയ നേട്ടം കാണിക്കുന്നുണ്ട്. എന്നാൽ ടോക്കിയോ നിക്കെ (-32.51), ജക്കാർത്ത കോമ്പസിറ്റ് (-69.82), ഷാങ്ഹായ് (-3.89), സൗത്ത് കൊറിയൻ കോസ്‌പി (-9.03), എന്നിവ ചുവപ്പിലാണ് തുടങ്ങിയിരിക്കുന്നത്.

യൂറോപ്പിൽ ലണ്ടൻ ഫുട്‍സീയും 100 (67.13) ഫ്രാങ്ക്ഫർട് ഡി എ എക്‌സും (88.44) പാരീസ് യുറോനെക്സ്റ്റും (14.55)നേരിയ നേട്ടം കൈവരിച്ചു.

എന്നാൽ, തിങ്കളാഴ്ച അമേരിക്കന്‍ വിപണികള്‍ വീണ്ടും തകർന്നു. നസ്‌ഡേക് കോമ്പസിറ്റും (-127.11) എസ് ആൻഡ് പി 500 (-35.68) ഉം ഡൗ ജോൺസ്‌ ഇന്ടസ്ട്രിയൽ ആവറേജും (-211.16) ചുവപ്പിലാണ് അവസാനിച്ചത്.

കമ്പനി റിപ്പോർട്സ്

ആദ്യ ഏഴ് മാസങ്ങളിൽ (ഏപ്രിൽ മുതൽ ഒക്ടോബർ വരെ) ഇന്ത്യയുടെ സ്റ്റീൽ ഉൽപ്പാദനവും ഉപഭോഗവും വാർഷികാടിസ്ഥാനത്തിൽ യഥാക്രമം 6.4 ശതമാനവും 11.4 ശതമാനവും വീതം വർദ്ധിച്ചതായി കെയർ എഡ്‌ജ് റിസർച്ച് റിപ്പോർട്ടിൽ പറയുന്നു. നിർമാണ മേഖല ശക്തി പ്രാപിക്കുന്നു എന്നതിന്റെ തെളിവാണത്‌.

എൻ‌ഡി‌ടി‌വിയുടെ 26 ശതമാനം അധിക ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ സെബി അംഗീകരിച്ചു, ഓഫർ നവംബർ 22 ന് ആരംഭിക്കും.

അദാനി പോർട്ട്‌സും സ്‌പെഷ്യൽ ഇക്കണോമിക് സോണും ഇസ്രായേലിൽ ഗാഡോ കെമിക്കൽ ടെർമിനൽസുമായി ഒരു സംയുക്ത സംരംഭം സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചു.

ആദിത്യ ബിർള ക്യാപിറ്റലും ജപ്പാൻ ആസ്ഥാനമായുള്ള നിപ്പോൺ ലൈഫും തമ്മിൽ ലയനത്തിനായി നടത്തിയ ചർച്ച പരാജയപ്പെട്ടു,

രണ്ടാം പാദ ഫലങ്ങൾ

ജെഎം ഫിനാൻഷ്യലിന്റെ ഏകീകൃത ലോൺ 32.50 ശതമാനം വർധിച്ചു 14,670 കോടി രൂപയിലെത്തി. ഡയറക്ടർ ബോർഡ് 1 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 0.90 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

രണ്ടാം പാദത്തിൽ ഭാരത് ഫോർജിന്റെ ഏകീകൃത അറ്റാദായം 67.28 ശതമാനം ഇടിഞ്ഞു 124.79 കോടി രൂപയായി. എങ്കിലും കമ്പനി ഒരു ഓഹരിക്കു 1.50 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) നികുതിക്ക് ശേഷമുള്ള അറ്റാദായം 42.5 ശതമാനം വർധിച്ച് 226 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ ലാഭം 158.5 കോടി രൂപയായിരുന്നു.

ഗ്രാസിം ഇൻഡസ്ട്രീസിന്റെ ഈ ത്രൈമാസത്തിലെ അറ്റാദായം 1.5 ശതമാനം ഇടിവ് രേഖപ്പെടുത്തി 964.30 കോടി രൂപയായി.

പുതിയ നികുതി വ്യവസ്ഥ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട അസാധാരണമായ ഇനങ്ങൾ കാരണം ബയോകോൺ അറ്റാദായം 66 ശതമാനം ഇടിഞ്ഞു 47 കോടി രൂപയായി.

സ്‌പൈസ് ജെറ്റ് നഷ്ടം സെപ്റ്റംബർ 30ന് അവസാനിച്ച മൂന്ന് മാസങ്ങളിൽ 562 കോടി രൂപയിൽ നിന്ന് 838 കോടി രൂപയായി വർധിച്ചതായി എയർലൈൻ ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.

സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ അപ്പോളോ ടയേഴ്‌സിന്റെ ഏകീകൃത അറ്റാദായം 11 ശതമാനം വർധിച്ച് 194 കോടി രൂപയായി.

മൈൻഡ്‌സ്‌പേസ് ബിസിനസ് പാർക്കുകളുടെ അറ്റ ​​പ്രവർത്തന വരുമാനം 16 ശതമാനം വർധിച്ച് 417.2 കോടി രൂപയായി.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,810 രൂപ.

യുഎസ് ഡോളർ = 81.26 രൂപ (-0.48 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 92.50 ഡോളർ (-3.4%)

ബിറ്റ് കോയിൻ = ₹14,41,004 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.13 ശതമാനം ഉയർന്നു 106.88 ആയി.

ഐപിഒ

തിങ്കളാഴ്ച ഓഫറിന്റെ അവസാന ദിവസം കെയ്ൻസ് ടെക്നോളജിയ്ക്ക് 34.16 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചു. എൻഎസ്ഇ രേഖകൾ അനുസരിച്ച്, ഓഫറിൽ 1.04 കോടി ഓഹരികൾക്കെതിരെ 35.76 കോടി ഓഹരികൾക്കാണ് ഐപിഒയ്ക്ക് ബിഡ് ലഭിച്ചത്.

രണ്ടാം ദിവസം ഐനോക്‌സ് ഗ്രീൻ എനർജി 0.91 തവണ സബ്സ്ക്രൈബ് ചെയ്തു. ഐപിഒയിൽ റീട്ടെയിൽ നിക്ഷേപകർക്കുള്ള ഭാഗത്തിന് 3.12 മടങ്ങ് വരിക്കാരായി. അതേസമയം, യോഗ്യതയുള്ള സ്ഥാപന നിക്ഷേപകർക്കായി നീക്കിവച്ചിരിക്കുന്ന ഭാഗം 0.51 മടങ്ങ് വരിക്കാരായി. 740 കോടി രൂപ സമാഹരിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഐപിഒ ഇന്ന് അവസാനിക്കും. ഒരു ഓഹരിക്ക് 61-65 രൂപയാണ് വില.

കീസ്റ്റോൺ റിയൽറ്റേഴ്‌സിന്റെ 635 കോടി രൂപയുടെ ഐപിഓ തിങ്കളാഴ്ച ആദ്യ ദിനത്തിൽ 8 ശതമാനം സബ്‌സ്‌ക്രൈബു ചെയ്‌തു. 635 കോടി രൂപയുടെ ഐപിഒയ്ക്ക് 86,47,858 ഓഹരികൾ വില്പനക്കുള്ളതിൽ 7,24,599 ഓഹരികൾക്കായി ബിഡ്ഡുകൾ ലഭിച്ചുവെന്ന് എൻഎസ്ഇയിൽ ലഭ്യമായ രേഖകൾ കാണിക്കുന്നു. ഒരു ഷെയറിന് 514 രൂപ - 541 രൂപയാണ് വില. ഐപിഓ നാളെ (നവംബർ 16-ന്) അവസാനിക്കും.

ബ്രോക്കറേജ് വീക്ഷണം

ഇമാമി ഇപ്പോൾ വാങ്ങാവുന്ന ഓഹരിയാണെന്നു പ്രമുഖ റിസേർച് കമ്പനിയായ സെൻട്രം പറയുന്നു. അതുപോലെ തന്നെ ബ്രാൻഡഡ് റീറ്റെയ്ൽ കമ്പനിയായ ട്രെന്റ് വാങ്ങാൻ പറ്റിയ ഓഹരിയാണെന്നും സെൻട്രം പറയുന്നുണ്ട്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിൻഡാൽകോ, സൊമാറ്റോ, ഇൻഫോ എഡ്ജ്, കണ്ടെയ്‌നർ കോർപ്പറേഷൻ, സൈഡസ് ലൈഫ്, അശോക് ലെയ്‌ലാൻഡ്, സീ എന്റർടൈൻമെന്റ്, സൺ ടിവി, കാമ്പസ് ആക്റ്റീവ്വെയർ, ആസ്റ്റർ ഡിഎം, മഹാനഗർ ഗ്യാസ്, സെഞ്ച്വറി പ്ലൈ, ബൽറാംപൂർ ചിനി, വിജയ ഡയഗ്നോസ്റ്റിക്സ്, സോമാനി സെറാമിക്സ് എന്നീ കമ്പനികളുടെ ഓഹരികൾ വാങ്ങാമെന്നാണ് ജെഎം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസിന്റെ അഭിപ്രായം.