image

2 Dec 2022 11:31 AM GMT

Stock Market Updates

എട്ടു ദിവസത്തെ നേട്ടത്തിന് ശേഷം ദുര്‍ബലമായി വിപണി, ലാഭമെടുപ്പ് പ്രതികൂലമായി

MyFin Desk

എട്ടു ദിവസത്തെ നേട്ടത്തിന് ശേഷം ദുര്‍ബലമായി വിപണി, ലാഭമെടുപ്പ് പ്രതികൂലമായി
X


മുംബൈ: എട്ടു ദിവസത്തെ മുന്നേറ്റത്തിന് ശേഷം നഷ്ടത്തില്‍ അവസാനിച്ച് വിപണി. ആഗോള വിപണികള്‍ ദുര്‍ബലമായതും, ലാഭമെടുപ്പ് നടന്നതുമാണ് വിപണിക്ക് പ്രതികൂലമായത്. സെന്‍സെക്‌സ് 415.69 പോയിന്റ് ഇടിഞ്ഞ് 62,868.50 ലും, നിഫ്റ്റി 116.40 പോയിന്റ് നഷ്ടത്തില്‍ 18,696.10 ലുമാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് വ്യപാരത്തിന്റെ ഒരു ഘട്ടത്തില്‍ 604.56 പോയിന്റ് ഇടിഞ്ഞ് 62,679.63 ലെത്തിയിരുന്നു.

സെന്‍സെക്‌സില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി, നെസ്ലെ, എച്ച്ഡിഎഫ് സി, ഏഷ്യന്‍ പെയിന്റ്, ബജാജ് ഫിനാന്‍സ്, പവര്‍ ഗ്രിഡ്, എന്നിവ നഷ്ടത്തിലായി. ടാറ്റ സ്റ്റീല്‍, ഡോ റെഡ്ഢി, ടെക്ക് മഹീന്ദ്ര, ഇന്‍ഡസ ്ഇന്‍ഡ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്നോളജീസ്, എന്നിവ നേട്ടത്തിലായിരുന്നു.

ഏഷ്യന്‍ വിപണിയില്‍ സിയോള്‍,ടോക്കിയോ,ഷാങ്ഹായ്,ഹോങ്കോങ് എന്നിവ ദുര്‍ബലമായി. യൂറോപ്യന്‍ വിപണികള്‍ ഉച്ച കഴിഞ്ഞുള്ള സെഷനില്‍ നഷ്ടത്തിലാണ് വ്യാപാരം ചെയുന്നത്. വ്യാഴാഴ്ച യു എസ് വിപണിയും ഇടിഞ്ഞിരുന്നു. 'ആഗോള വിപണികളിലുണ്ടായ ഇടിവും, ലാര്‍ജ് ക്യാപ് ഓഹരികളില്‍ നടത്തിയ ലാഭമെടുപ്പുമാണ് ആഭ്യന്തര വിപണിയുടെ മുന്നേറ്റത്തിന് തടസ്സമായത്. കയറ്റുമതി ഇടിഞ്ഞതും, സംഭരണ ദൗര്‍ബല്യവും മൂലം ഓട്ടോ മൊബൈല്‍ കമ്പനികളുടെ പ്രതീക്ഷിച്ചതിലും കുറഞ്ഞ വില്പന കണക്കുകള്‍ വിപണിയ്ക്ക് പ്രതികൂലമായി,' ജിയോ ജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ റീസേര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞു.

വ്യാഴാഴ്ച സെന്‍സെക്‌സ് 184.54 പോയിന്റ് വര്‍ധിച്ച് 63,284.19 ലും, നിഫ്റ്റി 54.15 പോയിന്റ് നേട്ടത്തില്‍ 18,812.50 ലുമാണ് ക്ലോസ് ചെയ്തത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 0.13 ശതമാനം ഇടിഞ്ഞ് ബാരലിന് 86.77 ഡോളറായി. വിദേശ നിക്ഷേപകര്‍ വ്യാഴാഴ്ച 1,565.93 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.