image

30 Nov 2022 11:23 AM GMT

Market

കുതിപ്പിന്റെ ഏഴാം നാള്‍: സെന്‍സെക്‌സ് 63,000 കടന്നു, നിഫ്റ്റി 18,700 ല്‍

MyFin Desk

കുതിപ്പിന്റെ ഏഴാം നാള്‍: സെന്‍സെക്‌സ് 63,000 കടന്നു, നിഫ്റ്റി 18,700 ല്‍
X

Summary

'വിദേശ നിക്ഷേപം വര്‍ധിച്ചത് വിപണിയുടെ നേട്ടം തുടരുന്നതിനു കാരണമായി. എങ്കിലും വരാനിരിക്കുന്ന യുഎസ് ഫെഡ് യോഗത്തില്‍ നിരക്ക് വര്‍ധനയില്‍ അയവു വരുത്തിയിരിക്കാമെന്ന പ്രതീക്ഷയാണ് നിക്ഷേപകര്‍ക്കുള്ളത്.




മുംബൈ : തുടര്‍ച്ചയായ ഏഴാം ദിവസവും മികച്ച മുന്നേറ്റം നടത്തി വിപണി. സെന്‍സെക്‌സ് ആദ്യമായി 63,000 നില മറികടന്നു. ആഗോള വിപണികളിലെ മുന്നേറ്റവും, വിദേശ നിക്ഷേപത്തിന്റെ വര്‍ധനവുമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാര്‍ക്കറ്റിനെ ശക്തമായി പിന്തുണക്കുന്നത്. സെന്‍സെക്‌സ് 417.81 പോയിന്റ് വര്‍ധിച്ച് 63,099.65 ല്‍ വ്യാപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 140.30 പോയിന്റ് നേട്ടത്തില്‍ റെക്കോര്‍ഡ് വര്‍ധനവായ 18,758.35 ലുമാണ് ക്ലോസ് ചെയ്തത്.

വ്യപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ്, 621.17 പോയിന്റ് ഉയര്‍ന്ന് 63,303.01 വരെയെത്തി. സെന്‍സെക്‌സില്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അള്‍ട്രാ ടെക്ക് സിമെന്റ്, പവര്‍ ഗ്രിഡ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍, ടൈറ്റന്‍ എന്നിവ ലാഭത്തിലായി.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌സിഎല്‍ ടെക്നോളജീസ്, ഐടിസി എന്നിവ നഷ്ടത്തിലായി. 'വിദേശ നിക്ഷേപം വര്‍ധിച്ചത് വിപണിയുടെ നേട്ടം തുടരുന്നതിനു കാരണമായി. എങ്കിലും വരാനിരിക്കുന്ന യുഎസ് ഫെഡ് യോഗത്തില്‍ നിരക്ക് വര്‍ധനയില്‍ അയവു വരുത്തിയിരിക്കാമെന്ന പ്രതീക്ഷയാണ് നിക്ഷേപകര്‍ക്കുള്ളത്. ഇത് വിപണിയില്‍ വലിയ സ്വാധീനമുണ്ടാക്കും. ഇതുമായി ബന്ധപ്പെട്ട ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്താവന വിപണിയുടെ ഈ നേട്ടം നിലനിര്‍ത്തുന്നതിന് സഹായിക്കും. ഒപ്പം ചൈനയില്‍ കോവിഡ് നിയന്ത്രങ്ങളില്‍ അയവു വരുത്തുന്നത് ആഗോള വിപണികള്‍ക്കു അനുകൂലമാകും,' ജിയോ ജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ റിസേര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞു.

ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ഹോങ്കോങ്, ഷാങ്ഹായ് എന്നിവ ലാഭത്തിലും ടോക്കിയോ നഷ്ടത്തിലും അവസാനിച്ചു. യൂറോപ്യന്‍ വിപണികള്‍ ഉച്ച കഴിഞ്ഞുള്ള സെഷനില്‍ മുന്നേറ്റത്തിലാണ് വ്യപാരം ചെയുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികള്‍ സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 1.83 ശതമാനം വര്‍ധിച്ച് ബാരലിന് 84.55 ഡോളറായി. ചൊവ്വാഴ്ച വിദേശ നിക്ഷേപകര്‍ 1,241.57 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.