image

29 Nov 2022 11:23 AM GMT

Market

വിപണി എക്കാലെത്തയും ഉയർന്ന നിലയിൽ, ആറാം ദിനവും പിടി കൊടുക്കാതെ മാർക്കറ്റ്

MyFin Desk

വിപണി എക്കാലെത്തയും ഉയർന്ന നിലയിൽ, ആറാം ദിനവും പിടി കൊടുക്കാതെ മാർക്കറ്റ്
X


മുംബൈ : സെൻസെക്‌സും നിഫ്റ്റിയും ആറാം ദിനവും നേട്ടത്തിൽ അവസാനിച്ചു. ഇന്നും സൂചികകൾ വ്യപാരത്തിനിടയിൽ എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ഏഷ്യൻ വിപണികളിൽ പ്രകടമായ ശക്തമായ മുന്നേറ്റവും, വിദേശ നിക്ഷേപത്തിന്റെ വർധനയുമാണ് വിപണിയ്ക്ക് കരുത്തേകുന്നത്. സെൻസെക്സ് 177.04 പോയിന്റ് വർധിച്ച് 62,681.84 ൽ വ്യപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 55.30 പോയിന്റ് നേട്ടത്തിൽ 18,618.05 ലുമാണ് ക്ലോസ് ചെയ്തത്. സൂചികകൾ എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 382.6 പോയിന്റ് ഉയർന്ന 62,887.40 വരെ എത്തിയിരുന്നു.

സെൻസെക്സിൽ, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, നെസ്‌ലെ, ഡോ റെഡ്ഢി, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ടൈറ്റൻ, എച്ച്സിഎൽ ടെക്‌നോളജീസ് എന്നിവ ലാഭത്തിലായിരുന്നു. ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിൻസേർവ്, മാരുതി, പവർഗ്രിഡ്, ലാർസെൻ ആൻഡ് റ്റ്യുബ്രോ എന്നിവ നഷ്ടത്തിലായി. ഏഷ്യൻ വിപണിയിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലും, ടോക്കിയോ നഷ്ടത്തിലും അവസാനിച്ചു. ഉച്ച കഴിഞ്ഞുള്ള സെഷനിൽ യൂറോപ്യൻ വിപണികൾ ദുർബലമായാണ് വ്യാപാരം ചെയ്തിരുന്നത്. തിങ്കളാഴ്ച യു എസ് വിപണി ഇടിഞ്ഞിരുന്നു.

"മറ്റു ഏഷ്യൻ വിപണികളിലെ മുന്നേറ്റം ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചു. ഉച്ച കഴിഞ്ഞുള്ള സെഷനിൽ, എഫ്എംസിജി, കൺസ്യുമർ ഡ്യുറബിൾ വിഭാഗത്തിൽ വൻ തോതിലുള്ള വാങ്ങലുണ്ടായത് വിപണിയുടെ മുന്നേറ്റം തുടരുന്നതിനു സഹായിച്ചു. നവംമ്പറിൽ ഇത് വരെ വിദേശ നിക്ഷേപകർ 32,344 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്ന കണക്കുകളും നിക്ഷേപകർക്ക് കൂടുതൽ പ്രചോദനമായി," ആനന്ദ് രതി ഷെയേർസ് ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്‌സിന്റെ ഫണ്ടമെന്റൽ റിസേർച്ച് ഹെഡ് നരേന്ദ്ര സോളങ്കി പറഞ്ഞു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ 2.45 ശതമാനം വർധിച്ച് ബാരലിന് 85.23 ഡോളറായി. തിങ്കളാഴ്ച വിദേശ നിക്ഷേപകർ 935.88 കോടി രൂപയുടെ ഓഹരികൾ വാങ്ങി.