image

9 March 2023 11:30 AM GMT

Market

ലക്ഷ്യം ഉത്സവകാലം, എണ്ണ വില ഉയര്‍ത്തി വ്യാപാരികള്‍

Kochi Bureau

commodities market update 09 03
X

Summary

  • വിദേശത്ത് നിന്നും ഏലത്തിന് കൂടുതല്‍ സാധ്യതകള്‍ തെളിയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് വ്യക്തമായ ചിത്രം കയറ്റുമതി മേഖല പുറത്തുവിടുന്നില്ല


വിഷു-ഈസ്റ്റര്‍ ഡിമാന്റ് ഉണര്‍വിന് അവസരം ഒരുക്കുമെന്ന പ്രതീക്ഷയില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും കൊപ്രയാട്ട് വ്യവസായികള്‍ വെളിച്ചെണ്ണ വില ഉയര്‍ത്തി. മുന്നിലുള്ള ആഴ്ച്ചകളില്‍ എണ്ണ വില്‍പ്പന ചൂടുപിടിക്കുമെന്ന കണക്കുകൂട്ടലിലാണ് മില്ലുകാര്‍ ചരട് വലി തുടങ്ങിയത്.

നാളികോത്പന്നങ്ങളുടെ വില ഇതിന്റെ ചുവട് പിടിച്ച് ചെറിയതോതില്‍ വര്‍ധിച്ചു. സ്റ്റോക്കുള്ള എണ്ണ ഏത് വിധേനയും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് കാങ്കയത്തെ വന്‍കിട മില്ലുകാര്‍, അതേസമയം കൊപ്ര സംഭരണത്തിന് കാര്യമായ ഉത്സാഹം ഇനിയും കാണിച്ചിട്ടില്ല. മുഖ്യ വിപണികളില്‍ കൊപ്ര വില ക്വിന്റ്റലിന് 50 രൂപ ഉയര്‍ത്തി രേഖപ്പെടുത്താന്‍

വന്‍കിട ലോബി നടത്തിയ നീക്കം അല്‍പ്പം നേരത്തെയായി പോയോയെന്ന സംശയം ചെറുകിട മില്ലുകാരിലുമുണ്ട്. കൊച്ചിയില്‍ എണ്ണ 13,150 ലും കൊപ്ര 8150 രൂപയിലുമാണ്.

വിപണിയില്‍ റബര്‍ ക്ഷാമം

ഈസ്റ്റര്‍ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് മദ്ധ്യകേരളത്തിലെ റബര്‍ കര്‍ഷകരുടെയും സ്റ്റോക്കിസ്റ്റുകളുടെയും ശ്രദ്ധ റബര്‍ വിപണിയിലേയ്ക്ക് തിരിയുമെന്ന കണക്ക് കൂട്ടലിലാണ് ടയര്‍ ലോബി. നേരത്തെ വില ഇടിച്ച് കച്ചവടങ്ങള്‍ ഉറപ്പിച്ച വ്യവസായികളുടെ സപ്ലെയര്‍മാര്‍ക്ക് കരാര്‍ പ്രകാരമുള്ള ഷീറ്റ് സംഭരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന രഹസ്യം, അങ്ങാടി പാട്ടാണ്. വില പെടുന്നനെ ഉയര്‍ത്തിയാല്‍ ഏജന്റ്റമാര്‍ സാമ്പത്തിക കുരുക്കിലാവും. ഇതിനിടയില്‍ വിപണികളില്‍

റബറിന് കടുത്ത ക്ഷാമവും നേരിടുന്നു. ഏതവസരത്തിലും വില ഉയരാമെന്ന പ്രതീക്ഷയില്‍ വിപണിയുടെ ഓരോ ചലനങ്ങളെയും റബര്‍ മേഖല ഉറ്റ്നോക്കുകയാണ്. നാലാം ഗ്രേഡ് റബര്‍ കിലോ 144 രൂപയില്‍ വിപണനം നടന്നു.

പിടികൊടുക്കാതെ ഏലം കയറ്റുമതി

വിദേശത്ത് നിന്നും ഏലത്തിന് കൂടുതല്‍ സാധ്യതകള്‍ തെളിയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് വ്യക്തമായ ചിത്രം കയറ്റുമതി മേഖല പുറത്തുവിടുന്നില്ല. ആവശ്യാനുസരണം ലഭ്യത ഉറപ്പ് വരുത്താന്‍ ക്ലേശിക്കേണ്ടി വരുമോ, നിരക്ക് കുതിച്ചു കയറുമോയെന്ന ആശങ്കകള്‍ അവരെ പിന്നോക്കം വലിച്ചു. മികച്ചയിനങ്ങള്‍ കിലോ 2398 രൂപയിലും ശരാശരി ഇനങ്ങള്‍ 1484 കിലോയും കൈമാറി. മൊത്തം 67,228 കിലോഗ്രാം ഏലക്ക ലേലത്തിന് എത്തിയതില്‍ 62,266 കിലോയും വാങ്ങലുകാര്‍ ശേഖരിച്ചു.