image

8 May 2022 1:01 PM IST

Market

വില്‍ക്കണോ, വാങ്ങണോ: അനലിസ്റ്റുകള്‍ പറയുന്നു

MyFin Bureau

വില്‍ക്കണോ, വാങ്ങണോ: അനലിസ്റ്റുകള്‍ പറയുന്നു
X

Summary

ഹോം ഫസ്റ്റ് ഫിനാന്‍സ് കമ്പനി (എച്ച്എഫ്എഫ്‌സി) നിര്‍ദ്ദേശം: വാങ്ങുക വിപണി വില: 781.55 ഹോം ഫസ്റ്റ് ഫിനാന്‍സ്, 2021-22 വര്‍ഷത്തെ നാലാംപാദത്തില്‍ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെക്കാള്‍ 30 ശതമാനം ഉയര്‍ന്നിരുന്നു. 2021 ഡിസംബറിലവസാനിച്ച പാദത്തെക്കാള്‍ ഇത് എട്ട് ശതമാനം ഉയര്‍ന്നിരുന്നു. ഈ വളര്‍ച്ചയ്ക്കുള്ള കാരണം നാലാംപാദത്തില്‍ സര്‍വകാല റെക്കോഡായ 641 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തതാണ്. കമ്പനിയുടെ അറ്റ വരുമാനം 103 കോടി രൂപയാണ്. ഇത് ഞങ്ങളുടെ അനുമാനത്തിനും അനുകൂലമാണ്. […]


  1. ഹോം ഫസ്റ്റ് ഫിനാന്‍സ് കമ്പനി (എച്ച്എഫ്എഫ്‌സി)

നിര്‍ദ്ദേശം: വാങ്ങുക

വിപണി വില: 781.55

ഹോം ഫസ്റ്റ് ഫിനാന്‍സ്, 2021-22 വര്‍ഷത്തെ നാലാംപാദത്തില്‍ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെക്കാള്‍ 30 ശതമാനം ഉയര്‍ന്നിരുന്നു. 2021 ഡിസംബറിലവസാനിച്ച പാദത്തെക്കാള്‍ ഇത് എട്ട് ശതമാനം ഉയര്‍ന്നിരുന്നു. ഈ വളര്‍ച്ചയ്ക്കുള്ള കാരണം നാലാംപാദത്തില്‍ സര്‍വകാല റെക്കോഡായ 641 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തതാണ്. കമ്പനിയുടെ അറ്റ വരുമാനം 103 കോടി രൂപയാണ്. ഇത് ഞങ്ങളുടെ അനുമാനത്തിനും അനുകൂലമാണ്. ഏഡല്‍വെയ്‌സ് ഫിനാന്‍ഷ്യലിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍, പുതിയ സ്ഥലങ്ങളില്‍ അഫോഡബിള്‍ഹൗസിംഗ് രംഗത്ത് സാങ്കേതികവിദ്യ കേന്ദ്രീകരിച്ചുള്ള വായ്പ വിതരണത്തിലൂടെ എച്ച്എഫ്എഫ്‌സിയ്ക്ക് മുന്നേറുവാന്‍ സാധിക്കും. എന്നാല്‍, മാസ ശമ്പളക്കാരെയും ഭവന വായ്പ വിഭാഗക്കാരെയും കേന്ദ്രീകരിച്ചുള്ള വായ്പാ വിതരണം ആസ്തികളുടെ ഗുണമേന്‍മ ഉറപ്പു വരുത്തുന്നതില്‍ തടസമായേക്കാം. മധ്യ കാലത്തേക്ക്, കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 27 ശതമാനം (compound annual growth rate) വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. കൂടാതെ, റിട്ടേണ്‍ ഓണ്‍ അസറ്റ് (return on assets) 2024 സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും 13.4 ശതമാനത്തിലേക്ക് എത്തിക്കാനും കമ്പനി ലക്ഷ്യം വെയ്ക്കുന്നു.

(തയ്യാറാക്കിയത്: എഡല്‍വെയ്സ് ഫിനാന്‍ഷ്യല്‍)

2. ന്യുജെന്‍ സോഫ്റ്റ് വെയര്‍

നിര്‍ദ്ദേശം: വാങ്ങുക

വിപണി വില: 458.50

ന്യൂജെന്‍ സോഫ്റ്റ് വെയറിന്റെ മാര്‍ച്ച് പാദത്തിലെ വരുമാനം അനലിസ്റ്റുകളുടെ പ്രതീക്ഷയ്ക്കനുസരിച്ച് എത്തിയില്ലെങ്കിലും അതിന്റെ വരും വര്‍ഷങ്ങളിലെ വരുമാന വളര്‍ച്ച അവലോകനം ശക്തമാണ്. ഇത് കമ്പനിയുടെ ഓര്‍ഡര്‍ ബുക്കിന്റെ ശക്തമായ വളര്‍ച്ചയില്‍ നിന്ന് മനസിലാക്കാവുന്നതാണ്. 2022 സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ എബിറ്റ്ഡ മാര്‍ജിന്‍ (Ebitda Margin) 350 ബേസിസ് പോയിന്റ് കുറഞ്ഞ് 25 ശതമാനത്തിലെത്തിയിരുന്നു. ജോലിക്കാരുടെ മൊത്തം ചെലവില്‍ 380 ബേസിസ് പോയിന്റ് വര്‍ദ്ധനവുണ്ടായതാണ് ഇതിനു കാരണം. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് (attrition) കുറയുന്നുണ്ടെന്ന് മാനേജ്‌മെന്റ് അവകാശപ്പെടുന്നുവെങ്കിലും ഈ സാമ്പത്തിക വര്‍ഷത്തിലും ഈ വിഭാഗത്തില്‍ ചെലവ് കുറയാന്‍ സാധ്യതയില്ല. കൂടാതെ, മൊത്തം വരുമാനത്തിന്റെ 20 ശതമാനം വരുന്ന സെയില്‍സ്, മാര്‍ക്കറ്റിംഗ് ചെലവുകള്‍ വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനു കാരണം കമ്പനി വളര്‍ച്ച ലക്ഷ്യമാക്കി നിക്ഷേപങ്ങള്‍ നടത്തുന്നതാണ്. ജെഫ്രീസിലെ അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, മാനേജ്‌മെന്റ് 20 ശതമാനം വളര്‍ച്ചാ ലെവലില്‍ നിന്നും ത്വരിതഗതിയിലുള്ള മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഓര്‍ഡര്‍ ബുക്കിന്റെ വളര്‍ച്ച വരുമാന വളര്‍ച്ചയെക്കാള്‍ വളരെ മുന്നിലായിരുന്നു. ഇത് ഈ വര്‍ഷത്തെ വളര്‍ച്ച പ്രതീക്ഷകളെ ശക്തിപ്പെടുത്തുന്നു. കൂടാതെ, ലോകമെമ്പാടും യാത്രാ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതും വരുമാന വര്‍ദ്ധനവിനെ സഹായിക്കും.

(തയ്യാറാക്കിയത്: ജെഫ്രീസ്)

3. രാംകൃഷ്ണ ഫോര്‍ജിംഗ്‌സ്

നിര്‍ദ്ദേശം: വാങ്ങുക

ക്ലോസിംഗ് പ്രൈസ്: 173.50

രാംകൃ്ഷണ ഫോര്‍ജിംഗ്‌സിന്റെ നാലാംപാദ ഫലം എല്ലാ കണക്കുകൂട്ടലുകളെയും മറികടക്കുന്നതായിരുന്നു. വരുമാനം 32 ശതമാനം, വാര്‍ഷികാടിസ്ഥാനത്തില്‍, വര്‍ദ്ധിച്ച് 680 കോടി രൂപയിലെത്തി. കമ്പനി വിവിധ ചെലവിനങ്ങളില്‍ കുറവു വരുത്തിയതിനാല്‍ ഉയര്‍ന്ന അസംസ്‌കൃത വസ്തുക്കളുടെ വിലയെ നേരിടാന്‍ കഴിഞ്ഞു. കൂടാതെ, അടുത്തകാലത്തായി കമ്പനിക്ക് ലഭിച്ച 600 കോടി രൂപയുടെ പുതിയ ഓര്‍ഡറുകള്‍ രണ്ട്-മൂന്ന് വര്‍ഷത്തേക്ക് മികച്ച വരുമാന വര്‍ദ്ധനവിന് സഹായിക്കും. റിലയന്‍സ് സെക്യൂരിറ്റീസ് അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, ഈ സാമ്പത്തിക വര്‍ഷം മീഡിയം, കൊമേര്‍ഷ്യല്‍ വാഹന മേഖല മുപ്പത് ശതമാനം വളര്‍ച്ച കൈവരിച്ചേക്കാം. ഇതിന്റെ കയറ്റുമതി വരുമാനത്തില്‍ നിന്നുള്ള വളര്‍ച്ച ഇരട്ടയക്കത്തില്‍ എത്തിച്ചേര്‍ന്നേക്കാം. കമ്പനി കൂടുതല്‍ പുതിയ ഓര്‍ഡറുകള്‍ ഓട്ടോമൊബൈല്‍, നോണ്‍-ഓട്ടോമൊബൈല്‍ മേഖലകളില്‍ വരും വര്‍ഷങ്ങളില്‍ നേടാം. പുതിയ ഉത്പന്നങ്ങളുടെ പുറത്തിറക്കലും, പുതിയ വിദേശ വിപണികള്‍ കണ്ടെത്തുന്നതും ഇതിനെ ത്വരിതപ്പെടുത്തും.

(തയ്യാറാക്കിയത്: റിലയന്‍സ് സെക്യൂരിറ്റീസ്)

4. ടിവിഎസ് മോട്ടോര്‍ കമ്പനി

നിര്‍ദ്ദേശം: വാങ്ങുക

വിപണി വില: 628.75 രൂപ

വില വര്‍ദ്ധനവിന്റേയും, ഉയര്‍ന്ന കയറ്റുമതിയുടേയും പിന്‍ബലത്തില്‍ ടിവിഎസ് മോട്ടോര്‍ മാര്‍ച്ച് പാദത്തില്‍ 10.1 ശതമാനം എബിറ്റിഡ മാര്‍ജിന്‍ (Ebitida Margin) റിപ്പോര്‍ട്ട് ചെയ്തു. ഈ സാമ്പത്തിക വര്‍ഷത്തില്‍ പരമ്പരാഗത മോഡലുകളിലും ഇലക്ട്രിക് മോഡലുകളിലും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ പുറത്തിറക്കുമെന്ന് മാനേജ്‌മെന്റ് അറിയിക്കുന്നു. ഒരുമാസം 10000 ഇലക്ട്രിക് യൂണിറ്റുകള്‍ പുറത്തിറക്കാന്‍ ശേഷിയുള്ള പ്ലാന്റ് ഒന്നാം പാദത്തില്‍ തന്നെ തയ്യാറാകും. എന്നാല്‍ ടിവിഎസ് ഐക്യൂബിന്റെ (iQube) ഓര്‍ഡര്‍ ബുക്ക് 12,000 യൂണിറ്റുകളാണ്. ടിവിഎസിന്റെ ഉത്പന്നങ്ങളായ റെയിഡര്‍, ജൂപിറ്റര്‍, അപാച്ചെ എന്നിവ ആഭ്യന്തര വിപണിയിലും വിദേശ വിപണികളിലും ഒരു പോലെ സ്വീകാര്യത നേടിയവയാണ്. ഇത് മൊത്തത്തിലുള്ള ടൂവീലര്‍ സെഗ്മെന്റിന്റെ വിപണി വിഹിതത്തില്‍ 100 ബേസിസ് പോയിന്റ് നേട്ടമുണ്ടാക്കാന്‍ കമ്പനിയെ സഹായിച്ചു. വരും മാസങ്ങളില്‍, മികച്ച മണ്‍സൂണിന്റെയും, കോവിഡ് ഭീതി കുറയുന്നതിന്റെയും പശ്ചാത്തലത്തില്‍ ഗ്രാമീണ മേഖലയില്‍ നിന്ന് കൂടുതല്‍ ഓര്‍ഡറുകള്‍ എത്തിയേക്കാം. ചിപ്പുകളുടെ വിതരണത്തില്‍ തടസം നേരിട്ടതിനാല്‍ റെയിഡറിന്റെയും അപാച്ചെയുടെയും ഉത്പാദനം മാര്‍ച്ച് പാദത്തില്‍ കുറഞ്ഞിരുന്നു. എന്നാല്‍, കമ്പനി പുതിയ മാര്‍ഗങ്ങളിലൂടെ ഇവ സമ്പാദിക്കുവാനുള്ള ശ്രമം നടത്തുന്നതിനാല്‍ ഉത്പാദനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

(തയ്യാറാക്കിയത്: എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്)

5. എക്സൈഡ് ഇന്‍ഡസ്ട്രീസ്

നിര്‍ദ്ദേശം: വാങ്ങല്‍

വിപണി വില: 146.35 രൂപ

ഇരുചക്ര-നാലു ചക്ര വാഹനങ്ങളുടെ ബാറ്ററി വിപണിയില്‍ നിന്നു ലഭിച്ച മികച്ച ഡിമാന്‍ഡിനെത്തുടര്‍ന്ന് നാലാംപാദത്തില്‍ എക്സൈഡിന്റെ ഓട്ടോമൊബൈല്‍ ബാറ്ററി വിഭാഗത്തില്‍ ഇരട്ടയക്കത്തിലുള്ള വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഓഫീസുകള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ വര്‍ദ്ധിച്ചതിനാല്‍ വ്യവസായ മേഖലകളിലേക്കുള്ള യുപിഎസ് ബാറ്ററികളുടെ ഡിമാന്‍ഡും ശക്തമായി നിലനില്‍ക്കുകയാണ്. കമ്പനി റിപ്പോര്‍ട്ടുകള്‍ പ്രകാരം സോളാര്‍, റെയില്‍വേ, അടിസ്ഥാന സൗകര്യ മേഖല എന്നി വിഭാഗങ്ങളിലും ശക്തമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കയറ്റുമതി മേഖലയില്‍ ഓട്ടോമോട്ടീവ്, വ്യവസായ മേഖലകളിലുള്ള ഡിമാന്‍ഡ് ശക്തമാണെന്നാണ് മാനേജ്മെന്റ് നല്‍കുന്ന സൂചന. കൂടാതെ കമ്പനി ആഗോള വിപണിയിലെ സാന്നിധ്യം വേഗത്തില്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയുമാണ്. ലിഥിയം-അയണ്‍ ബാറ്ററി നിര്‍മാണത്തിനായി കര്‍ണാടകയില്‍ ആരംഭിക്കുന്ന നിർമ്മാണ യൂണിറ്റിനായുള്ള സ്ഥലമെടുപ്പ് നടപടികള്‍ അവസാനഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. ഇത് ദീര്‍ഘകാല വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാണ്. കമ്പനിയുടെ ലാഭം നാലാംപാദത്തില്‍ 28 ശതമാനമാണ്. ഉയര്‍ന്ന ലെഡ് വിലകളും, ചരക്കു നീക്ക ചെലവുകളും, ഇന്ധന ചെലവും കമ്പനിയുടെ മൊത്ത ലാഭത്തില്‍ 308 ബേസിസ് പോയിന്റിന്റെ കുറവു വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ ലെഡ് വിലകള്‍ കുറഞ്ഞു വരുന്നതിനാല്‍ കമ്പനിയുടെ ലാഭം ഈ സാമ്പത്തിക വര്‍ഷം മെച്ചപ്പെട്ടേക്കാമെന്ന് ആനന്ദ്‌രതി അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നു. ഓട്ടോമോട്ടീവ്, ഇന്‍ഡസ്ട്രിയല്‍ വിഭാഗങ്ങളിലെ വളര്‍ച്ച ഇതിന് ശക്തമായ പിന്തുണ നല്‍കിയേക്കും.

(തയ്യാറാക്കിയത്: ആനന്ദ്‌രതി)

(Disclaimer: Stock recommendations, suggestions and opinions are given by the experts. These do not represent the views of Myfinpoint)