image

2 May 2022 5:45 AM GMT

People

കശുവണ്ടി വ്യവസായം സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യം

James Paul

കശുവണ്ടി വ്യവസായം സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യം
X

Summary

കോവിഡിനെ തുടർന്ന് കയറ്റുമതിയും ഉൽപ്പാദനവും ഇടിഞ്ഞതോടെ കേരളത്തിലെ കശുവണ്ടി വ്യവസായം പ്രതിസന്ധിയിലായിരിക്കുകയാണ്.  അസംസ്‌കൃത കശുവണ്ടിയുടെ ലഭ്യതക്കുറവ്, വർദ്ധിച്ചുവരുന്ന ഉൽപ്പാദനച്ചെലവ്, കടുത്ത അന്താരാഷ്ട്ര മത്സരം, വർദ്ധിച്ചുവരുന്ന കടങ്ങൾ, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിലെ പരാജയം, എന്നിവയാണ് ഈ മേഖലയിലെ പ്രധാന പ്രശ്‌നങ്ങളെന്ന് കർഷകരും കയറ്റുമതിക്കാരും പറയുന്നു.  കൊല്ലത്തും സമീപ ജില്ലകളിലുമായി 836 ഫാക്ടറികളുണ്ടായിരുന്നതിൽ 100 ​​എണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതോടൊപ്പം ബാങ്കുകൾ വായ്പാ തിരിച്ചടവ് മുടക്കിയ കശുവണ്ടി യൂണിറ്റുകൾക്ക് എതിരെ നടപടി ആരംഭിക്കുക കൂടി ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി. […]


കോവിഡിനെ തുടർന്ന് കയറ്റുമതിയും ഉൽപ്പാദനവും ഇടിഞ്ഞതോടെ കേരളത്തിലെ കശുവണ്ടി വ്യവസായം പ്രതിസന്ധിയിലായിരിക്കുകയാണ്. അസംസ്‌കൃത കശുവണ്ടിയുടെ ലഭ്യതക്കുറവ്, വർദ്ധിച്ചുവരുന്ന ഉൽപ്പാദനച്ചെലവ്, കടുത്ത അന്താരാഷ്ട്ര മത്സരം, വർദ്ധിച്ചുവരുന്ന കടങ്ങൾ, സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിലെ പരാജയം, എന്നിവയാണ് ഈ മേഖലയിലെ പ്രധാന പ്രശ്‌നങ്ങളെന്ന് കർഷകരും കയറ്റുമതിക്കാരും പറയുന്നു. കൊല്ലത്തും സമീപ ജില്ലകളിലുമായി 836 ഫാക്ടറികളുണ്ടായിരുന്നതിൽ 100 ​​എണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

ഇതോടൊപ്പം ബാങ്കുകൾ വായ്പാ തിരിച്ചടവ് മുടക്കിയ കശുവണ്ടി യൂണിറ്റുകൾക്ക് എതിരെ നടപടി ആരംഭിക്കുക കൂടി ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി.

ബാങ്ക് നടപടികൾ

കൊവിഡിനെ തുടർന്ന് വായ്പാ തിരിച്ചടവിന് ബാങ്കുകൾ ഇളവ് നൽകിയിരുന്നു. എന്നാൽ ഇളവിൻറെ കാലാവധി അവസാനിച്ചുവെന്നും വായ്പ എത്രയും വേഗം തിരിച്ചടയ്ക്കണമെന്നും ബാങ്കുകൾ ആവശ്യപ്പെടുന്നു. ചില ബാങ്കുകൾ 60 ദിവസത്തിനകം പണം തിരിച്ചടക്കണമെന്ന് നോട്ടീസ് നൽകിയിട്ടുണ്ട്

ബിസിനസിന്റെ സ്വഭാവമനുസരിച്ച് 2 കോടി രൂപ വരെയുള്ള വ്യത്യസ്ത വായ്പകളാണ് കശുവണ്ടി യൂണിറ്റുകൾക്ക് നൽകിയിരിക്കുന്നത്. ഈ വായ്പ പുന: ക്രമീകരിക്കണമെന്നും പ്രതിസന്ധിയിലായ യൂണിറ്റുകൾക്ക് കൂടുതൽ ധനസഹായം നൽകമമെന്നും കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (സിഇപിസിഐ) ആവശ്യപ്പെട്ടിട്ടുണ്ട്.

കൊല്ലത്തിൻറെ വ്യവസായം

പരമ്പരാഗതമായി ഇന്ത്യയിലെ കശുവണ്ടി വ്യവസായത്തിൻറെ തലസ്ഥാനം എന്നറിയപ്പെടുന്ന കൊല്ലം ജില്ലയിലാണ് പ്രധാനമായും ഈ വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇറക്കുമതി തീരുവ കുറയ്ക്കണമെന്നും കശുവണ്ടി വ്യവസായത്തെ രക്ഷിക്കാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നതും ഫെഡറേഷൻ ഓഫ് കാഷ്യൂ പ്രോസസേഴ്‌സ് ആൻഡ് എക്‌സ്‌പോർട്ടേഴ്‌സ് അസ്സോസിയേഷൻറെ ദീർഘകാലത്തെ ആവശ്യമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സംസ്ക്കരണ ചെലവ് കൂടുതലാണ്.

കശുവണ്ടി സംസ്‌കരിക്കുന്നതിന് കേരളം ഇപ്പോഴും മാനുഷിക പ്രയ്തനത്തെ ആശ്രയിക്കുന്നു. അതേസമയം മറ്റ് സംസ്ഥാനങ്ങൾ യന്ത്രവൽക്കരണത്തിലേക്ക് മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ നിലവിലുള്ള കശുവണ്ടി യൂണിറ്റുകളിൽ 80 ശതമാനവും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. യന്ത്രവൽക്കരണത്തിന് ചെലവ് കൂടുതലാണ്. കമ്പനികൾക്ക് അവരുടെ ഫാക്ടറികൾ യന്ത്രവൽക്കരിക്കുന്നതിന് സർക്കാർ സഹായം നൽകണം. നിലവിൽ, വ്യവസായത്തെ രക്ഷിക്കാൻ സർക്കാർ നൽകുന്ന പിന്തുണ പര്യാപ്തമല്ല. കോവിഡിൻറെ സമയത്ത്, ഫാക്ടറികൾ ഒരു മാസത്തിലേറെയായി അടച്ചിടേണ്ടിവന്നു.ഇതും കമ്പനികൾക്ക് വലിയ നഷ്ടം വരുത്തി.

ഫാക്ടറികൾ അടച്ചു പൂട്ടി

അടുത്തകാലം വരെ, ഔദ്യോഗികവും അനൌദ്യോഗികവുമായ സജ്ജീകരണങ്ങളിൽ ഏകദേശം 836 ഫാക്ടറികൾ കേരളത്തിൽ പ്രവർത്തിച്ചിരുന്നു. ഇത് 3 ലക്ഷം ഗ്രാമീണ സ്ത്രീകൾക്ക് നേരിട്ടും 10 ലക്ഷം പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. സംസ്ക്കരണചെലവുകൾ വർധിച്ചതും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരവും കാരണം, ഈ ഫാക്ടറികൾ മിക്കതുംഅടച്ചുപൂട്ടി. 1980-കളുടെ തുടക്കത്തിൽ, കശുവണ്ടി വ്യാപാരത്തിൻറെ 96% വരെ നിയന്ത്രിച്ചിരുന്നത് കേരളമായിരുന്നു, എന്നാൽ ഇപ്പോൾ അത് 9% ആയി കുറഞ്ഞു.

സംസ്ഥാനത്തെ നിരവധി യൂണിറ്റുകൾ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചു. നിർഭാഗ്യവശാൽ, ഈ സാഹചര്യം സംസ്ഥാനത്തെ ആയിരക്കണക്കിന് പാവപ്പെട്ട സ്ത്രീ തൊഴിലാളികളുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ സാമ്പത്തിക പ്രതിസന്ധി കാരണം സംരംഭകരിൽ പലരും പാപ്പരാവുകയും ആത്മഹത്യ ചെയ്യുകയും ചെയ്തു.

കയറ്റുമതിയും പ്രതിസന്ധിയിൽ

2580 കോടി രൂപ യുടെ 36,390 മെട്രിക് ടൺ കശുവണ്ടിയാണ് കേരളം പ്രതിവർഷം കയറ്റുമതി ചെയ്യുന്നത്. ഇത് രാജ്യത്തെ മൊത്തം കശുവണ്ടി കയറ്റുമതിയുടെ 43.78 ശതമാനമാണ്. പക്ഷേ, പകർച്ചവ്യാധിയുടെ സമയത്ത്, അന്താരാഷ്ട്ര, ആഭ്യന്തര വിപണികൾ ഇടിഞ്ഞു. വിനോദസഞ്ചാരികൾ, തീർഥാടകർ, വലിയ തോതിലുള്ള ഉത്സവങ്ങൾ, പരിപാടികൾ എന്നിവയുടെ അഭാവം മൂലം ആഭ്യന്തര വിൽപ്പന കുത്തനെ ഇടിഞ്ഞു. കയറ്റുമതി എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.

ഒരു ആഡംബര ഭക്ഷണം എന്ന നിലയിൽ, പശ്ചിമേഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ് തുടങ്ങിയ സാമ്പത്തികമായി വികസിത പ്രദേശങ്ങളിലാണ് കശുവണ്ടി പ്രധാനമായും ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ അസംസ്‌കൃത കശുവണ്ടി ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും ഇന്ത്യയാണ്. എല്ലാ വർഷവും, രാജ്യം 756,756 മെട്രിക് ടൺ കശുവണ്ടി ഉത്പാദിപ്പിക്കുന്നു, വിയറ്റ്നാം, ബ്രസീൽ, ടാൻസാനിയ, ഐവറി കോസ്റ്റ്, ഗിനിയ ബിസാവു, മൊസാംബിക്ക്, ഇന്തോനേഷ്യ എന്നിവയാണ് ഇന്ത്യയോട് മത്സരിക്കുന്ന പ്രധാന രാജ്യങ്ങൾ. ഐവറി കോസ്റ്റ്, ടാൻസാനിയ, ഗിനിയ ബിസാവു, ബെനിൻ, ഘാന, മൊസാംബിക്, നൈജീരിയ, സെനഗൽ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ പ്രധാനമായും അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്യുന്നത്.സംസ്ക്കരിച്ച കശുവണ്ടി 121 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.

ആഭ്യന്തര വിപിണിയിലും വിലയിടിഞ്ഞു

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കശുവണ്ടിയുടെ വില 20 ശതമാനം കുറഞ്ഞു. കശുവണ്ടിയുടെ വിലയിടിവിൽ കർഷകർ ആശങ്കയിലാണ്. കഴിഞ്ഞ വർഷം കിലോഗ്രാമിന് 130 രൂപയായിരുന്നത് ഇത്തവണ 100 രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ കശുവണ്ടി വ്യവസായത്തെ ബാധിച്ചപ്പോൾ സർക്കാർ 90 രൂപ തറവില നിശ്ചയിച്ച് സഹകരണ സംഘങ്ങൾ വഴി കശുവണ്ടി സംഭരിച്ചു. എന്നാൽ ഇത്തവണ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല.

ഗവൺമെൻറ് ഇടപെടണം

കശുവണ്ടി വ്യവസായത്തിന് അതിന്റെ നിലനിൽപ്പ് വീണ്ടെടുക്കണമെങ്കിൽ, ബിസിനസ് ചെയ്യാൻ അനുയോജ്യമായ അന്തരീക്ഷം ആവശ്യമാണ്. ഇക്കാര്യത്തിൽ അടിയന്തിരമായി ഗവൺമെൻറിൻറെ ഇടപെടൽ ഉണ്ടാകണമെന്ന് വ്യാപാരികളും തൊഴിലാളികളും ഒരു പോലെ ആവശ്യപ്പെടുന്നു. ഉൽപ്പാദനം, വ്യാപാരം, തൊഴിൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി നിരവധി സംവിധാനങ്ങൾ കേരളം സ്വീകരിച്ചിട്ടുണ്ട്. കേരളാ സ്റ്റേറ്റ് ഏജൻസി ഫോർ ദ എക്സ്പാൻഷൻ ഓഫ് കാഷ്യു കൾട്ടിവേഷൻ (KSACC), ഡയറക്ടറേറ്റ് ഓഫ് കാഷ്യു ആൻറ് കൊക്കോ ഡവല്പ്മെൻറ് (DCCD) എന്നിവയാണ് സംസ്ഥാനത്തെ കശുവണ്ടി ഉൽപാദനവും കൃഷിയും വിപുലീകരിക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള രണ്ട് ഏജൻസികൾ. എന്നാൽ അപര്യാപ്തമായ നയങ്ങളും സംവിധാനങ്ങളും കാരണം ഈ സ്ഥാപനങ്ങൾക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു. ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിന്, സിഇപിസിഐ പോലുള്ള കശുവണ്ടി വ്യവസായ സ്ഥാപനങ്ങളുമായി കെഎസ്എസിസിയും ഡിസിസിഡിയും സംയോജിപ്പിക്കേണ്ടതുണ്ട്. ഈ സ്ഥാപനങ്ങൾ വ്യാവസായിക ആവശ്യങ്ങൾക്കും വിപണി സ്ഥിതിവിവരക്കണക്കുകൾക്കും അനുസൃതമായി അവരുടെ പ്രവർത്തന പദ്ധതികൾ രൂപപ്പെടുത്തണം.

പരിഹാര ശ്രമങ്ങൾ

ബാങ്കുകളുമായി ചേർന്ന് ഒറ്റത്തവണ വായ്പ തീർപ്പാക്കൽ ഫോർമുല തയ്യാറാക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സർക്കാർ.

തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തി കശുവണ്ടി വ്യവസായം ആധുനികവല്‍ക്കരിക്കുന്നതിനും വൈവിധ്യവല്‍ക്കരിക്കുന്നതിനും ഗവൺമെൻറ് ഒരു മാസ്റ്റര്‍ പ്ലാൻ തയാറാക്കുന്നുണ്ട്.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഉല്പാദന ചെലവ് ഇരട്ടിയിലധികമാണ്. ആധുനികവൽക്കരണം നടപ്പിലാക്കാത്തതാണ് ഇതിനു പ്രധാന കാരണം. മാർക്കറ്റിങ്ങിലും മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ കാര്യത്തിലും ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. ഇതെല്ലാം പരിഹരിക്കുന്നതിനായിരിക്കും മാസ്റ്റർ പ്ലാനിൽ പ്രധാന പരിഗണന നൽകുക.