29 Nov 2025 3:49 PM IST
Summary
ശീതകാല ടൂറിസത്തെ ശക്തിപ്പെടുത്തുകയായിരുന്നു ഫോറത്തിന്റെ ലക്ഷ്യം
സലാല: ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ദോഫാർ പൈതൃക-ടൂറിസം ജനറൽ ഡയറക്ടറേറ്റും മഖ്ഷൻ വാലി ഓഫിസും ചേർന്ന്ദോഫാർ ഗവണറേറ്റിലെ മഖ്ഷൻ വിലായത്തിലെ അൽ മഷാശിൽ സംഘടിപ്പിച്ച പൈതൃക-ടൂറിസം ഫോറം വൈവിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു. പ്രദേശത്തിന്റെ സാംസ്കാരികപൈതൃകവും പ്രകൃതിമനോഹാരിതയും പ്രദർശിപ്പിച്ച് ശീതകാല ടൂറിസത്തെ ശക്തിപ്പെടുത്തുകയാണ് ഫോറത്തിന്റെ ലക്ഷ്യം. സലാലയിൽ നിന്നെത്തിയ ടൂറിസ്റ്റ് സംഘങ്ങൾക്ക് സ്വീകരണമൊരുക്കിയാണ് പൈതൃക-ടൂറിസം ഫോറത്തിൽ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് പരമ്പരാഗത കലാപരിപാടികളും സാഹസികപ്രേമികളെ ആകർഷിച്ച ‘സാൻഡ് ചാലഞ്ച്’ മത്സരവും നിറഞ്ഞ പങ്കാളിത്തത്തിൽ അരങ്ങേറി.
മരുഭൂമിപ്രദേശങ്ങളിലെ ആഭ്യന്തര ടൂറിസത്തെ പ്രോൽസാഹിപ്പിക്കാനും റബ്ഉൽ ഖാലിയുടെ സവിശേഷതകൾ ഉയർത്തിക്കാട്ടാനും ഉദ്ദേശിച്ചാണ് ഫോറം സംഘടിപ്പിച്ചത്. മേഖലയുടെ വികസനത്തിനായി 170 കിലോമീറ്റർ നീളമുള്ള റോഡുകൾ നിർമിക്കുന്ന പദ്ധതികൾ പുരോഗമിക്കുകയാണെന്ന് മഖ്ഷൻ ഡെപ്യൂട്ടി വാലി മുഹമ്മദ് ബിൻ ആമിർ ജദാദ് പറഞ്ഞു. ഇത് പ്രദേശത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചക്കും ടൂറിസത്തിനും വഴിതുറക്കും. യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽനിന്ന് മഖ്ഷനിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടായതായി ടൂറിസം പ്രമോഷൻ ഡയറക്ടർ മർവാൻ അൽ ഗസ്സാനി പറഞ്ഞു.
ഫോറത്തിന്റെ ഭാഗമായി അൽ-മഷാശ് ഖുറാൻ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനവും നാടൻ കലാരൂപങ്ങളും വിദ്യാർഥികളുടെ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയ പ്രദർശനവും നടന്നു. രണ്ടുദിവസത്തെ ‘സാൻഡ് ചാലഞ്ച്’ മത്സരങ്ങൾ, കലാപരിപാടികൾ, കവിതാ നിശ തുടങ്ങിയവ ബദൂയിൻ സംസ്കാരത്തിന്റെ നേർകാഴ്ചയായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
