image

7 Jun 2023 6:58 AM GMT

Events

തന്ത്രപരമായ വാണിജ്യ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ഇന്ത്യയും യുഎസും

MyFin Desk

india and us begin strategic trade talks
X

Summary

  • ചര്‍ച്ചകള്‍ തുടങ്ങിയത് പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായി
  • മോദി- ബൈഡന്‍ ചർച്ചകളില്‍ ആകാംക്ഷയോടെ നയതന്ത്ര വിദഗ്ധര്‍
  • വളരുന്ന സാങ്കേതിക വിദ്യകളിലെ സഹകരണം ശക്തിപ്പെടുത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് മുന്നോടിയായി, ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപ്രധാനമായ വാണിജ്യ ചര്‍ച്ചകള്‍ക്ക് വാഷിംഗ്‍ടണില്‍ തുടക്കമായി. കയറ്റുമതി നിയന്ത്രണ സംവിധാനങ്ങളില്‍ ഇരുരാഷ്ട്രങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന ബഹുതല സഹകരണം സംബന്ധിച്ച് ഇന്ത്യയിലെയും യുഎസിലെയും ഉദ്യോഗസ്ഥര്‍ അവലോകനം നടത്തി. ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്ന തരത്തിലുള്ള സമ്പ്രദായങ്ങള്‍ പിന്തുടരുന്നതിനാണ് ധാരണം.

ഇന്ത്യ-യുഎസ് സ്ട്രാറ്റജിക് ട്രേഡ് ഡയലോഗ് (ഐയുഎസ്എസ്‍ടിഡി) ഉദ്ഘാടന ചടങ്ങിൽ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്രയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ പ്രതിനിധി സംഘം എത്തിയത്. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സിലെ ഇൻഡസ്ട്രി ആൻഡ് സെക്യൂരിറ്റി അണ്ടർ സെക്രട്ടറി അലൻ എസ്‍റ്റെവസും യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റിലെ പൊളിറ്റിക്കൽ അഫയേഴ്‌സ് അംബാസഡർ വിക്ടോറിയ നൂലാൻഡും ചേർന്നാണ് യുഎസ് പ്രതിനിധി സംഘത്തെ നയിച്ചത്.

നിര്‍ണായകവും വികാസം പ്രാപിക്കുന്നതുമായ സാങ്കേതിക വിദ്യകളില്‍ ഇന്ത്യക്കും യുഎസിനും ഇടയിലുള്ള തന്ത്രപരമായ സഹകരണവും വ്യാപാര സഹകരണവും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു പ്രധാന സജ്ജീകരണമാണ് ഈ സംഭാഷണ പരമ്പര.

ജോബൈഡന്‍ യുഎസ് പ്രസിഡന്‍റായതിനു ശേഷം അദ്ദേഹത്തിന്‍റെ ക്ഷണപ്രകാരം ആദ്യമായാണ് നരേന്ദ്രമോദി യുഎസില്‍ എത്തുന്നത്. ജൂൺ 21 മുതൽ 24 വരെയാണ് മോദി യുഎസ് സന്ദർശിക്കുന്നത്. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ച് നരേന്ദ്ര മോദി സംസാരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ബൈഡന്‍റെ ക്ഷണം സ്വീകരിച്ചുള്ള മോദിയുടെ വരവും ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ചര്‍ച്ചകളും ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് വാണിജ്യ, നയതന്ത്ര മേഖലയിലെ വിദഗ്ധര്‍.

അർദ്ധചാലകങ്ങൾ, ബഹിരാകാശ ഉദ്യമങ്ങള്‍, ടെലികോം, ക്വാണ്ടം, നിര്‍മിത ബുദ്ധി, പ്രതിരോധം, ബയോ-ടെക് തുടങ്ങിയ നിർണായക മേഖലകളിലെ സാങ്കേതികവിദ്യകളുടെ വികസനവും വ്യാപാരവും സുഗമമാക്കുന്നതിന് ഇരു സർക്കാരുകൾക്കും മുന്നിലുള്ള സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട ചര്‍ച്ചകളെന്ന് ഇന്ത്യൻ എംബസിയുടെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തന്ത്രപരമായ സാങ്കേതികവിദ്യകൾക്കായിശക്തമായ വിതരണ ശൃംഖലകൾ നിർമ്മിക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, പ്രസക്തമായ ഉഭയകക്ഷി കയറ്റുമതി നിയന്ത്രണ ചട്ടങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്തു.

ശില്‍പ്പശാലകളിലൂടെയും മറ്റ് പ്രവർത്തനങ്ങളിലൂടെയും കയറ്റുമതി നിയന്ത്രണ വ്യവസ്ഥകളെ കുറിച്ച് വ്യവസായ സമൂഹം, അക്കാദമികൾ, മറ്റ് പങ്കാളികൾ എന്നിവർക്കിടയിൽ അവബോധം വർദ്ധിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചു. നിർണ്ണായക സാങ്കേതികവിദ്യകളിൽ യോജിച്ചുള്ള ഉല്‍പ്പാദനവും വികസനവും മെച്ചപ്പെടുത്തിയ വ്യാവസായിക സഹകരണവും സാധ്യമാക്കുന്നതിന് ചര്‍ച്ച സഹായകമാകുമെന്ന് ഇരു രാഷ്ട്രങ്ങളും പ്രതീക്ഷിക്കുന്നതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഹൈ-ടെക് വ്യാപാര-സാങ്കേതിക വിദ്യാ പങ്കാളിത്തത്തിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിന് ഒരു നിരന്തര നിരീക്ഷണ സമിതി രൂപീകരിക്കാനും ധാരണയായിട്ടുണ്ട്.