28 Nov 2025 5:04 PM IST
അഞ്ചാമത് പ്രവാസ മുദ്ര പുരസ്കാരം എഴുത്തുകാരൻ ഡോ. പോൾ സക്കറിയക്ക് സമ്മാനിച്ചു
MyFin Desk
Summary
സൗദി മലയാളി സമാജമാണ് പുരസ്കാരം ഏർപ്പെടുത്തിരിക്കുന്നത്
ദമ്മാം: പ്രവാസത്തെ അടയാളപ്പെടുത്തുന്ന സാഹിത്യ കലാപ്രവർത്തനങ്ങൾക്ക് സൗദി മലയാളി സമാജം സമ്മാനിക്കുന്ന അഞ്ചാമത് പ്രവാസ മുദ്ര പുരസ്കാരം പ്രശസ്ത എഴുത്തുകാരൻ ഡോ. പോൾ സക്കറിയക്ക് സമ്മാനിച്ചു. ദമ്മാമിൽ നടന്ന സൗദി മലയാളി ലിറ്റററി
ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിൽ പ്രശസ്ത സാഹിത്യകാരൻ പെരുമാൾ മുരുകനാണ് അവാർഡ് സമ്മാനിച്ചത്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.എഴുത്തുകാരായ ജമാൽ കൊച്ചങ്ങാടി, ടി.പി. സെയ്തലവി, നദീം നൗഷാദ് എന്നിവരടങ്ങുന്ന ജൂറിയാണ് പോൾ സക്കറിയയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. 18 വർഷം മുമ്പ് സൗദി സന്ദർശിച്ച് അദ്ദേഹമെഴുതിയ ‘നബിയുടെ നാട്ടിൽ’ എന്ന പുസ്തകവും പ്രവാസത്തിന്റെ നേർക്കാഴ്ചകൾ പകർത്തിയ യാത്രാവിവരണ ഗ്രന്ഥങ്ങളും പരിഗണിച്ചാണ് സക്കറിയക്ക് അവാർഡ് സമ്മാനിച്ചത്. രണ്ട് വർഷം കൂടുമ്പോഴാണ് പ്രവാസ മുദ്ര പുരസ്കാരം നൽകി വരുന്നത് .
രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് താൻ കണ്ട സൗദിയെക്കുറിച്ച് പ്രവചിച്ച വാക്കുകളുടെ യാഥാർഥ്യം കണ്ട് താൻ വിസ്മയിച്ച് നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.പുതിയ കാലത്തിന്റെ മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കുകയും അത് ഉപയോഗപ്പെടുത്തുകയും ചെയ്യാൻ ഈ രാജ്യത്തിന് കഴിഞ്ഞിരിക്കുന്നു. സൗദിയുടെ ഉള്ളറകളിലുടെ താൻ നടത്തിയ യാത്രയുടെ നിറവുകളാണ് നബിയുടെ നാട്ടിൽ എന്ന പുസ്തകം. അത് ഇതേ മണ്ണിലെ സാഹിത്യ കൂട്ടായ്മയിലുടെ പുരസ്കൃതമാകുന്ന സന്തോഷം ഏറെയുണ്ടെന്നും അവാർഡ് സ്വീകരിച്ചുകൊണ്ട് ഡോ. പോൾ സക്കറിയ പറഞ്ഞു.
ചടങ്ങിൽ സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു സ്വാഗതം ആശംസിച്ചു. പെരുമാൾ മുരുകൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാലിക് മഖ്ബൂൽ അവാർഡ് പരിചയപ്പെടുത്തി.എഴുത്തുകാരായ രാജശ്രീ, അഖിൽ ധർമജൻ, റഹ്മാൻ കിടങ്ങയം, ഷെമി, സജി മാർക്കോസ്, ജലീലിയോ, സിമി സീതി, ഫെബിന സമാൻ എന്നിവർ പ്രസംഗിച്ചു. ഓർഗനൈസിങ് സെക്രട്ടറി ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
