image

31 July 2023 5:39 PM GMT

More

ഓണകിറ്റും വേണ്ട, ഓണഅഡ്വാൻസും വേണ്ട

Jayaprakash K

no onam Kit, no onam advance
X

Summary

റേഷൻ സാധനങ്ങൾ 50 ശതമാനവും കരിംഞ്ചന്തയിൽ 42 ശതമാനം ജനങ്ങളും ദാരിദ്രരേഖക്ക് താഴെ സൗജന്യങ്ങൾ ഖജനാവ് ചോർത്തുന്നു


കേരളം നന്നാകാനുള്ള ഒരു ലക്ഷണവും കാണുന്നില്ല. ഖജനാവിൽ പല്ലിയും ,പാറ്റയും പറന്നുനടക്കുമ്പോഴും സർക്കാർ തങ്ങളുടെ ജീവനക്കാരേയും , പെൻഷൻകാരേയും കടം മേടിച്ചാണെങ്കിലും ഓണം ഊട്ടും എന്ന വാശിയിലാണ്. അതിനായി 2000 കോടി കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് അംഗീകരിച്ചു. അങ്ങനെ പതിവുപോലെ ഓണം ആഘോഷിക്കാൻ സർക്കാർ ജീവനക്കാർക്കു ഉത്സവബത്തയും, ബോണസും , അഡ്വാൻസും, പെൻഷൻകാർക്ക് ബത്തയും ലഭിക്കും.. ഇത് കൂടാതെ ഇവർക്ക് അതാതു മാസത്തെ ശമ്പളവും, പെൻഷനും കൂടി ലഭിക്കുമ്പോൾ അവരുടെ കയ്യ്കളിൽ പണം വന്നു നിറയും. . അങ്ങനെ അവർ ഓണം അടിച്ചുപൊളിക്കും. ഒരവശത്തു ജനസംഖ്യയുടെ വെറും 10 ശതമാനം മാത്രം വരുന്ന ഒരു ചെറു വിഭാഗം,സർക്കാർ വരുമാനത്തിന്റെ 70 ശതമാനത്തിലേറെ അനുഭവിക്കുന്നവർ,അർമാദിക്കുമ്പോൾ മറുവശത്തു ജീവനക്കാർക്കും , പെൻഷൻകാർക്കും വാരിക്കോരി കൊടുക്കുന്നതിന്റെ കയ്പുനീർ കുടിക്കുന്ന കേരളത്തിലെ 90 ശതമാനം വരുന്ന ജനങ്ങളിൽ മഹാ ഭൂരിപക്ഷത്തിനും ഓണം ഒരു പേടി സ്വപ്നമായിരിക്കും.

ഉത്സവബത്തയും, ബോണസും, അഡ്വാൻസും ഒന്നും ജീവനക്കാരുടെ അവകാശമല്ല, സർക്കാരിന്റെ ഔദാര്യമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ നടുക്കടലിൽ അകപ്പെട്ടിരിക്കുന്ന സർക്കാരിനു , ഈ വർഷം ഈ ആനുകൂല്യങ്ങൾ നൽകാൻ കഴിയില്ലെന്ന് പറയണമായിരുന്നു. അതാണ് ഈ ഘട്ടത്തിൽ ഒരു സർക്കാർ ചെയ്യേണ്ടത്. ഇതൊന്നും കൊടുത്തില്ലെങ്കിലും, സാമാന്യം ഭേദപ്പെട്ട ശമ്പളവും, പെൻഷനും കിട്ടുന്ന ഇവർ ഓണാഘോഷത്തിന് ഒരു കുറവും വരുത്തത്തില്ല ..

സർക്കാരിന്റെ ഗതികേടുകൊണ്ട് ഓണസദ്യ ഒരുക്കാനുള്ള കിറ്റുകൾ അത് ലഭിക്കേണ്ടവർക്കായി മാത്രം പരിമിതപ്പെടുത്തി.സർക്കാർ ഗതികേടുകൊണ്ട് എടുത്ത ഈ നടപടി കേരളം രക്ഷപെടാനുള്ള നല്ല മാർഗങ്ങളിൽ ഒന്നാണ്.. സൗജന്യങ്ങൾ അർഹിക്കുന്നവർക്കു മാത്രം നൽകുക. ക്ഷേമസംസ്ഥാനം എന്ന് പറഞ്ഞാൽ ലുലു മുതലാളിയേയും , പറമ്പിൽ പണിയെടുക്കുന്നവനേയും ഒരേ ത്രാസിൽ തൂക്കുക എന്നല്ല.. . .

ഉദാഹരണത്തിന് നമ്മുടെ റേഷൻ മേഖല തന്നെ എടുക്കാം. സർക്കാരിനുവേണ്ടി നടത്തിയ പല പഠനങ്ങളും പറയുന്നത് 30 ശതമാനം മുതൽ 50 ശതമാനം വരെ റേഷൻ വിഭവങ്ങൾ പൊതുവിപണിയിൽ എത്തുന്ന എന്നാണ്.. ഇത് കാണിക്കുന്നത്, നല്ലൊരു വിഭാഗം കാർഡ് ഉടമകൾക്കും റേഷൻ ആവശ്യമില്ല എന്നാണ്. നാട്ടിലെ ആളൊഴിഞ്ഞ റേഷന്കടകളും , അവിടെ നടക്കുന്ന കരിഞ്ചന്തയും, (അതിന്റെ പ്രധന ഗുണഭോക്താക്കൾ അതിഥി തൊഴിലാളികളാണ് ) ഈ പഠനങ്ങളുടെ കണ്ടെത്തൽ ശരിവെക്കുന്നു. ഇത് കാണിക്കുന്നത് നല്ലൊരു വിഭാഗം കാർഡ് ഉടമകൾക്കും റേഷൻ ആവശ്യമില്ല എന്നാണ്. എന്നിട്ടും കേരളത്തിലെ ഏതാണ്ട് മൊത്തം ജനങ്ങൾക്കും പല അളവിലാണെങ്കിലും റേഷൻ ഭക്ഷ്യവസ്തുക്കൾ സർക്കാർ നൽകുന്നു. ഭക്ഷ്യ വസ്തുക്കൾ ഇങ്ങനെ സൗജന്യ നിരക്കിൽ നൽകുന്നതിന് സംസ്ഥാനം ഒരു വര്ഷം ചെലവാക്കുന്നത് 1000 കോടിയിൽ അധികം രൂപയാണ്. കേന്ദ്രം കേരളത്തിലെ ജനസംഖ്യയുടെ 25 ശതമാനം മതമേ ദരിദ്രരേഖക്ക് താഴെ പെടുത്തിയിരുന്നുള്ളുo പുതിയ റേഷൻ സമ്പ്രദായം ഒന്നാം പിണറായി സർക്കാർ ഏർപ്പെടുത്തിയപ്പോൾ ഇത് 42 ശതമാനമായി വലിച്ചുനീട്ടി. റേഷൻ അർഹതപ്പെട്ടവർക്ക് മാത്രമായി പരിമിതപ്പെടുത്തിയാൽ, സംസ്ഥാന ഖജനാവിന് നല്ലൊരു തുക ലാഭിക്കാം .

സർക്കാർ ആശുപതികളിലെ സേവനത്തിന്റെ കാര്യത്തിലെ ഈ നിലപാടെടുക്കണം. സൗജന്യ ചികിത്സ അർഹിക്കുന്നവർക്ക് അത് പൂർണമായും ശരിയായി നൽകണം. ബാക്കിയുള്ളവരുടെ കൈയിൽ നിന്ന് അവരുടെ സാമ്പത്തികസ്ഥിതിക്കനുസരിച്ചു പണം ഈടാക്കണം . സർക്കാർ സ്‌കൂളുകളിലും ഈ നയം നടപ്പാക്കണം.

വരുമാന സ്രോതസ്സുകൾ വരണ്ടു തുടങ്ങിയ കേരളത്തിന്, ഒഴുകിപ്പോകുന്ന ഫണ്ടുകൾ തടുത്തുനിറുത്തിയാലേ ഇന്നത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറാനാകു. അതിനു ശേഷം സംസ്ഥാനത്തിന്റെ വിഭവങ്ങൾ എങ്ങനെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം.

ഈ വെല്ലുവിളി ആര് ഏറ്റെടുക്കും എന്നതാണ് ശതകോടിയുടെ ചോദ്യം