27 Nov 2026 3:50 PM IST
Summary
പ്രൊഫൈലുകളില്‍ 'ഫൗണ്ടര്‍' എന്ന പദവി ചേര്‍ത്തവരുടെ എണ്ണത്തില്‍ 190 ശതമാനം വര്‍ധന
ജോലി നേടി സ്ഥിരവരുമാനം ഉറപ്പാക്കുക എന്ന പരമ്പരാഗത കരിയര്‍ സങ്കല്‍പ്പത്തില്‍ നിന്ന് മാറി സ്വന്തം ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നു. രാജ്യത്തെ 85% ഇന്ത്യക്കാരും സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ താല്പര്യമുള്ളവരാണെന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. യുവതലമുറയാണ് സംരംഭകത്വത്തിലേക്കുള്ള ഈ മാറ്റത്തിന് പ്രധാനമായും നേതൃത്വം നല്‍കുന്നത്.
സംരംഭകത്വ മോഹം
ലിങ്ക്ഡ്ഇന്‍ പുറത്തുവിട്ട Small Business Research 2026 റിപ്പോര്‍ട്ട് പ്രകാരം, സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ 85 ശതമാനം പേരും സ്വന്തമായി ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ആഗോളതലത്തില്‍ ഈ താല്പര്യം പ്രകടിപ്പിച്ചവരുടെ ശരാശരി 46 ശതമാനം മാത്രമാണ്. അതായത്, ആഗോള ശരാശരിയുടെ ഏതാണ്ട് ഇരട്ടിയോളം ഇന്ത്യക്കാര്‍ സംരംഭകത്വത്തെ കരിയര്‍ സാധ്യതയായി കാണുന്നു.
യുവതലമുറയിലാണ് ഈ പ്രവണത ഏറ്റവും ശക്തം. ജനറേഷന് ഇസഡ് വിഭാഗത്തില്‍ 94 ശതമാനം പേരും മില്ലേനിയല്‍ വിഭാഗത്തില്‍ 90 ശതമാനം പേരും സ്വന്തമായി ബിസിനസ് തുടങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം, ജനറേഷന് ഇസഡ് വിഭാഗത്തില്‍പ്പെട്ട 70 ശതമാനം പേര് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്വന്തം ബിസിനസോ സൈഡ് ഹസിലോ ആരംഭിക്കാന്‍ പദ്ധതിയിടുന്നുവെന്നതാണ്.
സ്ത്രീകളും പുരുഷന്മാരും തമ്മില്‍ സംരംഭകത്വ താല്പര്യത്തില് വലിയ വ്യത്യാസമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത 91 ശതമാനം സ്ത്രീകളും 94 ശതമാനം പുരുഷന്മാരും സ്വന്തമായി ബിസിനസ് ആരംഭിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു.
പ്രാധാന്യം 'ഫൗണ്ടര്‍' പദവിക്ക്
ലിങ്ക്ഡ്ഇന്‍ പ്ലാറ്റ്ഫോമിലെ കണക്കുകളും ഈ മാറ്റത്തിന് തെളിവാകുന്നുണ്ട്. 2022 മുതല്‍ പ്രൊഫൈലുകളില്‍ 'ഫൗണ്ടര്‍' എന്ന പദവി ചേര്‍ത്തവരുടെ എണ്ണത്തില്‍ 190 ശതമാനം വര്‍ധനയുണ്ടായി. ജനറേഷന് ഇസഡ് വിഭാഗത്തിലാണ് ഏറ്റവും വലിയ വളര്‍ച്ച. ഈ വിഭാഗത്തില്‍ 383 ശതമാനമാണ് വര്‍ധന. അതേസമയം, ലിങ്ക്ഡ്ഇനിലെ മൊത്തം ഫൗണ്ടര്‍മാരില്‍ 48 ശതമാനം വിഹിതവുമായി മില്ലേനിയലുകളാണ് മുന്നില്‍.
സോഷ്യല്‍ മീഡിയയും AIയും കരുത്ത്
സ്വന്തമായി ബിസിനസ് ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ കുറയ്ക്കുന്നതില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു കണ്ടെത്തല്‍. സര്‍വേയില്‍ പങ്കെടുത്ത 86 ശതമാനം ഇന്ത്യക്കാരും അഞ്ച് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഇന്ന് സംരംഭങ്ങള്‍ ആരംഭിക്കാന്‍ കൂടുതല്‍ അവസരങ്ങളുണ്ടെന്ന് വിശ്വസിക്കുന്നു.
74 ശതമാനം പേര് ഉപഭോക്താക്കളിലേക്ക് എത്താന്‍ സോഷ്യല്‍ മീഡിയ സഹായിക്കുന്നതായി അഭിപ്രായപ്പെട്ടു. 63 ശതമാനം പേര്‍ക്ക് ബിസിനസ് സംബന്ധമായ അറിവുകള്‍ ലഭിക്കുന്നത് ഇപ്പോള്‍ കൂടുതല്‍ എളുപ്പമാണ്. നെറ്റ്വര്‍ക്കിങ് പ്ലാറ്റ്ഫോമുകള് വഴി ഉപഭോക്താക്കളെയും ബിസിനസ് പങ്കാളികളെയും കണ്ടെത്താന്‍ സാധിക്കുന്നുവെന്ന് 42 ശതമാനം പേരും വ്യക്തമാക്കി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവും ചെറുകിട സംരംഭങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ തുറക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യന്‍ ചെറുകിട ബിസിനസ് ഉടമകളില്‍ 96 ശതമാനം പേരും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കായി എഐ ഉപയോഗിക്കുന്നുണ്ട്.
എഐയും ഡിജിറ്റല്‍ ടൂളുകളും വഴി മുമ്പ് നല്കാന് കഴിയാത്ത ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കാന്‍ സാധിച്ചുവെന്ന് 36 ശതമാനം പേര് അഭിപ്രായപ്പെട്ടു. ഈ സാങ്കേതികവിദ്യകള്‍ ഇല്ലായിരുന്നെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ നിക്ഷേപം ആവശ്യമായി വരുമായിരുന്നുവെന്ന് 23 ശതമാനം പേരും ചൂണ്ടിക്കാട്ടി.
ഒന്നിലധികം വരുമാന മാര്‍ഗങ്ങളിലേക്ക്
എഐയുടെ വളര്‍ച്ചയ്ക്കിടയിലും ബിസിനസ് വിജയത്തിന് വ്യക്തിബന്ധങ്ങള്‍ക്കും പ്രൊഫഷണല്‍ നെറ്റ്വര്‍ക്കുകള്‍ക്കും വലിയ പ്രാധാന്യമുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 88 ശതമാനം സംരംഭകരും എഐയുടെ ഉപയോഗം വര്‍ധിക്കുന്നതിന് അനുസരിച്ച് പ്രൊഫഷണല്‍ ബന്ധങ്ങളുടെ പ്രാധാന്യവും കൂടുമെന്ന് വിശ്വസിക്കുന്നു.
പ്രധാന ബിസിനസ് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ 41 ശതമാനം പേര് സ്വന്തം നെറ്റ്വര്‍ക്കുകളെയാണ് ആശ്രയിക്കുന്നത്. 39 ശതമാനം പേര് വിദഗ്ധരുടെ ഉപദേശം തേടുമ്പോള്‍ 38 ശതമാനം പേര് എഐ ടൂളുകളെ ആശ്രയിക്കുന്നു.
ഓണ്‍ലൈന്‍ സാന്നിധ്യവും വ്യക്തിഗത ബ്രാന്‍ഡിങ്ങും സംരംഭകര്‍ക്ക് പ്രധാനമായി മാറുകയാണ്. 80 ശതമാനം സംരംഭകരും ബിസിനസിന്റെ വിശ്വാസ്യതയും സ്വീകാര്യതയും വര്‍ധിപ്പിക്കാന്‍ കണ്ടന്റ് ക്രിയേഷനില്‍ ഏര്‍പ്പെടുന്നുണ്ട്. 88 ശതമാനം പേര് വ്യക്തിഗത ബ്രാന്‍ഡ് വികസിപ്പിക്കുന്നതിനും പ്രാധാന്യം നല്കുന്നു.
ഒരൊറ്റ സംരംഭത്തില്‍ മാത്രം ആശ്രയിക്കാതെ ഒന്നിലധികം വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്ന പ്രവണതയും ശക്തമാണ്. സര്‍വേയില്‍ പങ്കെടുത്ത ചെറുകിട ബിസിനസ് ഉടമകളില്‍ 75 ശതമാനം പേര്‍ക്കും ഒന്നിലധികം വരുമാന സ്രോതസ്സുകളുണ്ട്.
സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരമാണ് 56 ശതമാനം പേര് സംരംഭകത്വം തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഉയര്‍ന്ന വരുമാന സാധ്യത 52 ശതമാനം പേരെയും കൂടുതല്‍ നിയന്ത്രണവും വഴക്കമുള്ള പ്രവര്‍ത്തനരീതിയും 49 ശതമാനം പേരെയും ആകര്‍ഷിക്കുന്നു. മറ്റുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ആഗ്രഹം 41 ശതമാനം പേരും പങ്കുവെച്ചു.
ആറ് രാജ്യങ്ങളിലായി 12,000 പേരില്‍ നടത്തിയ സര്‍വേയും 6,000 സംരംഭകരില്‍ നടത്തിയ പ്രത്യേക പഠനവുമാണ് റിപ്പോര്‍ട്ടിന് അടിസ്ഥാനം. പരമ്പരാഗത തൊഴില്‍ സങ്കല്പ്പങ്ങളില് നിന്ന് മാറി സ്വന്തം ആശയങ്ങളെ ബിസിനസാക്കി മാറ്റാനുള്ള ഇന്ത്യക്കാരുടെ താല്പര്യം ശക്തമാകുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
